അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവത്തെത്തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചതിനെച്ചൊല്ലി ബഹളം. കൈനകരി കുട്ടമംഗലം കായിത്തറ ശ്യാംജിത്തിന്റെ ഭാര്യ അപര്‍ണ (21)യും പെണ്‍കുഞ്ഞുമാണ് മരിച്ചത്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്കു മാറ്റി. ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
തിങ്കളാഴ്ചയാണ് അപര്‍ണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച വൈകീട്ടായിരുന്നു വേദനയെത്തുടര്‍ന്ന് യുവതിയെ ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ചത്.പ്രസവസമയത്ത് ഡോക്ടര്‍ ഉണ്ടായിരുന്നില്ലെന്നും പഠിക്കുന്ന വിദ്യാര്‍ഥികളാണ് ഓപ്പറേഷന്‍ നടത്തിയതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. അനസ്‌തേഷ്യ കൂടിപ്പോയതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായാണ് ബന്ധുക്കള്‍ പറയുന്നത്.കുഞ്ഞ് ഇന്നലെ രാത്രിയും അപര്‍ണ ഇന്ന് പുലര്‍ച്ചെയുമാണ് മരിച്ചത്. കുഞ്ഞ് മരിച്ചതിന് പിന്നാലെ ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പിന്നീട് അമ്പലപ്പുഴ പോലീസെത്തിയാണ് സംഘര്‍ഷം ഒഴിവാക്കിയത്.
കുഞ്ഞിന്റെ മരണം അന്വേഷിക്കാന്‍ വിദഗ്ധസമിതിയെ ആശുപത്രി സൂപ്രണ്ട് ഡോ. എ. അബ്ദുള്‍സലാം ചുമതലപ്പെടുത്തിയിരുന്നു. ഡോക്ടര്‍മാരുടെ അനാസ്ഥയാണ് സംഭവത്തിനു പിന്നിലെന്നാണ് ബന്ധുക്കളുടെ ആരോപണം. അമ്പലപ്പുഴ പോലീസ് അപര്‍ണയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. ഇതിന് പിന്നാലെയാണ് ഇന്നു പുലര്‍ച്ചെ അമ്മയുടെ മരണവും.
ഫൊറന്‍സിക് വിഭാഗം മേധാവി ഡോ. ഷാരിജയുടെ നേതൃത്വത്തിലുള്ള സമിതിയാണ് കുഞ്ഞിന്റെ മരണത്തില്‍ അന്വേഷണം നടത്തുന്നത്. പീഡിയാട്രിക് വിഭാഗം മേധാവി ഡോ. ജയറാം ശങ്കര്‍, കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. വിനയകുമാര്‍, സര്‍ജറിവിഭാഗം മേധാവി ഡോ. എന്‍.ആര്‍. സജികുമാര്‍, നഴ്സിങ് ഓഫീസര്‍ എന്നിവരാണ് സമിതിയിലുള്ളത്. രണ്ടുദിവസത്തിനകം അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സൂപ്രണ്ട് നിര്‍ദേശിച്ചിരിക്കുന്നത്.
