EDITORIAL

നാളെ നിനക്കും

img

ലോകം രോഗാവസ്ഥയിലെത്തിനിൽക്കുമ്പോൾ മനുഷ്യർ ദയാരഹിതരാകുന്നത് വളരെ സങ്കടകരമാണ്.

കോവിഡ് 19 ബാധിച്ച അയൽവാസികളെയും അടുത്ത ബന്ധുക്കളെ പോലും അറപ്പോടും വെറുപ്പോടും കാണുകയും ദയാരഹിതമായി പെരുമാറുകയും ചെയ്യുന്നവർ ഓർക്കേണ്ട ഒന്നുണ്ട്. കൊറോണ എന്നത് ഇന്നാരെ മാത്രമേ ബാധിക്കൂ എന്നില്ല.

‘എനിക്കു രോഗം വരില്ല’ എന്ന അബദ്ധധാരണ വച്ചുപുലർത്തുന്നവരാണ് പൊതുവിൽ എല്ലാവരും. അത് തികച്ചും തെറ്റാണ്.

മാത്രമല്ല, ഇന്നലെ വരെ എൻ്റെ ബന്ധുവെന്ന് അൽപ്പം അഹങ്കാരത്തോടെ തന്നെ സൂചിപ്പിച്ചിരുന്ന ഒരാൾക്ക് രോഗം ബാധിച്ചുവെന്നറിഞ്ഞാലുടനേ, അതു തൻ്റെയാരുമല്ല എന്നുറപ്പിക്കുകയും അവരെ കൺവെട്ടത്തുനിന്നുതന്നെ അകറ്റുകയും ചെയ്യുന്ന സംഭവങ്ങൾ അടുത്തിടെ നമുക്കു കാണേണ്ടിവരുന്നു.

READ ALSO  ജനങ്ങളുടെ സുരക്ഷയാവണം അടിസ്ഥാനലക്ഷ്യം

ബംഗളുരുവിൽ നിന്നു വന്ന് 14 ദിവസത്തെ ക്വാറൻ്റൈനും പൂർത്തിയാക്കിയ യുവതിയേയും ഏഴും നാലും വയസ്സുള്ള മക്കളേയും വീട്ടിൽ കയറ്റാതെ ഉപേക്ഷിച്ച ബന്ധുക്കളുടെ നിലപാടിനെ അപലപിച്ചുകൊണ്ട് മുഖ്യമന്ത്രി സംസാരിച്ചിരുന്നു. തത്തുല്ല്യമായ സംഭവങ്ങൾ നമ്മുടെ ചുറ്റുപാടും അരങ്ങേറുന്നുണ്ട്. മനുഷ്യൻ ഇത്ര സ്വാർത്ഥചിന്താഗതിയുള്ളവരായി മാറുന്നതെന്തുകൊണ്ടാണ്?

രോഗബാധിതരെയും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സമൂഹജീവികൾ എന്ന നിലയിൽ നമുക്കുണ്ട്. ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടും സാമൂഹിക അകലം പാലിച്ചുകൊണ്ടും രോഗികളെ സഹായിക്കാനും അവർക്ക് മരുന്നും ഭക്ഷണസാധനങ്ങളും എത്തിച്ചുകൊടുക്കാനും നാം ധാർമ്മികമായി ബാദ്ധ്യസ്ഥരാണ്.

ക്വാറൻ്റൈനിലുള്ളവരെ സഹായിക്കുന്നതിന് വാർഡുതലത്തിൽ കമ്മറ്റികളും ‘ദിശ’ ആരോഗ്യ ഹെൽപ്പ് ലൈനും ഇ-സഞ്ജീവനി ടെലി മെഡിസിൻ സൗകര്യവും സർക്കാർ തന്നെ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അതുകൊണ്ട് നമുക്ക് ഈ സാമൂഹ്യ വിപത്തിൻ്റെ കാലത്ത് പ്രത്യേകിച്ച് ഉത്തരവാദിത്തങ്ങളൊന്നും ഇല്ലായെന്നു കരുതരുത്. ഇന്നല്ലെങ്കിൽ നാളെ ഇതെനിക്കും വരാം എന്ന തിരിച്ചറിവോടെ തന്നെയാവണം നമ്മുടെ പ്രവൃത്തികൾ.

READ ALSO  ജനങ്ങളുടെ സുരക്ഷയാവണം അടിസ്ഥാനലക്ഷ്യം

ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ അനുസരിക്കാൻ നമ്മുടെ ധാർഷ്ട്യം അനുവദിക്കാതിരുന്നതാണ് ഒരു പരിധി വരെ രോഗം ഇത്തരത്തിൽ പടരാൻ ഇടയാക്കിയത്. അപ്പൊഴും നമ്മുടെ ചിന്ത ‘രോഗം എന്നെ ബാധിക്കില്ലെ’ന്നായിരുന്നു. അതിൻ്റെ ഫലം അനുഭവിച്ചുതുടങ്ങിയപ്പോൾ രോഗികളെ ആട്ടിയോടിക്കുന്ന സമീപനം.

മുഖ്യമന്ത്രിയുടെ വാക്കുകൾ കടമെടുത്താൽ, “ഈ മഹാമാരിയെ തടുത്തുനിർത്താൻ നമ്മുടെ കയ്യിലുള്ള ഏറ്റവും മഹത്തായ ആയുധം മനുഷ്യത്വമാണ്. അപരനെക്കുറിച്ചുള്ള കരുതലും ദയയും ത്യാഗമനസ്ഥിതിയും ഉയർത്തിപ്പിടിച്ചാൽ മാത്രമേ നമുക്ക് ഈ ഘട്ടത്തെ വിജയകരമായി കടന്നു മുന്നോട്ടു പോകാൻ കഴിയുകയുള്ളൂ. അതു മനസ്സിലാക്കാത്തവർ‍ ഓർക്കേണ്ടത് നാളെ ഈ രോഗം ആർക്കും വരാം എന്നാണ്.”

%d bloggers like this: