കൊച്ചി : കേരളത്തിൽ അസംഘടിത വിഭാഗം തൊഴിലാളികളുടെ ആശാകേന്ദ്രമായിരുന്ന തൊഴിലാളി ക്ഷേമനിധി ബോർഡുകൾ എല്ലാം കടുത്ത സാമ്പത്തിക ബാധ്യതയാൽ തകർച്ചയുടെ വക്കിലാണ്. നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിൽ 2021 മുതൽ നൽകിയ പെൻഷൻ അപേക്ഷകൾ ഒന്നും തന്നെ നാളിതുവരെ കൊടുക്കാൻ കഴിഞ്ഞിട്ടില്ലെന്ന് മാത്രമല്ല ആറുമാസമായി പെൻഷൻ ലഭിക്കാതെ തൊഴിലാളികൾ പൂർണമായും പട്ടിണിയിലാണ്. വിവാഹ പ്രസവ ധനസഹായങ്ങൾ വർഷങ്ങളായി മുടങ്ങിക്കിടക്കുന്നു. തയ്യൽ തൊഴിലാളി ക്ഷേമനിധിയിൽ നിന്നും ലഭിച്ചുകൊണ്ടിരുന്ന കുടുംബ പെൻഷനും അപകട ധനസഹായവും പൂർണമായി നിർത്തിയിരിക്കുന്നു. സാമൂഹിക സുരക്ഷാ പെൻഷൻ പ്രതിസന്ധിയുടെ തുരുത്തിലാണ്.
മസ്റ്ററിങ്ങിന്റെ പേര് പറഞ്ഞ് നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിൽ മാത്രം അർഹതപ്പെട്ട 55,000 ത്തോളം പെൻഷൻകാർക്ക് പ്രതിമാസ പെൻഷൻ നിഷേധിച്ചിട്ട് വർഷങ്ങളായി ഇടതുപക്ഷത്തിന് തുടർഭരണം കിട്ടിയതിന്റെ പ്രത്യാഘാതം തൊഴിലാളികൾ ഇന്നും അനുഭവിക്കുകയാണെന്ന് കേരള കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റി പറഞ്ഞു. കെ കെ എൻ ടി സി യുടെ ജില്ലാ സംസ്ഥാന നിർവാഹക സമിതിയിൽ തൊഴിലാളി ക്ഷേമനിധികളുടെ പ്രവർത്തനമാന്ദ്യത്തെക്കുറിച്ചു ള്ള ചർച്ചയിലാണ് ഈ പ്രശ്നം ഉന്നയിക്കപ്പെട്ടത്.
അടിയന്തരമായി മുഖ്യമന്ത്രിയുടെ ശ്രദ്ധ ഈ കാര്യത്തിൽ ഉണ്ടായില്ലെങ്കിൽ ലക്ഷക്കണക്കിന് തൊഴിലാളികളുടെ സ്വപ്നങ്ങൾ തകർന്നടിയുമെന്നും അതിനാൽ സർക്കാരിന്റെ മുമ്പിൽ “ഉണർത്തുപാട്ട് ” സമരം അടിയന്തരമായി നടത്തുവാൻ കെ കെ എൻ ടി സി തീരുമാനിച്ചു. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് തമ്പി കണ്ണാടൻ അധ്യക്ഷത വഹിച്ചു.എൻ എൽ മൈക്കിൾ, ജോസ് കപ്പിത്താൻ പറമ്പിൽ, സലോമി ജോസഫ്, സാംസൺ അറക്കൽ, ജെസ്സി ഡേവിസ്,എം എം രാജു, കെ എം. ജോർജ്, കെ കെ കുമാരൻ, കുന്നുകര വർഗീസ് തുടങ്ങിയവർ സംസാരിച്ചു.