ജോലി നടരാജ് പെന്‍സില്‍ പാക്കിംഗ്.. ശമ്പളം 30000 രൂപ!! എടുത്ത് ചാടിയാല്‍ പണികിട്ടും; തട്ടിപ്പിന്റെ പുതുവഴികള്‍

തിരുവനന്തപുരം: സോഷ്യല്‍ മീഡിയ വിജ്ഞാനത്തിനും വിനോദത്തിനും അപ്പുറം തട്ടിപ്പുകാര്‍ക്കുള്ള സങ്കേതം കൂടിയാണ്. സോഷ്യല്‍ മീഡിയ വഴി നിരവധി പേര്‍ തട്ടിപ്പിനിരയാകുകയും പണം നഷ്ടപ്പെടുകയും ചെയ്യുന്ന സംഭവമുണ്ടായിട്ടുണ്ട്. അത്തരത്തില്‍ കഴിഞ്ഞ കുറച്ച് നാളുകളായി ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ഒരു തട്ടിപ്പാണ് പെന്‍സില്‍ പാക്കിംഗ് ജോലി.

സോഷ്യല്‍ മീഡിയയില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയും ചിലരുടെ അക്കൗണ്ട് ഹാക്ക് ചെയ്തുമാണ് തട്ടിപ്പ് സംഘം പണം തട്ടിയെടുക്കുന്നത്. മാസം 30000 രൂപ ശമ്പളം എന്ന വാഗ്ദാനവുമായാണ് തട്ടിപ്പ് സംഘം ആളുകളെ വലയിലാക്കുന്നത്. ഇതിനായി മറ്റൊന്നും ചെയ്യേണ്ടതില്ല എന്നും വാട്‌സാപ്പ് നമ്പര്‍ മാത്രം മതി എന്നുമാണ് ഇവര്‍ ആദ്യം പറയുന്നത്. പബ്ലിക് ആയിട്ടുള്ള ഫേസ്ബുക്ക് ഗ്രൂപ്പുകളിലും മറ്റും കമന്റ് ആയാണ് ഇവരില്‍ ഭൂരിഭാഗവും ജോലിയുണ്ട് എന്ന് പറഞ്ഞ് രംഗത്തെത്തുന്നത്.

പ്രശസ്തമായ പെന്‍സില്‍ കമ്പനിയായ നടരാജിന്റെ പേരിലാണ് തട്ടിപ്പ് നടത്തുന്നത്. ഇതിനായി വ്യാജ വെബ്‌സൈറ്റ് വരെ ഉണ്ടാക്കി വെച്ചിട്ടുണ്ട്. പെന്‍സില്‍ പാക്ക് ചെയ്യുക എന്നത് മാത്രമാണ് ജോലി എന്നും സമയമോ ടാര്‍ഗറ്റോ തുടങ്ങിയ നിബന്ധനകള്‍ ഒന്നുമില്ല എന്നുമാണ് തട്ടിപ്പുകാര്‍ പറയുന്നത്. പണവും വ്യക്തിഗത വിവരങ്ങളും ബാങ്കിംഗ് രേഖകളും മറ്റ് രേഖകളും കൈക്കലാക്കുകയുമാണ് തട്ടിപ്പുകാരുടെ ലക്ഷ്യം.

പരസ്യം കണ്ട് വാട്‌സാപ്പ് വഴി ബന്ധപ്പെടുന്നവര്‍ക്ക് നേരത്തെ തയ്യാറാക്കി വെച്ച അറിയിപ്പ് ലഭിക്കും. ഒരു ദിവസം 10 എണ്ണം വീതമുള്ള 12 ബോക്‌സുകള്‍ ആണ് പാക്ക് ചെയ്യേണ്ടത് എന്നാണ് പറയുന്നത്. പാക്ക് ചെയ്യേണ്ട രീതികള്‍ വിശദീകരിച്ച് വീഡിയോ വരെ ഇവര്‍ തയ്യാറാക്കി വെച്ചിട്ടുണ്ട്. ജോലി ആവശ്യാര്‍ത്ഥം ബന്ധപ്പെടുന്നവരോട് രജിസ്‌ട്രേഷന്‍ ഫീസായി 750 രൂപയും ഇതോടൊപ്പം ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സംഘം ആവശ്യപ്പെടും.

എന്നാല്‍ രജിസ്‌ട്രേഷന്‍ ഫീസ് ലഭിച്ച് കഴിഞ്ഞാല്‍ പിന്നെ ഇത്തരക്കാരെ ബന്ധപ്പെടാന്‍ സാധിക്കില്ല. ഇത്തരത്തില്‍ നിരവധി പേര്‍ക്കാണ് പണം നഷ്ടപ്പെട്ടിരിക്കുന്നത്. തട്ടിപ്പിനായി ഒന്നിലേറെ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് വിവരം. അതേസമയം ഹിന്ദുസ്ഥാന്‍ പെന്‍സില്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ വെബ്‌സൈറ്റില്‍ തങ്ങള്‍ പൂര്‍ണമായും യന്ത്ര സഹായത്തോടെയാണ് ഉത്പാദനവും പാക്കിംഗും ചെയ്യുന്നത് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. വ്യാജ തൊഴില്‍ അവസരങ്ങളില്‍ വഞ്ചിതരാകരുതെന്നും കമ്പനി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.