കൂപ്പുകുത്തി അദാനി ; സമ്പാദ്യം 
2.37 ലക്ഷം കോടിരൂപ ഇടിഞ്ഞു

കൊച്ചി/മുംബൈ : ഓഹരിവില പെരുപ്പിച്ചുകാട്ടി നിക്ഷേപകരെ വഞ്ചിച്ചെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ഓഹരിവിപണിയില്‍  കൂപ്പുകുത്തി അദാനി ​ഗ്രൂപ്പ്. നിക്ഷേപകര്‍ കൂട്ടത്തോടെ കൈയൊഴിഞ്ഞതോടെ രണ്ടുദിവസംകൊണ്ട് അദാനി ​ഗ്രൂപ്പ് ഓഹരികള്‍ക്ക് വിപണിമൂല്യത്തില്‍ നാലുലക്ഷം കോടിയോളം രൂപ നഷ്ടം. ഗൗതം അദാനിയുടെ സമ്പാദ്യം 2.37 ലക്ഷം കോടിരൂപ ഇടിഞ്ഞു. ഇതോടെ ലോകത്തെ അതിസമ്പന്നരുടെ ഫോര്‍ബ്സ് പട്ടികയില്‍ രണ്ടാമനായിരുന്ന ഗൗതം അദാനി ഏഴാം സ്ഥാനത്തേക്ക്‌ പതിച്ചു.

രണ്ടുവര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ അമേരിക്കന്‍ ധന ​ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍​ഗ് പുറത്തുവിട്ട 106 പേജുള്ള റിപ്പോര്‍ട്ട് അദാനി ​ഗ്രൂപ്പിനുമേലുള്ള മിന്നലാക്രമണമായി മാറി. വിപണിയില്‍നിന്ന്‌ 20,000 കോടി രൂപ അധിക സമാഹരണം ലക്ഷ്യമിട്ട് അദാനി ​ഗ്രൂപ്പ് വെള്ളിയാഴ്ചമുതല്‍ പ്രഖ്യാപിച്ച പ്രത്യേക ഓഹരിവിറ്റഴിക്കലിനെയും (എഫ്പിഒ) ഇത്‌ ബാധിച്ചു. അദാനി ഗ്രൂപ്പിന്റെ വിപണിയിലുള്ള ഏഴു കമ്പനിയുടെയും ആകെ മൂല്യത്തില്‍ 4.17 ലക്ഷം കോടി രൂപയുടെ കുറവാണ് രണ്ടുദിവസത്തിനിടെ നേരിട്ടത്. എല്ലാ ഓഹരികളിലും കനത്ത ഇടിവുണ്ടായി.

അമേരിക്കന്‍ കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദാനി ​ഗ്രൂപ്പ് വാര്‍ത്താക്കുറിപ്പ് ഇറക്കിയെങ്കിലും ഫലമുണ്ടായില്ല. റിപ്പോർട്ടിൽ ഉറച്ചുനിൽക്കുന്നതായി  ഹിൻഡൻബർഗ് പ്രതികരിച്ചത് നഷ്ടത്തിന്റെ ആഘാതം കൂട്ടി.

അദാനി ടോട്ടല്‍ ​ഗ്യാസിന്റെയും ​ഗ്രീന്‍ എനര്‍ജിയുടെയും ഓഹരിവില 20 ശതമാനം ഇടിഞ്ഞു. 732 രൂപയാണ് ടോട്ടല്‍ ​ഗ്യാസിന്റെ ഒരു ഓഹരിയിൽ നഷ്ടമായത്. ഗ്രീന്‍ എനര്‍ജി വില 371.55 രൂപ കുറഞ്ഞു. അദാനി ട്രാന്‍സ്മിഷന് 19.99 ശതമാനവും (502.05 രൂപ) അദാനി എന്റര്‍ പ്രൈസസിന് 18.52 ശതമാനവും (627.50 രൂപ) നഷ്ടമുണ്ടായി. അദാനി പോര്‍ട്ട്‌സ്‌ 16.29 ശതമാനവും പവര്‍ 13.05 ശതമാനവും അദാനിയുടെ ഉടമസ്ഥതയിലുള്ള സിമന്റ് കമ്പനിയായ എസിസി 13.20 ശതമാനവും അംബുജ സിമന്റ് 17.33 ശതമാനവും നഷ്ടത്തിലായി.

