ചെങ്ങന്നൂർ ജില്ലാ ആശുപത്രിയില്‍ പുതിയ യൂണിറ്റുകൾ ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: വരുന്ന അന്‍പതു വര്‍ഷങ്ങള്‍ മുന്നില്‍ കണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ മേഖലയിൽ സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് ഫിഷറീസ്-സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ചെങ്ങന്നൂർ ജില്ലാ ആശുപത്രിയില്‍ പുതിയ യൂണിറ്റുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

മാറുന്ന കാലത്തിനൊപ്പം വളരാന്‍ ആരോഗ്യ മേഖലയ്ക്കും കഴിയണമെന്നും പ്രതിസന്ധിഘട്ടങ്ങളിൽ ജനങ്ങള്‍ക്കൊപ്പം നിന്നുകൊണ്ട് നല്‍കിയ സേവനങ്ങള്‍ തുടരാന്‍ ആരോഗ്യ പ്രവര്‍ത്തകര് തുടർന്നും ‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.
ഓക്സിജൻ പ്ലാന്‍റ്, മോർച്ചറി, നവീകരിച്ച ഓപ്പറേഷൻ തിയേറ്ററുകൾ എന്നിവയുടെ ഉദ്ഘാടനവും പീഡിയാട്രിക് ഐ.സി.യു.വിന്‍റെ നിർമാണോദ്ഘാടനവുമാണ് മന്ത്രി നിർവ്വഹിച്ചത്.

ഗവൺമെന്‍റ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിച്ചു. വിരമിക്കുന്ന ആശുപത്രി സൂപ്രണ്ട് ഡോ. ഗ്രേസി ഇത്താക്കിനെയും കോവിഡ് മുന്നണി പോരാളികളെയും ചടങ്ങിൽ ആദരിച്ചു.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജമുന വർഗീസ് റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭാധ്യക്ഷ മറിയാമ്മ ജോൺ, ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റ് ബിപിൻ സി.ബാബു, ജില്ലാ പഞ്ചായത്ത്‌ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എം.വി. പ്രിയ, വത്സല മോഹൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മഞ്ജുള, ഹേമലത, കൗൺസിലര്‍ വി. വിജി, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കെ രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറി കെ.ആർ. ദേവദാസ്, ഡെപ്യുട്ടി സൂപ്രണ്ട് ഡോ.കെ.എം. രാജീവ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

READ ALSO  മുടങ്ങി കിടക്കുന്ന പെൻഷൻ അടിയന്തരമായി നൽകണം : കെ കെ എൻ ടി സി