കരുതലോടെ വേണം ഓണത്തെ വരവേല്‍ക്കാന്‍ : മുഖ്യമന്ത്രി

Covid19 HEALTH KERALA PRD News ആരോഗ്യം.

തിരുവനന്തപുരം : കോവിഡ് സാഹചര്യത്തില്‍ അസാധാരണംവിധം മ്ളാനമായ അന്തരീക്ഷത്തെ മുറിച്ചുകടക്കാന്‍ നമുക്ക് കഴിയുക തന്നെ ചെയ്യും എന്ന് പ്രത്യാശ പുലര്‍ത്തികൊണ്ടാവണം ഇത്തവണത്തെ ഓണാഘോഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡ് വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് പരിമിതികള്‍ക്കുള്ളില്‍ നിന്ന് നമുക്ക് ഓണം ആഘോഷിക്കാം.

ഓണം വലിയൊരു പ്രതീക്ഷയും പ്രത്യാശയുമാണ്. ഏത് പ്രതികൂല സാഹചര്യത്തിലും അപ്പുറത്ത് അനുകൂലമായ പ്രകാശപൂര്‍ണമായ ഒരു കാലമുണ്ട് എന്ന പ്രതീക്ഷ. മാനുഷരെല്ലാരും ഒന്നുപോലെ കഴിഞ്ഞിരുന്ന ഒരു കാലം പണ്ട് ഉണ്ടായിരുന്നെന്ന് ആ സങ്കല്പം പറഞ്ഞുതരും. എല്ലാ മനുഷ്യരും ഒരുമയില്‍ സമത്വത്തില്‍, സ്നേഹത്തില്‍, സമൃദ്ധിയില്‍ കഴിയുന്ന ഒരു കാലം ഉണ്ടാവണമെന്ന് ആഗ്രഹിച്ച അതിനായി യ്തനിക്കുന്ന ആര്‍ക്കും അളവില്‍ കവിഞ്ഞ പ്രചോദനം പകര്‍ന്നുതരുന്നതാണ് ആ സങ്കല്‍പ്പം.

ഓണമുണ്ണുന്നതും ഒത്തുകൂടുന്നതും മലയാളികളുടെ ജീവിതത്തില്‍ ഏറ്റവും ആഹ്ലാദകരമായ അനുഭവമാണ്. ഓണത്തില്‍ കുടുംബത്തിലേക്ക് ഓടിയെത്തുന്നതാണ് മലയാളിയുടെ ശീലം. ഈ വര്‍ഷം യാത്രകള്‍ നിയന്ത്രിക്കപ്പെട്ടിരിക്കുന്നത് ഓരോരുത്തര്‍ക്കും പ്രയാസമുണ്ടാക്കുന്ന അനുഭവമാണ്. കോവിഡ് സൃഷ്ടിച്ച പരിമിതികള്‍ക്കും പ്രയാസങ്ങള്‍ക്കും ഇടയില്‍ ഓണത്തിന് സാധ്യമായ സഹായങ്ങള്‍ എത്തിക്കാനും ആനുകൂല്യങ്ങള്‍ നല്‍കാനും സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്.

എല്ലാവിധ വേര്‍തിരിവുകളും അതീതമായി സന്തോഷത്തോടെ എല്ലാമനുഷ്യരും കഴിയുന്ന ഒരു നല്ല കാലത്തിന്റെ പിറവിക്കായി എന്നും പ്രചോദനമാവട്ടെ ഓണം.

എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍ നേരുന്നതായും അദ്ദേഹം പറഞ്ഞു. കൃത്യമായി കരുതലോടെ വേണം ഓണത്തെ വരവേല്‍ക്കാന്‍. കോവിഡ് വ്യാപനമുണ്ടാകാന്‍ ഇടനല്‍കുന്ന കാര്യങ്ങള്‍ ഉണ്ടാകാതെ നോക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു