പാചകവാതക വിലവർധന മോദിയുടെ ‘സമ്മാനം’

വോട്ട്‌ പെട്ടിയിലായാൽ ഇന്ധനവില കൂട്ടുന്നത്‌ ഒരു രാഷ്ട്രീയ തീരുമാനമല്ലാതെ പിന്നെന്താണ്‌?  ഇന്ധന വിലനിർണയാവകാശത്തിൽ കേന്ദ്രസർക്കാരിന്‌ ഒരു പങ്കുമില്ലെന്ന്‌ വാദിക്കുന്ന മോദി സർക്കാർ പാചകവാതകത്തിന്‌ വില കൂട്ടിയത്‌ വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ ത്രിപുര, മേഘാലയ, നാഗാലാൻഡ്‌ എന്നിവിടങ്ങളിലെ നിയമസഭാ  തെരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിനു പിന്നാലെയാണ്‌. 14.2 കിലോഗ്രാമിന്റെ ഗാർഹിക സിലിണ്ടറിന്‌ 50 രൂപയും വാണിജ്യാവശ്യങ്ങൾക്കുള്ള 19 കിലോഗ്രാമിന്റെ സിലിണ്ടറിന്‌ 350.50 രൂപയും വർധിപ്പിച്ചത്‌ മാർച്ച്‌ ഒന്നിനുതന്നെ നിലവിൽ വന്നിരിക്കുകയാണ്‌. അടുത്തയാഴ്‌ച ഹോളി ആഘോഷിക്കുന്ന ജനങ്ങൾക്ക്‌ മോദി സർക്കാർ അറിഞ്ഞുനൽകിയ സമ്മാനമാണ്‌ ഈ വിലവർധന.

ഇതിനു മുമ്പ്‌ ഉത്തർപ്രദേശ്‌ നിയമസഭാ തെരഞ്ഞെടുപ്പ്‌ പൂർത്തിയായതിനു പിന്നാലെ കഴിഞ്ഞ വർഷം മാർച്ച്‌ 22ന്‌ പാചകവാതകത്തിന്റെയും പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിച്ചിരുന്നു. അന്ന്‌ വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 50 രൂപയാണ്‌ വർധിപ്പിച്ചത്‌. അതിനു പിന്നാലെ 2022 ജൂലൈയിലും 50 രൂപ കൂട്ടി. പുതിയ വർധനയോടെ ഗ്യാസ്‌ വില 1100നും മുകളിലേക്ക്‌ കുതിച്ചു. നരേന്ദ്രമോദി  അധികാരമേൽക്കുന്ന 2014ൽ ഗാർഹികാവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറിന്റെ വില 410 രൂപ മാത്രമായിരുന്നു എന്നോർക്കണം.

രാജ്യമൊട്ടുക്ക്‌ അവശ്യവസ്‌തുക്കളുടെ വൻ വിലവർധനയ്‌ക്കു കാരണമാക്കുന്ന ഈ തീരുമാനം ഈ രാജ്യത്തെ പാവപ്പെട്ട മനുഷ്യരോടുള്ള കേന്ദ്രസർക്കാർ സമീപനമെന്തെന്ന്‌ വ്യക്തമാക്കുന്നു. വളർച്ചനിരക്കിലെ ഇടിവും പണപ്പെരുപ്പവും ജനങ്ങളുടെ ജീവിതം അങ്ങേയറ്റം ദുരിതമയമാക്കിയിരിക്കുകയാണ്‌. 121 രാജ്യങ്ങൾ ഉൾക്കൊള്ളുന്ന പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്‌ഥാനം 107ആണ്‌. കോവിഡിനു മുമ്പേ തന്നെ രൂക്ഷമായ തൊഴിൽ നഷ്ടവും അടച്ചുപൂട്ടലും സങ്കീർണമായ തൊഴിലില്ലായ്‌മയുമെല്ലാം സമ്പദ്‌ഘടനയെ അങ്ങേയറ്റം ദുർബലമാക്കിയിരിക്കുന്നു.  അതിനെല്ലാം മീതെയാണ്‌ എൽപിജി വിലക്കയറ്റമെന്ന ഇരുട്ടടിയും.

