വിക്ഷേപണം വിജയകരം: ചരിത്രത്തിലെ ദൈര്‍ഘ്യമേറിയ 
അറബ് ബഹിരാകാശ ദൗത്യം ആരംഭിച്ചു

മനാമ : അറബ് ലോകത്തെ ദൈർഘ്യമേറിയ ബഹിരാകാശ ദൗത്യത്തിന്‌ സുൽത്താൻ അൽ നെയാദി ബഹിരാകാശത്തേക്ക് പുറപ്പെട്ടു. യുഎഇ സമയം വ്യാഴം രാവിലെ 9.34ന് (ഇന്ത്യൻ സമയം 11.04) ഡ്രാഗൺ ബഹിരാകാശപേടകത്തിൽ നാസയുടെ ക്രൂ-6 ദൗത്യത്തിലാണ് നെയാദി ഉൾപ്പെടെ നാലുപേർ കുതിച്ചുയർന്നത്. 24.5 മണിക്കൂറിനുശേഷം ഭൂമിയിൽനിന്ന് ഏകദേശം 420 കിലോമീറ്റർ അകലെയുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ വെള്ളി രാവിലെ പത്തോടെ എത്തും.

ഫ്‌ളോറിഡയിലെ കെന്നഡി സ്‌പെയ്‌സ് സെന്ററിൽനിന്ന്‌ സ്‌പെയ്‌സ് എക്‌സ് ഫാൽക്കൺ-9 റോക്കറ്റിലാണ് പേടകം വിക്ഷേപിച്ചത്. ബഹിരാകാശയാത്രികരെ വഹിച്ചിരുന്ന ഡ്രാഗണും ഫാൽക്കൺ9 റോക്കറ്റും വേർപിരിഞ്ഞതായി നാസ സ്ഥിരീകരിച്ചു. മണിക്കൂറിൽ 7500 കിലോമീറ്റർ വേഗത്തിലാണ് യാത്ര.