ലക്‌നൗ: പ്രതിക്ഷേധക്കാര്‍ക്കിടയിലേയ്ക്ക് മനപ്പൂര്‍വ്വം വാഹനം ഓടിച്ചു കയറ്റി , ആശിഷ് മിശ്ര റിമാന്‍ഡില്‍. ലഖിംപൂര്‍ കൂട്ടക്കൊലക്കേസില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെ രണ്ട് ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ടു. ആശിഷ് മിശ്ര ലഖിംപൂര്‍ ജില്ലാ ജയിലില്‍ റിമാന്റില്‍ കഴിയും. റിമാന്‍ഡ് കാലാവധി അവസാനിക്കുമ്ബോള്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് അപേക്ഷ നല്‍കും.
ആശിഷ് മിശ്ര ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് ഉത്തര്‍പ്രദേശ് പൊലീസ് പറഞ്ഞു.12 മണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷം ഇന്നലെ രാത്രിയാണ് ആശിഷ് മിശ്രയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ലഖിംപുര്‍ ഖേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. ശനിയാഴ്ച രാവിലെ 10.40-ഓടെയാണ് ആശിഷ് ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിയത്.
മൊഴികളിലെ വൈരുദ്ധ്യമാണ് ആശിഷിനെ കുടുക്കിയത്. സംഘര്‍ഷ സമയത്ത് താന്‍ സ്ഥലത്ത് ഇല്ലായിരുന്നുവെന്നും, ഒരു ഗുസ്തിമത്സരത്തിന് സംഘാടകനായി പോയിരിക്കുകയായിരുന്നു എന്നായിരുന്നു ആശിഷ് മിശ്ര അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ റിപ്പോര്‍ട്ടാണ് വാദം പൊളിച്ചത്.
സംഭവ സമയത്ത് ആശിഷ് ലഖിംപൂരില്‍ തന്നെ ഉണ്ടായിരുന്നുവെന്നാണ് ടവര്‍ ലൊക്കേഷന്‍ റിപ്പോര്‍ട്ട്. ഈ മാസം മൂന്നിനാണ് ലഖിംപുര്‍ സംഘര്‍ഷം നടന്നത്. കൊലപാതകം, കലാപമുണ്ടാക്കല്‍ തുടങ്ങി എട്ടു വകുപ്പുകളാണ് ആശിഷ് മിശ്രയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.