എത്ര വില കൂടിയാലും പ്രശ്‌നമില്ല, എൽപിജി സബ്‌സിഡി ഓരോ ഉപയോക്താവിന്റെയും ബാങ്ക്‌ അക്കൗണ്ടിൽ എത്തുമെന്നായിരുന്നു മോദി സർക്കാർ വീമ്പുപറഞ്ഞിരുന്നത്‌. എന്നാൽ, സമീപകാലത്തെ ഏറ്റവും വലിയ ജനവഞ്ചനയായി ഈ വാഗ്ദാനം. കോവിഡ്‌ മഹാമാരിയുടെ പേരുപറഞ്ഞ്‌ സബ്‌സിഡി പൂർണമായും റദ്ദാക്കി. പ്രധാനമന്ത്രി ഉജ്വൽ യോജന എന്ന പേരിൽ കോടിക്കണക്കിന്‌  ഇന്ത്യക്കാർക്ക്‌ പാചക വാതക കണക്‌ഷൻ നൽകിയതുതന്നെ ഇത്തരമൊരു പകൽക്കൊള്ളയ്‌ക്കു വേണ്ടിയായിരുന്നു എന്നാണ്‌ മനസ്സിലാക്കേണ്ടത്‌. ഭൂരിഭാഗം ജനങ്ങൾക്കും താങ്ങാൻ കഴിയാത്തവിധം വില വർധിച്ചതോടെ കഴിഞ്ഞ വർഷം തന്നെ കാലിയായ സിലിണ്ടറുകൾ ആക്രിവിലയ്‌ക്കു തൂക്കി വിൽക്കുന്ന ദൃശ്യങ്ങൾ ഈ വഞ്ചനയുടെ ഒരു സ്വാഭാവിക പരിണതിയായിരുന്നു.

ഇത്തരം വിലവർധന ഒഴിച്ചുകൂടാനാകാത്തതാണെന്ന്‌ വരുത്തിത്തീർക്കാനാണ്‌ ബിജെപി ശ്രമിക്കുന്നത്‌. ജനങ്ങളെ രൂക്ഷമായി ബാധിക്കുന്ന വിലക്കയറ്റത്തിനും  സാമ്പത്തിക മാന്ദ്യത്തിനും ഇടയാക്കുന്ന സാമ്പത്തിക നയങ്ങൾക്കെതിരെ സംസാരിക്കാൻ മുഖ്യപ്രതിപക്ഷമെന്ന്‌ അവകാശപ്പെടുന്ന കോൺഗ്രസിനു കഴിയുന്നില്ല. മൂന്നു പതിറ്റാണ്ടുമുമ്പ്‌ നവലിബറൽ സാമ്പത്തിക നയങ്ങൾ ആവിഷ്‌കരിച്ച കോൺഗ്രസിനും ഈ ദുഃസ്ഥിതിയിൽ തുല്യപങ്കാണുള്ളത്‌. ഈയിടെ റായ്‌പുരിൽ സമാപിച്ച കോൺഗ്രസ്‌ പ്ലീനറിയിൽ  ദുസ്സഹമായ സാമ്പത്തിക സ്ഥിതിയെപ്പറ്റി കാര്യമായ പരാമർശമൊന്നും ഉണ്ടായിട്ടില്ലെന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്‌.

കേരളത്തിൽ ക്ഷേമപെൻഷനുകൾ മുടങ്ങാതിരിക്കാൻ വേണ്ടി  ബജറ്റിൽ രണ്ടുരൂപ ഇന്ധനസെസ്‌ ഏർപ്പെടുത്തിയതിനെതിരെ നാടൊട്ടുക്ക്‌ കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്ന കോൺഗ്രസിന്റെ കാപട്യം ഒരിക്കൽക്കൂടി വ്യക്തമാകുന്ന സന്ദർഭമാണിത്‌. പാചകവാതക വിലവർധനയ്‌ക്കെതിരെ അതുപോലെ സമരം നടത്താൻ കോൺഗ്രസ്‌ തയ്യാറാകുമോ? ബിജെപി സർക്കാർ കൈക്കൊണ്ട ഇത്രയും നീചമായ ജനദ്രോഹത്തിനെതിരെ ചെറുവിരലനക്കാനുള്ള ധൈര്യം പോലും കോൺഗ്രസിനുണ്ടാകില്ല.

കാരണം ഈ രണ്ടു കക്ഷികളും ഇന്ത്യൻ  ഭരണവർഗത്തിന്റെ പ്രതിനിധികളാണ്‌. ഒരേ തൂവൽപ്പക്ഷികളാണ്‌. ജനങ്ങളെ കൊള്ളയടിക്കുന്ന ബിജെപിയെയും അതിന്‌ കൂട്ടുനിൽക്കുന്ന കോൺഗ്രസിനെയും ജനമധ്യത്തിൽ തുറന്നുകാട്ടാനുള്ള സന്ദർഭമാണിത്‌. ബഹുഭൂരിപക്ഷം ഇന്ത്യക്കാരുടെയും അടുക്കളയെ വീണ്ടും വീണ്ടും ദരിദ്രമാക്കുന്ന, കുടുംബബജറ്റിനെ താളംതെറ്റിക്കുന്ന,  രൂക്ഷമായ വിലക്കയറ്റത്തിന്‌ ഇടയാക്കുന്ന ഈ തീരുമാനത്തിനെതിരെ ജനങ്ങൾ ഒന്നിച്ച്‌ തെരുവിലിറങ്ങേണ്ട സമയമാണിത്‌.