മതില്‍ നിര്‍മ്മിക്കുന്നതിനിടെ മണ്ണിടിച്ചില്‍; ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരിക്ക്

കോഴിക്കോട്: മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നയിടത്ത് സുരക്ഷയ്‌ക്കായി മൂന്ന് വീടുകളോട് ചേര്‍ന്ന് മതില്‍ നിര്‍മ്മിക്കുന്നതിനിടെ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു. കോഴിക്കോട് പെരുമണ്ണയിലാണ് സംഭവം. കൊളാത്തടി മേത്തിലില്‍ വീടിന്റെ മതില്‍ പണിക്കിടെ മണ്ണിടിഞ്ഞ് പാലാഴി സ്വദേശി ബൈജു(48) ആണ് മരണമടഞ്ഞത്. ഇയാളുടെ ഒപ്പം അപകടത്തില്‍പെട്ട മൂന്നുപേരെ പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. പൈപ്പ് പൊട്ടലുണ്ടായതും കഴിഞ്ഞ ദിവസങ്ങളിലെ മഴയെ തുടര്‍ന്നും മണ്ണ് കുതിര്‍ന്ന് സ്ഥലത്ത് മണ്ണിടിച്ചില്‍ ഭീഷണിയുണ്ടായിരുന്നു, തുടര്‍ന്ന് സുരക്ഷയ്‌ക്കായി മൂന്ന് വീടുകളോട് ചേര്‍ന്ന് മതില്‍ പണിയുന്നതിനിടെയാണ് ദുരന്തമുണ്ടായത്.

മണ്ണിടിച്ചില്‍ ഉണ്ടാകാതിരിക്കാന്‍ കമ്ബിയിട്ട് അടിഭാഗം ഉയര്‍ത്തി പണിയാന്‍ അല്‍പം മണ്ണ് നീക്കിയതോടെയാണ് അപകടമുണ്ടായത്. പണിചെയ്യുന്നവരുടെ മേലേക്ക് മണ്ണ് വീഴുകയായിരുന്നു. അപകട ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞാണ് ഉള‌ളില്‍പെട്ട ബൈജുവിനെ പുറത്തെടുക്കാനായത്. ഗ്രാമത്തിലെ ഉള്‍പ്രദേശമായതിനാല്‍ രക്ഷാസേനയ്‌ക്ക് എത്താന്‍ താമസമുണ്ടായി. ഏറെ ശ്രമിച്ചാണ് ബൈജുവിന്റെ ശരീരം പുറത്തെടുത്തത്. മറ്റുള‌ളവര്‍ക്ക് നിസാര പരിക്കേറ്റു. അപകടമുണ്ടായ മേഖലയിലുള‌ള വീട്ടുകാരോട് തുടര്‍ അപകടം ഒഴിവാക്കാന്‍ മാറിതാമസിക്കാന്‍ നിര്‍ദ്ദേശം നല്‍കി.