ഫുട്‌ബോള്‍ ലഹരി നിയമസഭയിലും; 15ന് അല്ല നിയമസഭ 13 ന് പിരിയും? കാരണം ലോകകപ്പ്

ലോകം മുഴുവൻ ഒരു പന്തിന് പിന്നാലെയാണ്. കേരളത്തിന്റെ കാര്യം പ്രത്യേകിച്ച് പറയണ്ടല്ലോ.. ലോകകപ്പ് തുടങ്ങുന്നതിന് മുമ്പ് തന്നെ കേരളത്തിൽ ആഘോഷം തുടങ്ങിയിരുന്നു. ഫ്ലക്സും കട്ടൗട്ടും എന്നുവേണ്ട മലയാളികളുടെ ആവേശം ലോകം തന്നെ ഏറ്റെടുത്തിരുന്നു. അങ്ങനെ ഫുട്ബോൾ ആവേശം ഒരു ഭാ​ഗത്ത് തകർത്തുകയറുമ്പോൾ മറുഭാ​ഗത്ത് രാഷ്ട്രീയത്തിൽ നിർണായകമായ സംഭവങ്ങളാണ് നടക്കുന്നത്.

കഴിഞ്ഞ ദിവസമാണ് നിയമസഭാ സമ്മേളനത്തിന് തുടക്കമായത്. ചൂടേറിയ ചർ‌ച്ചകളും തർക്കവുമൊക്കെയായി നിയമസഭാ സമ്മേളനം പുരോ​ഗമിക്കുകയാണ്. സിസംബർ അഞ്ചിന് തുടങ്ങി ഡിസംബർ 15വരെയാണ് നിശ്ചയിച്ചിരുന്നതെങ്കിലും നിയമസഭാ സമ്മേളനം 13ന് പിരിയും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതിന് കാരണമായത് എന്താണെന്നോ ലോകകപ്പ് തന്നെ. നിയമസഭ സമ്മേളനവും ലോകകപ്പും തമ്മിൽ എന്താണ് ബന്ധമെന്നല്ലേ…

ഡിസംബർ 13ന് സഭ പിരിയാൻ കാര്യോപദേശക സമിതി ശുപാർശ ചെയ്തിട്ടുണ്ട്. ‍അം​ഗങ്ങളിൽ പലരും ലോകകപ്പ് മത്സരം കാണാൻ ഖത്തറിലേക്ക് പോകുന്നതിനെ തുടർന്നാണ് ഈ തീരുമാനമെന്നാണ് റിപ്പോർട്ട്. ലോകകപ്പിലെ അവസാന മത്സരങ്ങൾ കാണാൻ ഖത്തറിലേക്ക് പോകുന്ന അം​ഗങ്ങളുടെ സൗകര്യം കണക്കിലെടുത്ത് സഭ 13ന് പിരിയാനാണ് തിങ്കളാഴ്ച ചേർന്ന കാര്യോപദേശക സമിതി യോ​ഗത്തിൽ ധാരണ ആയത്.

സമ്മേളനം പൂര്‍ണമായി അവസാനിപ്പിക്കണമോ എന്നതില്‍ 13ന് ശേഷം ചേരുന്ന മന്ത്രിസഭാ യോഗമാവും തീരുമാനമെടുക്കുക. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കി നടപ്പ് സമ്മേളനം ജനുവരിയിലും തുടരാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ജനുവരി അവസാനം ബജറ്റ് അവതരിപ്പിച്ചേക്കും എന്നും സൂചനയുണ്ട്.അതേസമയം, ഇന്ന് നിയമസഭാ സമ്മേളനത്തിന്റെ രണ്ടാം ദിനമാണ്. ഇന്ന് പ്രതിപക്ഷം വിഴിഞ്ഞം സമരത്തില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കും. കഴിഞ്ഞ ദിവസത്തെ സമവായ ചര്‍ച്ച ഫലം കാണാത്ത സാഹചര്യത്തില്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തില്‍ ആക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് പ്രതിപക്ഷ നീക്കം. ഗവര്‍ണ്ണറെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് മാറ്റാന്‍ ഉള്ള ബില്‍ നാളെ സഭയില്‍ അവതരിപ്പിക്കും. സബ്ജക്ട് കമ്മിറ്റിക്ക് വിട്ട ശേഷം ഈ ആഴ്ച്ച തന്നെ ബില്‍ പാസ്സാക്കാന്‍ ആണ് ശ്രമം.

കഴിഞ്ഞദിവസം സഭയിൽ സുപ്രധാനമായ ഒരു തീരുമാനം ഉണ്ടായി. നിയമസഭാ സ്പീക്കർ പാനലിൽ മുഴുവൻ വനിതകളെ നിയോ​ഗിച്ചു. ഭരണപക്ഷത്തുനിന്ന് യു പ്രതിഭയും സി കെ ആശയും പ്രതിപക്ഷത്ത് നിന്ന് കെ കെ രമയും ആണ് പാനലിലുള്ളത്. ആദ്യമായാണ് പാനലിൽ മുഴുവൻ വനിതകൾ വരുന്നത്. സ്പീക്കർ എ എൻ ഷംസീർ തന്നെയാണ് ഇത്തരത്തിലൊരു ചരിത്രപരമായ നിർദേശം മുന്നോട്ടുവച്ചത്.