അഭിനയത്തികവിന്റെ കുലപതി വിട പറഞ്ഞു

തിരുവനന്തപുരം : നടൻ നെടുമുടിവേണു അന്തരിച്ചു. 73 വയസ്സായിരുന്നു. തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിൽ ഇന്ന് ഉച്ചയോടെ ആയിരുന്നു അന്ത്യം.
ഉദരസബന്ധമായ രോഗങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാലു ദിവസമായി കിംസിൽ ചികിത്സയിൽ ആയിരുന്നു അദ്ദേഹം.
ഇന്നലെ രാത്രിയോടെ ആരോഗ്യനില ഗുരുതരമായെങ്കിലും മരണം അപ്രതീക്ഷിതമായിരുന്നു.

നാൽപ്പത് വർഷത്തെ അഭിനയ ജീവിതത്തിൽ മലയാളത്തിലും തമിഴിലുമായി 500 ലധികം സിനിമകളിൽ അഭിനയിച്ചു. നായകൻ, സഹനടൻ, വില്ലൻ, എന്നീ മൂന്നു റോളുകളും അനായാസം കൈകാര്യം ചെയ്ത അദ്ദേഹത്തിനു വളരെ തന്മയത്തത്തോടെ ഹാസ്യവും വഴങ്ങിയിരുന്നു.

1948 മെയ് 22 ന് ആലപ്പുഴ ജില്ലയിൽ കുട്ടനാട്ടിലെ നെടുമുടിയിലായിരുന്നു ജനനം.
നെടുമുടിയിലെ എൻ. എസ്. എസ്. ഹയർ സെക്കന്ററി സ്കൂൾ, ചാമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.
ആലപ്പുഴ എസ്. ഡി. കോളേജിൽ പഠിക്കുന്ന കാലത്ത് ഫാസിലുമായുണ്ടായ ചങ്ങാത്തമാണ് അദ്ദേഹത്തിന്റെ സിനിമാലോകത്തേക്കുള്ള വഴിതിരിവായത്.

കലാകൗമുദിയിൽ പത്രപ്രവർത്തകനായും, പാരലൽ കോളേജ് അധ്യാപകനായും ജോലി ചെയ്തു. തുടർന്ന്
നടക രംഗത്തു സജീവമായി. ആ കാലത്താണ് വേണുഗോപാൽ എന്ന പേരിനു ചെറിയ മാറ്റം വരുത്തുന്നതും നെടുമുടി വേണു എന്നാക്കുന്നതും.

1978 – ൽ അരവിന്ദൻ സംവിധാനം ചെയ്ത തമ്പിലൂടെ നെടുമുടി വേണു എന്ന സിനിമാ നടൻ ജനിച്ചു. ദുരന്ത പ്രണയ നായകനായുള്ള കഥാപാത്രങ്ങൾ പ്രേക്ഷക മനസ്സുകളിൽ മായാതെ നിൽക്കുന്നു.
നാരദനെ വെല്ലുന്ന കുടിലതയുള്ള ഗ്രാമീണ ഭാവത്തിലുറങ്ങുന്ന വില്ലൻ കഥാപാത്രങ്ങളെ കൗതുകത്തോടെ പ്രേക്ഷകർ സ്വീകരിച്ചു. വ്യത്യസ്തമായ ശബ്ദവും, സംഭാഷണ രീതിയും അനുകരണ കലാകാരന്മാർ ഏറ്റെടുത്തു.
നടൻ, പത്രപ്രവർത്തകൻ
അദ്ധ്യാപകൻ, നിരൂപകൻ,
എന്നതിനും പുറമെ ഒരു നല്ല സംഗീതാസ്വാദകനും, സമർത്ഥനായ മൃദംഗ വായനക്കാരനും കൂടി ആയിരുന്നു അദ്ദേഹം.

നെടുമുടി വേണു എന്ന അതുല്യ പ്രതിഭയുടെ തൂലികയിൽ ഒൻപതോളം തിരക്കഥകൾ എഴുതപ്പെട്ടു. ഒപ്പം പൂരം എന്ന സിനിമയുടെ സംവിധായകനുമായി.
ആറ് സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങളും, മൂന്നു ദീശീയ ചലച്ചിത്ര പുരസ്‌ക്കാരവും അദ്ദേഹത്തെ തേടിയെത്തി. അതിൽ
1981, 1987, 2003, വർഷങ്ങളിൽ മികച്ച നാടനുള്ള സംസ്ഥാന പുരസ്കാരവും ഉൾപ്പെടുന്നു.

നെടുമുടിവേണു എന്ന ബഹുമുഖ പ്രതിഭയുടെ അപ്രതീക്ഷിത വിയോഗം
എല്ലാത്തരത്തിലും നഷ്ട്ടം തന്നെയാണ്. സമീപകാലത്തു അദ്ദേഹം അഭിനയിച്ച ചില സിനിമകൾ കൊറോണയുടെ തടസ്സങ്ങൾ നീങ്ങി തീയേറ്ററുകളിൽ എത്തുന്നതും, അവയിലെ വ്യത്യസ്തതയും, ഇനി സഹപ്രവർത്തകർക്കും, പ്രേക്ഷകർക്കും, രക്തബങ്ങങ്ങൾക്കും, സുഹൃത്തുക്കൾക്കും, നോവോടെ കാത്തിരിക്കാം.