ലോകത്തെ അമ്പരപ്പിച്ച ആ അത്ഭുതയാത്രയ്ക്ക് അല്‍ ബെയ്ത്ത് സ്‌റ്റേഡിയത്തില്‍ ഇതാ അവസാനമായിരിക്കുന്നു. പ്രവചനങ്ങളെയെല്ലാം അപ്രസക്തമാക്കിക്കൊണ്ട് വമ്പന്മാരെ കീഴടക്കിയ മൊറോക്കന്‍ പോരാട്ടത്തിന് ഫ്രഞ്ച് വീര്യത്തിന് മുന്നില്‍ കാലിടറി. ചരിത്രങ്ങളെയെല്ലാം പഴങ്കയഥയാക്കിക്കൊണ്ടാണ് മൊറോക്കോ ഖത്തറില്‍ പോരാടിയത്. ഗ്രൂപ്പ് ഘട്ടവും കടന്ന് നോക്കൗട്ടിലും അതേ കുതിപ്പ് തുടര്‍ന്നു. ഒടുക്കം സെമിയില്‍ നിലവിലെ ചാമ്പ്യന്മാര്‍ കലാശപ്പോരിനായി ആഞ്ഞടിച്ചപ്പോള്‍ മൊറോക്കോ മൊറോക്കോ മറുപടിയില്ലാതെ തിരിഞ്ഞുനടന്നു. ആരവങ്ങള്‍ നിലച്ച അല്‍ ബെയ്ത്തില്‍ അറ്റ്ലസ് സിംഹങ്ങളുടെ സ്വപ്‌നങ്ങള്‍ ചിതറിത്തെറിച്ചു.
എങ്കിലും തലയുയര്‍ത്തി തന്നെയാണ് മടക്കം. അത്ര മനോഹരമായാണ് അവര്‍ പന്തുതട്ടിയത്. കളിപ്രേമികളുടെ ഹൃദയം കവര്‍ന്നുകൊണ്ട് ലോകകപ്പിന്റെ ഗ്രൂപ്പ് ഫിക്‌സ്ചറിങ് കഴിഞ്ഞപ്പോള്‍ തന്നെ ഒട്ടുമിക്കവരും മൊറോക്കോയെ എഴുതിത്തള്ളിയതാണ്. കാരണം അവര്‍ക്കൊപ്പമുള്ളത് കരുത്തരായിരുന്നു. ഗ്രൂപ്പ് എഫില്‍ മൊറോക്കോയ്‌ക്കൊപ്പം ബെല്‍ജിയവും ക്രൊയേഷ്യയും കാനഡയുമാണ് പോരാടാനിറങ്ങിയത്. നിലവിലെ റണ്ണറപ്പുകളായ ക്രൊയേഷ്യയും ക്ലബ്ല് ഫുട്‌ബോളിലെ മിന്നും താരങ്ങള്‍ ബൂട്ടുകെട്ടിയിറങ്ങുന്ന ബെല്‍ജിയവും ഗ്രൂപ്പ് എഫില്‍ നിന്ന് അനായാസം നോക്കൗട്ടിലേക്ക് മുന്നേറുമെന്നാണ് കളിപ്രേമികളെല്ലാം പ്രവചിച്ചത്. കാരണം താരതമ്യേന ദുര്‍ബലരായ മൊറോക്കോയും കാനഡയും വെല്ലുവിളിയുയര്‍ത്തുമെന്നു കരുതാന്‍ മാത്രമുള്ള ഒരു ചരിത്രവും അവര്‍ക്കുണ്ടായിരുന്നില്ല.
എന്നാല്‍ മൈതാനത്ത് പ്രവചനങ്ങളെല്ലാം തെറ്റുന്ന കാഴ്ചയാണ് കാണാനായത്. എല്ലാ കണക്കുക്കൂട്ടലുകളും പിഴച്ചു. മൊറോക്കോ ഖത്തറിലെ മൈതാനങ്ങളില്‍ നിറഞ്ഞാടി. ആദ്യ മത്സരത്തില്‍ നിലവിലെ റണ്ണറപ്പുകളായ ക്രൊയേഷ്യയായിരുന്നു എതിരാളികള്‍. പന്തടക്കത്തിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലുമെല്ലാം ക്രൊയേഷ്യയാണ് മുന്നിട്ടുനിന്നത്. എന്നിട്ടും മോഡ്രിച്ചും കൊവാസിച്ചും പെരിസിച്ചും അടങ്ങുന്ന ക്രോട്ട് നിരയ്ക്ക് എത്ര ശ്രമിച്ചിട്ടും മൊറോക്കന്‍ കോട്ട ഭേദിക്കാനായില്ല.
സെമിയില്‍ മൂന്ന് സെന്റര്‍ ബാക്കുകളെ കളത്തിലിറക്കിയാണ് മൊറോക്കോ പരിശീലകന്‍ തന്ത്രമൊരുക്കിയത്. ഇത് ടൂര്‍ണമെന്റിലുടനീളം കണ്ട മൊറോക്കോയുടെ കളിശൈലിയെ വ്യത്യസ്തമാക്കി. മത്സരം ആരംഭിച്ച് അഞ്ചുമിനിറ്റിനുള്ളില്‍ തന്നെ ഫ്രാന്‍സ് വലകുലുക്കി. ഫ്രാന്‍സ് ലെഫ്റ്റ് ബാക്ക് തിയോ ഹെര്‍ണാണ്ടസാണ് ഗോളടിച്ചത്. ടൂര്‍ണമെന്റില്‍ മൊറോക്കോയ്‌ക്കെതിരേ ഗോളടിക്കുന്ന ആദ്യ എതിര്‍ടീമിന്റെ താരമായിരുന്നു തിയോ. എന്നാല്‍ മിനിറ്റുകള്‍ക്ക് ശേഷം സെന്റര്‍ബാക്കും ക്യാപ്റ്റനുമായ റൊമെയ്ന്‍ സൈസിനുപകരം സെലിം അമല്ലയെ കളത്തിലിറക്കി. പിന്നീട് നിലവിലെ ചാമ്പ്യന്മാരെ വിറപ്പിക്കുന്ന മൊറോക്കോയെയാണ് മൈതാനത്ത് കണ്ടത്. വിങ്ങുകളില്‍ നിന്ന് നിരന്തരം മുന്നേറ്റങ്ങള്‍ നടത്തിയ മൊറോക്കോ ഫ്രാന്‍സ് ഗോള്‍മുഖങ്ങളില്‍ ഇരച്ചെത്തി. എന്നാല്‍ ഗോള്‍ മാത്രം അകന്നുനിന്നു. ഒടുക്കം രണ്ടാം പകുതിയില്‍ ഫ്രാന്‍സ് രണ്ടാമതും വലകുലുക്കിയതോടെ മൊറോക്കോ പരാജയം ഏറ്റുവാങ്ങി. ആ അത്ഭുതയാത്രയ്ക്ക് നാന്ദികുറിക്കപ്പെട്ടു. കായികലോകത്തിന്റെയൊന്നടങ്കം കയ്യടിനേടിക്കൊണ്ട് ഹക്കീം സിയെച്ചും സംഘവും മടങ്ങുന്നു.