Covid19 HEALTH KERALA

മഹാമാരിയിൽ കരുണയായി സൊലസ്

img

തൃശൂർ :കോവിഡ്-19 മഹാമാരിയുടെ കാലത്തു സർക്കാരിനെ പിന്തുണച്ചുകൊണ്ട് കേരളത്തിലെ വിവിധ സർക്കാർ മെഡിക്കൽ കോളേജുകളിലെ പീഡിയാട്രിക് വിഭാഗത്തിലേക്ക് 18 ലക്ഷം രൂപ വിലവരുന്ന 21 ഐ.സി.യു. ബെഡുകളും, 3 നോൺ ഇൻവാസിവ് വെന്റിലേറ്ററുകളും സന്നദ്ധ സംഘടനയായ സൊലസ് കൈമാറി.

ഇതിനുള്ള സാമ്പത്തിക സഹായം നൽകിയത് കുറ്റിപ്പുറം എം.ഇ.എസ്. എഞ്ചിനീയറിംഗ് കോളേജിലെ 2008 ബാച്ച് പൂർവ വിദ്യാർത്ഥികളും, ഓറിഗോൺ മലയാളീ അസോസിയേഷനും (സ്വരം) ചേർന്നാണ്.

 

ഇതിൽ തൃശൂർ ഗവ: മെഡിക്കൽ കോളേജിലേക്കുള്ള 9 ഐ.സി.യു. ബെഡുകളും, 3 നോൺ ഇൻവാസിവ് വെന്റിലേറ്ററുകളും റവന്യൂ വകുപ്പു മന്ത്രി അഡ്വ കെ. രാജൻ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ബിജു കൃഷ്ണനു കൈമാറി. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ലോല ദാസ്, ഡോ. പി. വി. അജയൻ, സൊലസ് സെക്രട്ടറിയും സ്ഥാപകയുമായ ഷീബ അമീർ എന്നിവർ പങ്കെടുത്തു.

കഴിഞ്ഞ 15 വർഷമായി കേരളത്തിലുടനീളം ദീർഘകാല രോഗങ്ങൾ ബാധിച്ചവരും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമായ കുഞ്ഞുങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് സൊലസ്.