കാഠ്മണ്ഡു : നേപ്പാള്‍ വിമാനദുരന്തത്തില്‍ മരിച്ച 68 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കഴിഞ്ഞ 30 വര്‍ഷത്തിനിടെയില്‍ നേപ്പാള്‍ കണ്ട ഏറ്റവും വലിയ വിമാന ദുരന്തമായിരുന്നു കഴിഞ്ഞ ദിവസം നടന്നത് . 68 യാത്രക്കാരും നാല് ജീവനക്കാരുമായി യാത്ര തിരിച്ച വിമാനം ലാന്‍ഡിംഗിനിടെ തകര്‍ന്ന് വീഴുകയായിരുന്നു. തകര്‍ന്നയുടന്‍ വിമാനത്തിന് തീപിടിച്ചതാണ് അപകടത്തിന്റെ വ്യാപ്തി വര്‍ദ്ധിച്ചത്. ഇതുവരെ സംഭവ സ്ഥലത്ത് നിന്ന് ആരെയും രക്ഷിക്കാന്‍ സാധിച്ചിട്ടില്ലെന്ന് ആര്‍മി വക്താവ് അറിയിച്ചു.
68 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. നാല് പേര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. തിരച്ചിലില്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. പ്രധാന ഭാഗങ്ങളായ കോക്പീറ്റ്, വോയ്‌സ് റെക്കോര്‍ഡര്‍, ഫ്‌ലൈറ്റ് ഡാറ്റ റെക്കോര്‍ഡിംഗിനും കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.കണ്ടെത്തിയ ബ്ലാക്ക് ബോക്‌സ് നേപ്പാള്‍ സിവില്‍ എവിയേഷന്‍ അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്. യെതി എയര്‍ലൈന്‍സ് വക്തവാണ് ഇക്കാര്യം അറിയിച്ചത്. ദുരന്തത്തെ കുറിച്ച് അന്വേഷിക്കാനും ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കാന്‍ നേപ്പാള്‍ സര്‍ക്കാര്‍ വിദഗ്ദരുടെ പാനല്‍ രൂപീകരിച്ചിട്ടുണ്ട്.
അതേസമയം, അപകടത്തില്‍പ്പെട്ട വിമാനത്തില്‍ നാല് ഇന്ത്യക്കാരാണുള്ളത്. വിമാനത്തില്‍ രണ്ട് പൈലറ്റുമാരും രണ്ട് എയര്‍ഹോസ്റ്റേഴ്സുമാണ് ഉണ്ടായിരുന്നത്. തകര്‍ന്ന് വീണതിന് പിന്നാലെ വിമാനത്തിന് തീപിടിക്കുകയായിരുന്നു. ഏറെ പണിപ്പെട്ടാണ് തീ അണച്ചത്. കാഠ്മണ്ഡുവില്‍ നിന്ന് പൊഖാറയിലേക്ക് വന്ന വിമാനമാണ് തകര്‍ന്നത്. പൊഖാറ രാജ്യാന്തര വിമാനത്താവളത്തിനും പഴയ വിമാനത്താവളത്തിനും ഇടയിലാണ് അപകടമുണ്ടായത്.കഴിഞ്ഞ 30 വര്‍ഷത്തിനിടെ 30 ഓളം വിമാനങ്ങളാണ് നേപ്പാളില്‍ തകര്‍ന്നുവീണത്. 2022 മേയില്‍ നേപ്പാളില്‍ ഒരു വിമാന അപകടം ഉണ്ടായിരുന്നു. അന്ന് 22 പേരാണ് മരണപ്പെട്ടത് . താര എയര്‍ലൈന്‍സിന്റെ വിമാനമാണ് അന്ന് തകര്‍ന്നത്. ആകാശത്ത് നിന്ന് നിയന്ത്രണം നഷ്ടപ്പെട്ട വിമാനം തകര്‍ന്നുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു . പൈലറ്റുമാരായ കമല്‍ കെ സി , അഞ്ജു ഖതിവാദ എന്നിവരാണ് വിമാനം നിയന്ത്രിച്ചിരുന്നത്. രാജ്യത്ത് ആദ്യമായാണ് ഈ വിഭാഗത്തിലുള്ള വിമാനം അപകടത്തില്‍പ്പെടുന്നതെന്ന് നേപ്പാല്‍ ഏവിയേഷന്‍ അതോറിറ്റി വക്താവ് അറിയിച്ചു . ഇപ്പോള്‍ തകര്‍ന്നുവീണത് വളരെ പഴക്കം ചെന്ന വിമാനമാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു .