ലഹരി മാഫിയകളുമായി പോലീസിന് വഴിവിട്ട ബന്ധമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; ഡാന്‍സഫ് ടീമിനെ പിരിച്ചുവിട്ടു

തിരുവനന്തപുരം: ലഹരി മാഫിയകളുമായി പോലീസിന് വഴിവിട്ട ബന്ധമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പേട്ട,​മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷനുകളില്‍ പിടികൂടിയ കഞ്ചാവ് കേസുകളിലെ തുടര്‍നടപടികളെ സംബന്ധിച്ച അന്വേഷണമാണ് പോലീസ് – മയക്കുമരുന്ന് മാഫിയ കൂട്ടുകെട്ട് വെളിച്ചത്താക്കിയത്. ഇതേത്തുടര്‍ന്ന് നാര്‍ക്കോട്ടിക് സെല്‍ അസിസ്‌റ്റന്റ് കമ്മിഷണര്‍ക്ക് കീഴിലുണ്ടായിരുന്ന ഡാന്‍സഫ് (ഡിസ്ട്രിക്‌ട് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്സ്) ടീമിനെ പിരിച്ചുവിട്ടു.

നര്‍ക്കോട്ടിക് സെല്‍ വിഭാഗത്തിലെ പോലീസുകാരാണ് നടപടിക്ക് വിധേയരായത്. എറണാകുളത്ത് പോലീസ് പിടികൂടി തൊണ്ടി മുതലായി സൂക്ഷിച്ചിരുന്ന പുകയില ഉല്‍പന്നങ്ങള്‍ പ്രതികള്‍ക്ക് മറിച്ചുവിറ്റ് പണം സമ്ബാദിച്ച പോലീസുദ്യോഗസ്ഥരുടെ വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് തലസ്ഥാനത്തും പോലീസും മയക്കുമരുന്ന് മാഫിയയും തമ്മിലുള്ള അവിശുദ്ധ ഇടപാടുകള്‍ പുറത്തായത്.

ഡാന്‍സാഫിനെതിരെ ലോക്കല്‍ പോലീസ് ഉന്നയിച്ച ചില ആരോപണങ്ങളെ അടിസ്ഥാനമാക്കിയാണ് ഇന്റലിജന്‍സ് വിഭാഗം രഹസ്യാന്വേഷണം നടത്തിയത്. ഡാന്‍സാഫ് അടുത്തിടെ തലസ്ഥാനത്തെ മെഡിക്കല്‍ കോളേജ് പരിധിയിലും പേട്ട സ്‌റ്റേഷന്‍ പരിധിയിലും പിടിച്ച ചില കേസുകളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിലോക്കണക്കിന് കഞ്ചാവ് കണ്ടെത്തിയെന്നായിരുന്നു ഈ കേസുകള്‍. ഇതിലെ പ്രതികളെയും ഡാന്‍സാഫ് ‘സൃഷ്ടി’ച്ചതാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ടാര്‍ഗറ്റ് തികയ്‌ക്കാന്‍ വേണ്ടി ഡാന്‍സാഫ് മയക്കുമരുന്ന് കച്ചവടക്കാരുടെ സഹായത്തോടെ നഗരത്തിലേക്ക് കഞ്ചാവ് എത്തിക്കുകയാണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കഞ്ചാവ് വഴിയരികില്‍ ഉപേക്ഷിച്ച ശേഷം ലോക്കല്‍ പോലീസിനെ കൊണ്ട് കേസെടുപ്പിക്കുന്നതാണ് പ്രധാന രീതി. തലസ്ഥാനത്തെ ഗുണ്ടാ ലിസ്‌റ്റില്‍പ്പെട്ട രണ്ട് പേരുടെ സഹായത്തോടെ തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നാണ് വലിയ അളവില്‍ കഞ്ചാവ് പോലീസ് വാഹനത്തില്‍ കൊണ്ടുവന്നത്. ഇവര്‍ കച്ചവടം നിലനിര്‍ത്താനായി പോലീസിനെ കൂട്ടുപിടിച്ച്‌ എതിര്‍ ചേരികളിലുളളവര്‍ക്കെതിരെ കേസെടുക്കുന്നതാണ് രീതി.

മയക്കുമരുന്ന് കണ്ടെത്തിയ സ്ഥലത്ത് ഡാന്‍സഫ് ടീം ആരോപിക്കുന്ന പ്രതികളുടെ സാന്നിദ്ധ്യമോ തൊണ്ടി മുതലുമായി എന്തെങ്കിലും തരത്തിലുളള ബന്ധമോ സ്ഥാപിച്ചെടുക്കാന്‍ കഴിയാത്തതിനാല്‍ പലപ്പോഴും ലോക്കല്‍ പോലീസിന് ഇവര്‍ക്കെതിരെ കേസെടുക്കാനോ തുടരന്വേഷണം നടത്താനോ കഴിയാറില്ല.