നഷ്ടം പൊതുമേഖലയ്ക്ക്
അദാനിക്കുണ്ടാകുന്ന തിരിച്ചടി നേരിട്ട്‌ ബാധിക്കുന്നത് രാജ്യത്തിന്റെ കാതലായ പൊതുമേഖലാ സ്ഥാപനങ്ങളെയും അതുവഴി കോടിക്കണക്കിന് ഇന്ത്യന്‍ പൗരന്മാരെയും. എല്‍ഐസിയുടെ 74,000 കോടി രൂപ അദാനി ​ഗ്രൂപ്പിന്റെ വിവിധ ഓഹരികളിലാണ് കേന്ദ്രനിര്‍ദേശപ്രകാരം നിക്ഷേപിച്ചിട്ടുള്ളത്. സ്വകാര്യ ബാങ്കുകളേക്കാൾ ഇരട്ടി വായ്പയാണ് പൊതുമേഖലാ ബാങ്കുകള്‍ അ​ദാനി ​ഗ്രൂപ്പിന് നൽകിയിട്ടുള്ളത്. ഈ വായ്പയുടെ 40 ശതമാനവും എസ്ബിഐയാണ് നല്‍കിയിരിക്കുന്നത്.

ഓഹരിയില്‍ തകര്‍ച്ച
ഇന്ത്യൻ ഓഹരിവിപണിയിലും തുടർച്ചയായ രണ്ടാം ദിവസവും വൻ തകർച്ച. ആഴ്ചയിലെ അവസാന വ്യാപാരദിനം ബിഎസ്ഇ സെന്‍സെക്സ് -1.45 ശതമാനവും എന്‍എസ്ഇ നിഫ്റ്റി 1.61 ശതമാനവും നഷ്ടം രേഖപ്പെടുത്തി. കനത്ത വില്‍പ്പനസമ്മര്‍ദത്തില്‍ സെന്‍സെക്സ് ഒരുവേള 1160 പോയിന്റ് (1.93 ശതമാനം) ഇടിഞ്ഞ്‌ 59,045ലേക്കും നിഫ്റ്റി 375 പോയിന്റ് (2.1 ശതമാനം) വീണ്‌ 17,517ലേക്കും താഴ്ന്നു. രണ്ടുദിവസംകൊണ്ട് 12 ലക്ഷം കോടിയോളം രൂപയാണ് നിക്ഷേപകര്‍ക്ക് നഷ്ടമായത്.  കേന്ദ്ര ബജറ്റ്‌ വരാനിരിക്കെ നിക്ഷേപകര്‍ കരുതലോടെ നീങ്ങിയതും ഹിൻഡൻബർ​ഗ് റിപ്പോര്‍ട്ടും തകര്‍ച്ചയ്ക്ക് കാരണമായി.

റിപ്പോര്‍ട്ടില്‍ ഉറച്ച് 
ഹിന്‍ഡന്‍ബര്‍​ഗ്
2017ല്‍ ന്യൂയോര്‍ക്കില്‍ സ്ഥാപിതമായ ധന ​ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍​ഗ് ഈ രം​ഗത്തെ വിശ്വാസ്യതയുള്ള സ്ഥാപനമാണ്. അദാനി ഗ്രൂപ്പിന്റെ മുൻ എക്സിക്യൂട്ടീവുകളോട്‌ ഉൾപ്പെടെ ആശയവിനിമയം നടത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അദാനിഗ്രൂപ്പ്​  ഓഹരികൾ പണയംവച്ച് വൻതോതിൽ കടം വാങ്ങിയെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. 85 ശതമാനംവരെ ഓഹരിവില പെരുപ്പിച്ചുകാട്ടി. റിപ്പോർട്ട് പുറത്തുവിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും അദാനി ​ഗ്രൂപ്പ് യുക്തിസഹമായ മറുപടി നൽകിയിട്ടില്ല.