കൂട്ടിക്കല്‍: അവര്‍ മണ്ണിലേയ്ക്കു മടങ്ങി.ഉരുള്‍പൊട്ടലില്‍ മരിച്ച ഒരു കുടുംബത്തിലെ ആറു പേരുടെയും മൃതദേഹങ്ങള്‍ സംസ്കാരത്തിനായി എത്തിച്ചു. കൂട്ടിക്കല്‍ കാവാലി ഒട്ടലാങ്കല്‍ മാര്‍ട്ടിന്‍(48), അമ്മ ക്ലാരമ്മ(65), ഭാര്യ സിനി മാര്‍ട്ടിന്‍(45), മക്കളായ സ്‌നേഹ മാര്‍ട്ടിന്‍(14), സോന മാര്‍ട്ടിന്‍ (12), സാന്ദ്ര മാര്‍ട്ടിന്‍(10) എന്നിവരുടെ മൃതദേഹങ്ങളാണ് കാവാലി സെന്റ് മേരീസ് പള്ളിയില്‍ എത്തിച്ചത്. വീടിരുന്ന സ്ഥലത്ത് ഒന്നും അവശേഷിച്ചിട്ടില്ലാത്തതിനാല്‍ പള്ളിയില്‍ തന്നെയാണ് പൊതു ദര്‍ശനം.
അടുത്തടുത്ത കല്ലറകളിലാണ് ഒരു കുടുംബത്തിലെ മരിച്ച ആറ് പേര്‍ക്കും അന്ത്യ വിശ്രമം ഒരുക്കിയിരിക്കുന്നത്. മഴയെ അവഗണിച്ച് നിരവധി പേരാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്.
കാവാലി സെന്റ് മേരീസ് പള്ളിയില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി മന്ത്രി വി എന്‍ വാസവന്‍, മന്ത്രി കെ രാധാകൃഷ്ണന്‍ എന്നിവര്‍ അന്ത്യോപചാരമര്‍പ്പിച്ചു. എം എല്‍ എമാരായ സെബാസ്റ്റിയന്‍ കുളത്തുങ്കല്‍, വാഴൂര്‍ സോമന്‍, അഡ്വ മോന്‍സ് ജോസഫ്, ജില്ലാ കളക്ടര്‍ ഡോ പി കെ ജയശ്രീ, ജില്ലാ പൊലീസ് മേധാവി ഡി ശില്പ, എ ഡി എം ജിനു പുന്നൂസ് എന്നിവരും അന്ത്യോപചാരം അര്‍പ്പിച്ചു.
നിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ മണ്ണിടിച്ചിലിലാണ് മാര്‍ട്ടിന്റെ കുടുംബം ഒന്നാകെ അകപ്പെട്ടു പോയത്. ശനിയാഴ്ച തന്നെ ക്ലാരമ്മ, സിനി, സോന എന്നിവരുടെ മൃതദേഹങ്ങള്‍ ലഭിച്ചു. ഇന്നലെയാണ് മാര്‍ട്ടിന്‍, സ്നേഹ, സാന്ദ്ര എന്നിവരുടെ മൃതദേഹങ്ങള്‍ ലഭിച്ചത്.
തുടര്‍ന്ന് ഒരുമിച്ച് സംസ്കാരം നടത്താന്‍ നിശ്ചയിക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹങ്ങള്‍ 12:30 ന് പള്ളിയില്‍ എത്തിക്കുകയായിരുന്നു. 2 കല്ലറകളിലായി സംസ്കാരം നടന്നു.