കാസർകോട് : നിലേശ്വരം പ്ലാസ്റ്റിക് സംസ്‌കരണത്തില്‍ വിജയഗാഥ തീര്‍ത്ത് നീലേശ്വരം നഗരസഭ. ചിറപ്പുറം മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ നിന്നു സംസ്‌കരിച്ച് പൊടിച്ചെടുത്ത 4.860 ടണ്‍ പ്ലാസ്റ്റിക് ഉത്പ്പന്നം റോഡ് നിര്‍മ്മാണത്തിനായി ക്ലീന്‍ കേരളയ്ക്ക് കൈമാറി. ഇത് വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ റോഡ് നിര്‍മ്മാണത്തിനായി ഉപയോഗിക്കും.
നഗരസഭയിലെ 32 വാര്‍ഡുകളിലെ വീടുകളില്‍ നിന്നും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ഹരിത കര്‍മ്മസേനാംഗങ്ങള്‍ ശേഖരിച്ച് കഴുകി വൃത്തിയാക്കി ഉണക്കിയെടുത്ത പ്ലാസ്റ്റിക്, പ്ലാന്റിലെ ശ്രേഡ്ഡിംഗ് യൂണിറ്റില്‍ നിന്നു പൊടിച്ചെടുത്താണ് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുന്നത്. പുന:ചംക്രമണ സാധ്യതയുള്ള ഷെഡ് ചെയ്ത പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനി നഗരസഭയ്ക്ക് തുക നല്‍കി ഏറ്റെടുക്കുകയും പുനചംക്രമണ സാധ്യതയില്ലാത്ത പ്ലാസ്റ്റിക്കുകള്‍ നഗരസഭ ക്ലീന്‍ കേരള കമ്പനിക്ക് പണം അങ്ങോട്ടു നല്‍കി കൈമാറുകയും ചെയ്യുന്നു. ഷ്രെഡ്ഡിംഗിനും ബെയ്‌ലിങ്ങിനുമായി രണ്ട് യന്ത്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ ശേഷിയുള്ള പ്ലാസ്റ്റിക് ഷ്രെഡ്ഡിംഗ് മെഷീനും ബെയിലിംഗ് മെഷീനും കൂടി 2021 – 22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാങ്ങിക്കുന്നതിന് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി.
അജൈവ മാലിന്യങ്ങള്‍ക്കൊപ്പം ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് കുപ്പികള്‍ കൗതുക വസ്തുക്കളാക്കി ഉപയോഗിക്കുന്നതിനും നഗരസഭ പ്രോത്സാഹനവും പ്ലാസ്റ്റിക്ക് കുപ്പികള്‍ പുനരുപയോഗത്തിനായി ബോധവല്‍ക്കരണവും നല്‍കുന്നു. മാസത്തില്‍ ഒരിക്കല്‍ വീടുകളില്‍ നിന്നും, ഒന്നിടവിട്ട മാസങ്ങളില്‍ കടകളില്‍ നിന്നും, ഹരിത കര്‍മ സേനാംഗങ്ങള്‍ മാലിന്യ ശേഖരണം നടത്തിവരുന്നു. പ്ലാസ്റ്റിക്കുകളുടെ ഗുണമേന്മയ്ക്കനുസരിച്ച് തരം തിരിച്ചാണ് ക്ലീന്‍ കേരളാ കമ്പനിക്ക് കയറ്റി അയക്കുന്നത്. ഏറ്റവും കനം കുറഞ്ഞ പ്ലാസ്റ്റിക്കുകള്‍ റോഡ് ടാറിംഗിന് ഉപയോഗിക്കുന്നു.
ജൈവ മാലിന്യ സംസ്‌കരണത്തിന് വിവിധ പദ്ധതി വര്‍ഷങ്ങളിലായി വീടുകളിലും, സ്ഥാപനങ്ങളിലും, പൈപ്പ് കമ്പോസ്റ്റ് , റിംഗ് കമ്പോസ്റ്റ്, ബയോഗ്യാസ് പ്ലാന്റ് എന്നിവയും സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാന തലത്തില്‍ ഏറ്റവും കൂടുതല്‍ ബെയില്‍ഡ് പ്ലാസ്റ്റിക് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറിയതിനുള്ള അംഗീകാരവും നീലേശ്വരം നഗരസഭയ്ക്ക് ലഭിച്ചു. കൂടാതെ മാലിന്യ സംസ്‌കരണ രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കുള്ള സംസ്ഥാന തല പുരസ്‌കാരമായ നവകേരള പുരസ്‌കാരവും നീലേശ്വരം നഗരസഭയ്ക്ക് ലഭിച്ചിട്ടുണ്ട്
