GENERAL

സ്വകാര്യ ആവശ്യത്തിന് ഖജനാവിൽ നിന്നും പണം മുടക്കി വിദേശയാത്ര നടത്തിയെന്നാരോപിച്ച്, മുഖ്യമന്ത്രിക്കെതിരെ ഹൈക്കോടതിയിൽ ഹർജി..

img

കൊച്ചി :

പൊതു ആവശ്യത്തിനല്ലാതെ നടത്തിയ വിദേശ യാത്രക്ക് സർക്കാർ ഖജനാവിൽ നിന്ന് വിമാന യാത്രക്കൂലി കൈപ്പറ്റിയെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഹൈക്കോടതിയിൽ ഹർജി .

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത മുഖ്യമന്ത്രി ചട്ടലംഘനം നടത്തിയെന്നും വിജിലൻസ് അന്വേഷണത്തിനു നിർദ്ദേശം നൽകണമെന്നും കൈപ്പറ്റിയ പണം തിരിച്ചു പിടിക്കണമെന്നും ഹർജിയിൽ ആവശ്യം . ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു .

മുഖ്യമന്ത്രിയുടെ യു.എ.ഇ , അമേരിക്കൻ സന്ദർശനങ്ങൾ സർക്കാർ പരിപാടികൾ അല്ലായിരുന്നുവെന്നും സ്വകാര്യ സംഘടനകളുടെ ക്ഷണ പ്രകാരം നടത്തിയ സന്ദർശങ്ങൾക്ക് വിമാനക്കൂലിയിനത്തിൽ 5,76,102 രൂപ കൈപ്പറ്റിയെന്നും ആരോപിച്ചാണ് കന്യാകുമാരി മാർത്താണ്ഡം സ്വദേശി ഡി.ഫ്രാൻസിസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത് .

READ ALSO  കോട്ടയം മെഡി. കോളേജിൽ പുതിയ കാർഡിയോളജി ബ്ലോക്കിന് ഭരണാനുമതി

2016 ഡിസംബർ 21 മുതൽ 24 വരെയായിരുന്നു മുഖ്യമന്ത്രിയുടെ യു.എ.ഇ സന്ദർശനം . ഒരു സ്കുളിന്റെ ഉദ്ഘാടനവും ചില പ്രവാസി സംഘടനകൾ സംഘടിപ്പിച്ച സമ്മേളനങ്ങളിലുമാണ് മുഖ്യമന്ത്രി പങ്കെടുത്തതെന്ന് ഹർജിയിൽ വ്യക്തമാക്കുന്നു .

സന്ദർശന ശേഷം യാത്രാക്കൂലി ഇനത്തിൽ 93,295 രൂപ ഖജനാവിൽ നിന്നു കൈപ്പറ്റി .

ആരാണ് മുഖ്യമന്ത്രിക്ക് വേണ്ടി മുൻകൂർ ടിക്കറ്റ് എടുത്തതെന്ന് വ്യക്തമല്ലെന്നും ടിക്കറ്റ് ചെലവിന്റെ സ്രോതസ് വെളിപ്പെടുത്താൻ മുഖ്യമന്ത്രിക്ക് ബാധ്യത ഉണ്ടന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു .

യു.എ.ഇയിൽ ചെലവേറിയ ഹോട്ടലിലായിരുന്നു താമസം . ആരാണ് പണം മുടക്കിയതെന്നതിനും വ്യക്തതയില്ല .

ഫൊക്കാനാ സമ്മേളനത്തിൽ പങ്കെടുക്കാനായിരുന്നു മുഖ്യമന്ത്രിയുടെ അമേരിക്കൻ സന്ദർശനം . 2018 ജൂലൈ 5 മുതൽ 16 വരെയായിരുന്നു സന്ദർശനം . വിമാനയാത്രാക്കൂലിയിനത്തിൽ 3,82,807 രൂപ കൈപ്പറ്റിയെന്ന് ഹർജിയിൽ പറയുന്നു . വിമാനയാത്രക്കൂലിക്ക് സംഘടന പണം മുടക്കിയതായി കാണുന്നില്ലെന്നും ചെലവിനായി ഒരു ലക്ഷം രൂപ മുഖ്യമന്തി മുൻകൂറായി കരുതിയിരുന്നതായി വിവരമുണ്ടെന്നും ഹർജിയിൽ പറയുന്നു .

READ ALSO  കോട്ടയം മെഡി. കോളേജിൽ പുതിയ കാർഡിയോളജി ബ്ലോക്കിന് ഭരണാനുമതി

പൊതു ആവശ്യത്തിനല്ലാതെ നടത്തിയ യാത്രകൾക്ക് സർക്കാർ ഖജനാവിൽ നിന്നു പണം കൈപ്പറ്റുക വഴി മുഖ്യമന്ത്രി സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും ഇതു കുറ്റകരമായ പെരുമാറ്റ ദൂഷ്യമാണന്നും ഹർജിക്കാരൻ ആരോപിക്കുന്നു .

ഇത് ചൂണ്ടിക്കാട്ടി വിജിലൻസിന് ഫെബ്രുവരി 11ന് പരാതി നൽകിയെങ്കിലും നടപടിയില്ലെന്നും അന്വേഷണം നടത്താൻ ഉത്തരവിടണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഹർജിയിൽ സംസ്ഥാന സർക്കാർ , ദക്ഷിണമേഖല , തിരുവനന്തപുരം വിജിലൻസ് ഡി.വൈ.എസ്.പിമാർ എതിർകക്ഷികളാണ് .

%d bloggers like this: