
കോഴിക്കോട് :
ഒളിക്യാമറ വിവാദത്തില്‍ കേസെടുത്ത് അന്വേഷിക്കണമെന്ന കണ്ണൂര്‍ റെയ്ഞ്ച് ഐ.ജിയുടെ റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതമെന്ന് കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ.രാഘവന് .
നാളെയാണ് ഒളിക്യാമറ വിവാദത്തില്‍ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക . വിഷയത്തില്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ നിയമോപദേശം തേടി .
അനധികൃത ഭൂമി ഇടപാടിന് അഞ്ച് കോടി കോഴ വാങ്ങിയെന്നാണ് രാഘവനെതിരെയുള്ള ആരോപണം . ദേശീയ വാര്‍ത്താചാനലായ ടി.വി 9 നടത്തിയ ഓപ്പറേഷന് ഭാരത് വര്‍ഷ് എന്ന സ്റ്റിംഗ് ഓപ്പറേഷനിലാണ് വിവരങ്ങള്‍ പുറത്ത് വന്നത് .
കോഴിക്കോട് ഹോട്ടല്‍ തുടങ്ങാന്‍ സ്ഥലം നല്കി സഹായിക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയ സംഘത്തോട് എം.കെ.രാഘവന് കോഴ ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് ദേശീയ ചാനല്‍ പുറത്ത് വിട്ടത് .
ഹോട്ടല്‍ തുടങ്ങാന്‍ ആവശ്യമായ 15 ഏക്കര്‍ സ്ഥലം നല്കാന് 5 കോടി രൂപ ആവശ്യപ്പെട്ടെന്നാണ് എം.കെ.രാഘവനെതിരായ ആരോപണം .
ഒരു കണ്‍സല്‍ട്ടന്‍സി കമ്പനിയില്‍ നിന്നുള്ള ആള്‍ക്കാരാണെന്ന് പരിചയപ്പെടുത്തിയാണ് സംഘം എം.പിയെ സമീപിച്ചത് . സ്ഥലം നല്‍കുന്നതിന് പാരിതോഷികം എന്തു വേണമെന്ന ചോദ്യത്തിന് പണമായി നല്കിയാല് മതിയെന്നായിരുന്നു എം.പിയുടെ മറുപടി . പണം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുമെന്ന് അദ്ദേഹം പറയുന്നത് വീഡിയോയില്‍ വ്യക്തമാണ് .
കഴിഞ്ഞ തെരഞ്ഞെടുപ്പിന് തനിക്ക് 20 കോടി ചിലവായെന്നും പ്രവര്‍ത്തകര്‍ക്ക് മദ്യമുള്‍പ്പെടെ നല്‍കാനുള്ള ചിലവുകള്‍ക്ക് പണം ആവശ്യമാണെന്നും രാഘവന് വെളിപ്പെടുത്തുന്നുണ്ടെന്നും ടി.വി 9ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു . പണം കൈമാറാന്‍ തന്റെ ഡല്‍ഹി ഓഫീസുമായി ബന്ധപ്പെടാന്‍ രാഘവന് ആവശ്യപ്പെടുന്നത് അടക്കമുള്ള വിവരങ്ങളാണ് ചാനല്‍ പുറത്ത് വിട്ടത് .