യുക്രൈനില്‍ നിന്ന് റഷ്യ പിന്‍മാറില്ല, പക്ഷേ ചര്‍ച്ചയ്ക്കും ഒത്തുതീര്‍പ്പിനും തയ്യാറെന്ന് പുടിന്‍

മോസ്‌കോ: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഇടപെടലിന് പിന്നാലെ യുക്രൈന്‍ വിഷയത്തില്‍ ചര്‍ച്ചയാവാമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. ചര്‍ച്ചകള്‍ക്കും ഒത്തുതീര്‍പ്പിനും റഷ്യ തയ്യാറാണ്. നയതന്ത്രപരമായ പരിഹാരം കാണാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ യുക്രൈനില്‍ നിന്ന് ഒരിക്കലും റഷ്യ പിന്‍മാറില്ലെന്നും പുടിന്‍ വ്യക്തമാക്കി.

യുക്രൈന്‍ വിഷയത്തില്‍ പുടിനുമായി താന്‍ സംസാരിക്കാന്‍ തയ്യാറാണെന്ന് ബൈഡന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷമായിരുന്നു ഇത്തരമൊരു നിലപാട് ബൈഡന്‍ പ്രഖ്യാപിച്ചത്.പുടിന്‍ വിചാരിച്ചാല്‍ മാത്രമേ യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാന്‍ സാധിക്കൂ. അദ്ദേഹം സൈന്യത്തെ യുക്രൈനില്‍ നിന്ന് പിന്‍വലിക്കണം. യുദ്ധം അവസാനിപ്പിക്കണമെന്ന് പുടിന് ആഗ്രഹമുണ്ടെങ്കില്‍ തീര്‍ച്ചയായും താന്‍ അദ്ദേഹവുമായി സംസാരിക്കുമെന്നും ബൈഡന്‍ വ്യക്താക്കി.

പുടിന്‍ തീര്‍ച്ചയായും ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് അറിയിച്ചു. എന്നാല്‍ യുക്രൈനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ റഷ്യ തയ്യാറല്ലെന്നും പെസ്‌കോവ് പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് എപ്പോഴും ചര്‍ച്ചകള്‍ക്ക് തയ്യാറാണ്. ഞങ്ങളുടെ താല്‍പര്യം കൂടി സംരക്ഷിക്കാനാണിതെന്നും പെസ്‌കോവ് പറഞ്ഞു.യുക്രൈനിലെ പുതിയ പ്രവിശ്യകള്‍ റഷ്യയുടേതായി അംഗീകരിക്കാന്‍ യുഎസ് തയ്യാറായിട്ടില്ല. അതുകൊണ്ട് ഒരു ഒത്തുതീര്‍പ്പ് ഉണ്ടാവാന്‍ സാധ്യത കുറവാണെന്ന് പെസ്‌കോവ് വ്യക്തമാക്കി. പരസ്പര ധാരണപ്രകാരമുള്ള ഒരു ചര്‍ച്ച ഇതിലൂടെ സാധ്യമാകുമോ എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബൈഡന്‍ ഇപ്പോള്‍ എടുക്കുന്ന നിലപാട് ചര്‍ച്ചകള്‍ക്കുള്ള സാധ്യത ഇല്ലാതാക്കുന്നതാണ്. പുടിന്റെ സൈന്യം യുക്രൈനില്‍ നിന്ന് പിന്മാറിയ ശേഷമേ ചര്‍ച്ചയുണ്ടാവൂ എന്നാണ് ബൈഡന്‍ പറഞ്ഞത്. ഞങ്ങള്‍ സൈന്യത്തെ പിന്‍വലിക്കില്ല. പിന്നെങ്ങനെ ചര്‍ച്ച സാധ്യമാകുമെന്നും പെസ്‌കോവ് ചോദിച്ചു. ബൈഡന്റെ ആ നിലപാട് അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

റഷ്യയുടെ താല്‍പര്യങ്ങള്‍ ഏറ്റവും സമാധാനപരമായ രീതിയിലും, നയതന്ത്ര തലത്തിലും സംരക്ഷിക്കാനാണ് പുടിന്‍ താല്‍പര്യപ്പെടുന്നതെന്നും പെസ്‌കോവ് പറഞ്ഞു. അതേസമയം യുക്രൈനില്‍ സൈനിക നീക്കം നടത്തിയതില്‍ തനിക്ക് യാതൊരു വിഷമവും ഇല്ലെന്നും അതോര്‍ത്ത് ദു:ഖിക്കുന്നില്ലെന്നും പുടിന്‍ വ്യക്തമാക്കി. പാശ്ചാത്യ രാജ്യങ്ങളുടെ അഹങ്കാരത്തിനെതിരെയാണ് റഷ്യ നിലനിന്നത്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ച മുതല്‍ റഷ്യ നേരിട്ട് കൊണ്ടിരിക്കുന്ന അപമാനത്തിനുള്ള മറുപടിയാണിതെന്നും പുടിന്‍ പറഞ്ഞിരുന്നു. മാക്രോണും താനും റഷ്യയെ യുക്രൈനിലെ യുദ്ധത്തിന് കാരണക്കാരാക്കും. പുടിന്‍ യുക്രൈനെ പരാജയപ്പെടുത്തുമെന്ന കാര്യം ഒരിക്കലും നടക്കാന്‍ പോകുന്നില്ലെന്നും ബൈഡന്‍ പറഞ്ഞു.