ലോക് ഡൗൺ സമയപരിധി തീരുന്നത്, നിലവിലെ ധാരണയനുസരിച്ച്, വരുന്ന 14 നാണല്ലോ. അതിനു ശേഷം വരുന്ന ദിനങ്ങളിലും അതീവജാഗ്രത ആവശ്യം തന്നെ എന്നതിൽ ആർക്കും എതിരഭിപ്രായമുണ്ടാകാനിടയില്ല. ഇവിടെ ഏറ്റവുമധികം ശ്രദ്ധയാവശ്യമായ മേഖലയാണ് ഗതാഗതം. തീവണ്ടി പോലെ, പൊതുജനം തിങ്ങിക്കയറുന്ന യാത്രാമാദ്ധ്യമങ്ങളെയാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്.
റിസർവേഷൻ ബോഗികളിലെ യാത്രക്കാരെ നമുക്കു തിരിച്ചറിയാനും പരിശോധന നടത്താനുമാകും. എന്നാൽ ജനറല്‍ ബോഗികളിൽ ഇതു സാധ്യമാവാതെവരും. രോഗവ്യാപനം ഒരുപാടായ, അല്ലെങ്കില്‍ വേണ്ട രീതിയിൽ തിരിച്ചറിയാതെ പോയ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന യാത്രികർ നമ്മുടെ നിയന്ത്രണങ്ങളെ നിഷ്പ്രഭമാക്കാനിടയുണ്ട്.
ഇപ്പറഞ്ഞത് രോഗവുമായി ബന്ധപ്പെട്ട കാര്യം. എന്നാൽ കേരളത്തെ സംബന്ധിച്ച്, രോഗം മാത്രമാവില്ല വിഷയം.
അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് ജോലി ചെയ്തു ജീവിക്കാനെത്തിയിരുന്ന ആയിരക്കണക്കിനു തൊഴിലാളികളുണ്ടായിരുന്നു. ഇവരിൽ ധാരാളം പേർ രോഗവ്യാപനകാലത്ത് അവരവരുടെ നാടുകളിലേക്ക് പോയിട്ടുണ്ടാകും. നിയന്ത്രണങ്ങൾക്ക് അയവുണ്ടാകുമ്പോൾ ഇവരൊക്കെ തിരികെ വന്നുതുടങ്ങും. ഇവരുടെ മറവിൽ ചില കുറ്റവാളികളും എത്താനിടയുണ്ട്.
ഈ സാഹചര്യത്തില്‍ ഇനിയിവിടെയെത്തുന്ന ഓരോ വ്യക്തിയേയും തിരിച്ചറിയേണ്ടത് നമ്മുടെ സുരക്ഷിതത്വത്തിന് അനിവാര്യമാണ്.
കേരളം താരതമ്യേന ഭംഗിയായിത്തന്നെ രോഗവ്യാപനത്തെ തടഞ്ഞിട്ടുണ്ട്. രാഷ്ട്രീയാതിപ്രസരം മൂലഃ ചിലപ്പോഴൊക്കെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെ പലരും സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരണങ്ങൾക്കു ശ്രമിച്ചിട്ടുണ്ടെങ്കിലും ഇരു സർക്കാരുകളും പരസ്പരപൂരകങ്ങളായി ഇക്കാര്യത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. പ്രത്യേകിച്ചും കേരള സർക്കാരും അതിൻ്റെ സംവിധാനങ്ങളും പൂർണ്ണമായും ഉത്തരവാദിത്വത്തോടെ രോഗപ്രതിരോധത്തിനു വേണ്ടി നിലകൊണ്ടു. സർവ്വമേഖലയിലും മുഖ്യമന്ത്രിയുടെ ഇടപെടലും നേതൃത്വഗുണവും നമ്മള്‍ അനുഭവിച്ചറിഞ്ഞു.
ഈയൊരു സാഹചര്യത്തില്‍ ഛിദ്രശക്തികൾ നമുക്കിടയിലേക്ക് നുഴഞ്ഞുകയറാൻ സാധ്യതയുണ്ട്. അതിനു രാഷ്ട്രീയകാരണങ്ങളുമുണ്ടാകാം.
എന്തായാലും രാഷ്ട്രീയബോധങ്ങൾക്കപ്പുറം സുരക്ഷാബോധം ആവശ്യമായ സാഹചര്യമാണ് വരും നാളുകൾ. അതീവ ജാഗ്രത ആവശ്യപ്പെടുന്ന നാളുകൾ.
കുറത്തിയാടന്‍
ചീഫ് എഡിറ്റര്‍
ദി കേരള ഓൺലൈൻ
(M) 94 96 14 96 37