രണ്ടെണ്ണം അടിക്കാന്‍ ഇനി ചെലവേറും’; മദ്യത്തിന് വില കൂടി, ജവാന്‍ റമ്മിന് ഇന്ന് മുതല്‍ പുതിയ വില

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ മദ്യവില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. രണ്ട് ശതമാനം വില്‍പ്പന നികുതിയാണ് ഇന്ന് മുതല്‍ വര്‍ദ്ധിച്ചത്. ഇതേ തുടര്‍ന്ന് സാധാരണ ബ്രാന്‍ഡുകള്‍ക്ക് 20 രൂപ വരെ വര്‍ദ്ധിക്കും. മദ്യത്തോടൊപ്പം തന്നെ ബിയറിനും രണ്ട് ശതമാനം വില്‍പ്പന നികുതി വര്‍ദ്ധിപ്പിക്കുന്നുണ്ട്. മദ്യവില വര്‍ദ്ധപ്പിച്ച ബില്ലില്‍ ഇന്നലെ ഗവര്‍ണര്‍ ഒപ്പിട്ടിരുന്നു. ഇത് സര്‍ക്കാര്‍ വിഞ്ജാപനമായി പുറത്തിറങ്ങിയതിന് പിന്നാലെയാണ് വിലയില്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്.

സര്‍ക്കാരിന്റെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള മദ്യം ജവാനാണ്. ജവാന് നേരത്തെ 600 രൂപയായിരുന്നു വില. എന്നാല്‍ ഇന്ന് മുതല്‍ അത് 610 രൂപയായി ഉയരും. വില വര്‍ദ്ധന ജനുവരി ഒമ്പത് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ എത്രയും പെട്ടെന്ന് വില വര്‍ദ്ധന നിലവില്‍ വരുമെന്നാണ് അറിയിച്ചത്. ഇതിന് പിന്നാലെയാണ് ഇന്ന് മുതല്‍ വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്.

വിവിധ ബ്രാന്റുകളിലെ മദ്യത്തിന് പത്ത് രൂപ മുതലുള്ള വര്‍ദ്ധനവാണ് രേഖപ്പെടുത്തുക. നാല് ശതമാനം വില്‍പ്പന നികുതിയാണ് സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചത്. എന്നാല്‍ സര്‍ക്കാര്‍ ഔട്ട്‌ലെറ്റുകളില്‍ രണ്ട് ശതമാനം നികുതി നല്‍കിയാല്‍ മതിയെന്നാണ് ഉത്തരവില്‍ പറയുന്നത്. ഇക്കഴിഞ്ഞ നിയമസഭ സമ്മേളനം പസാക്കിയ ബില്ലാണ് ഗവര്‍ണര്‍ ഒപ്പിട്ടത്.