മാധ്യമപ്രവർത്തകനെ മർദ്ദിച്ചതിൽ നിയമനടപടി വേണം

KJU

‘വോക്ക് ജേർണൽ’ എന്ന ഓൺലൈൻ മാധ്യമസ്ഥാപനത്തിൽ വച്ച് മാധ്യമപ്രവർത്തകൻ മർദ്ദിക്കപ്പെട്ട സംഭവത്തിൽ നിയമനടപടി വേണമെന്ന് കേരള ജേണലിസ്റ്റ്സ് യൂണിയൻ എറണാകുളം ജില്ലാനേതൃത്വം ആവശ്യപ്പെട്ടു.

ഫയാസ് എന്ന മാധ്യമപ്രവർത്തകനെ ജോലിസ്ഥലത്തുവച്ച് അക്രമിച്ചയാളെ അറസ്റ്റു ചെയ്യുകയും അതിനവസരമൊരുക്കിയ മാനേജ്മെൻ്റിനെതിരെ നിയമനടപടി സ്വീകരിക്കുകയും വേണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പുമന്ത്രിക്കും ഡി.ജി.പി.ക്കും എറണാകുളം സിറ്റി പോലീസ് കമ്മീഷണർക്കും പരാതി നൽകിയതായി
ജില്ലാസെക്രട്ടറി പ്രവീണ്‍ ഈങ്ങമണ്ണ, പ്രസിഡണ്ട് കുറത്തിയാടന്‍ പ്രദീപ് എന്നിവർ അറിയിച്ചു.

പ്രസ്തുത സംഭവത്തിൽ മർദ്ദനമേറ്റ് എറണാകുളം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ മാദ്ധ്യമപ്രവർത്തകൻ മരട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും , പരാതി സ്വീകരിച്ച് കൈപ്പറ്റ് രസീത് നൽകാൻ പോലും തയ്യാറായില്ല എന്നതും ഗുരുതരമായി കാണണമെന്ന് നേതാക്കൾ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ലോകം ഒരു മഹാവിപത്തിനെ ചെറുത്ത് തോൽപ്പിക്കാൻ ശ്രമിക്കുമ്പോൾ അതിന്റെ ഫലപ്രാപ്തിക്കായി അഹോരാത്രം പണിപ്പെടുന്ന മാധ്യമ പ്രവർത്തകരുടെ പങ്ക് കാണാതെ പോകരുതെന്ന് പ്രസ്താവനയിൽ തുടരുന്നു.

മാധ്യമ പ്രവർത്തകരുടെ തൊഴിൽ സുരക്ഷ സംബന്ധിച്ച് സർക്കാർ നൽകിയ ഉറപ്പുകളെല്ലാം ജലരേഖകളായി മാറിയതാണ് നാളിതുവരെയുള്ള അനുഭവങ്ങൾ.