ലോകകപ്പിലെ തോല്‍വി; ലൂയിസ് എന്‍‌റിക്കെ സ്‌പെയിന്‍ പരിശീലകസ്ഥാനമൊഴിഞ്ഞു

മാഡ്രിഡ്: ലോകകപ്പിലെ ഞെട്ടിക്കുന്ന പുറത്താകലിനു പിന്നാലെ സ്‌പെയിന്‍ ഫുട്‌ബോള്‍ ടീം പരിശീലക സ്ഥാനം ഒഴിഞ്ഞ് ലൂയിസ് എന്‍‌റിക്കെ. പ്രീക്വാര്‍ട്ടറില്‍ മൊറോക്കോയാണ് സ്‌പെയിനിനെ അട്ടിമറിച്ചത്. അണ്ടര്‍ 21 സ്‌പെയിന്‍ ടീമിന്റെ പരിശീലകന്‍ ലൂയിസ് ഡി ലാ ഫ്യുന്റെ പുതിയ പരിശീലകന്റെ ചുമതലയേറ്റെടുത്തേക്കും.

സ്പാനിഷ് ഫുട്‌ബോളിനായി പുതിയ പദ്ധതികള്‍ ആരംഭിക്കേണ്ടതുണ്ടെന്ന് ആര്‍.എഫ്.ഇ.എഫ് (സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍) തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.സമീപകാലത്ത് സ്പാനിഷ് ഫുട്‌ബോള്‍ കരസ്ഥമാക്കിയ നേട്ടങ്ങളുടെ തുടര്‍ച്ചയ്ക്ക് വേണ്ടിയാണ് പുതിയ പദ്ധതിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദേശീയ ടീമിനായി ലൂയിസ് എന്‍‌റിക്കെയും മറ്റ് കോച്ചുമാരും നല്‍കിയ സേവനത്തിന് റിപ്പോർട്ട് നന്ദിപറയുന്നു. ഡിസംബര്‍ 12-ന് ചേരുന്ന ആര്‍.എഫ്.ഇ.എഫ് യോഗത്തില്‍ പുതിയ പരിശീലകനെ ഔദ്യോഗികമായി തീരുമാനിക്കും .

പ്രീ ക്വാര്‍ട്ടറില്‍ നിശ്ചിത സമയത്തും അധികസമയത്തും ഗോള്‍രഹിത സമനിലയായിരുന്ന മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഒരു കിക്ക് പോലും വലയിലെത്തിക്കാതെയാണ് (3-0) സ്‌പെയിന്‍ തോറ്റത്.2018 ലോകകപ്പില്‍ റഷ്യയോട് തോറ്റ് സ്‌പെയിന്‍ പുറത്തായതിന് പിന്നാലെയായിരുന്നു ലൂയിസ് എന്‍‌റിക്കെ സ്‌പെയിന്‍ ദേശീയ ടീമിന്റെ പരിശീലകനായി സ്ഥാനമേറ്റത്. 2020-ലെ യൂറോ കപ്പില്‍ അദ്ദേഹത്തിന്റെ കീഴില്‍ ടീം സെമി ഫൈനല്‍വരെ എത്തിയിരുന്നു.