മെട്രോ മുഹമ്മദ് ഹാജി അന്തരിച്ചു

കാഞ്ഞങ്ങാട്: വ്യവസായപ്രമുഖനും സാമൂഹ്യ പ്രവർത്തകനുമായ മെട്രോ മുഹമ്മദ് ഹാജി അന്തരിച്ചു. കഴിഞ്ഞ കുറച്ചു നാളുകളായി അർബ്ബുദരോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.

കാഞ്ഞങ്ങാട് സംയുക്ത മുസ്ലീം ജമാഅത്ത് പ്രസിഡണ്ട്, മുസ്ലീം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം, ചന്ദ്രിക, സുപ്രഭാതം ദിനപ്പത്രങ്ങളുടെ ഡയറക്ടർ, ചിത്താരി അസ്സീസിയ സ്കൂൾ മാനേജിംഗ് ഡയറക്ടർ, പെരിയ അംബേദ്കര്‍ കോളേജ് മാനേജിംഗ് ഡയറക്ടർ, സായ് ഹോസ്പിറ്റൽ ജനകീയ സമിതിയുടെ അഡ്വൈസറി ബോർഡ് അംഗം തുടങ്ങി നിരവധി സംഘടനകൾക്കും സ്ഥാപനങ്ങൾക്കും ഹാജി നേതൃത്വം നൽകി.

1970-കൾ മുതൽ വ്യവസായരംഗത്ത് ചുവടുറപ്പിച്ച ഹാജി ഗൾഫിലും കേരളത്തിലുമായി വ്യവസായ, സാംസ്ക്കാരിക രംഗത്ത് സജീവസാന്ധിദ്ധ്യമായിരുന്നു.

അടിവയറ്റിൽ ഉണ്ടായ വേദന അൾസർ മൂലമെന്നു കരുതി ചികിത്സ ആരംഭിച്ചെങ്കിലും വിദഗ്ധപരിശോധനയിൽ അർബുദമാണെന്നു തിരിച്ചറിയുകയായിരുന്നു. പ്രശസ്ത അർബുദരോഗചികിത്സകൻ ഡോ. വി.പി.ഗംഗാധരനെ സമീപിച്ചപ്പോഴാണ് രോഗം എൺപതു ശതമാനത്തോളം പടർന്നുകഴിഞ്ഞതായി തിരിച്ചറിഞ്ഞത്. പിന്നീടു കോഴിക്കോട് എം.വി.ആർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെത്തിച്ചെങ്കിലും അപ്പൊഴേക്കും കരളിനെയും രോഗം ബാധിച്ചുകഴിഞ്ഞിരുന്നു. തുടർന്ന് കോഴിക്കോട് മൈത്ര ആശുപത്രിയിലേക്കു മാറ്റിയ ഹാജിയുടെ നില അനുദിനം വഷളാവുകയായിരുന്നു.

കഴിഞ്ഞ രണ്ടാഴ്ച്ചയായി മരണത്തോടു മല്ലിട്ടു കഴിഞ്ഞ ഹാജിയുടെ ജീവൻ നിലനിർത്താൻ കൃത്രിമശ്വാസോച്ഛ്വാസം നൽകിയിരുന്നു.

ഹാജിയുടെ ഖബറടക്കം ഇന്നു രാത്രി കാഞ്ഞങ്ങാട്, നോർത്ത് ചിത്താരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.