ന്യൂമോണിയ ബാധ തടയാന്‍ കുട്ടികള്‍ക്ക് നല്‍കുന്ന വാക്‌സീന്‍ വിതരണം ഒക്ടോബര്‍ ഒന്നുമുതല്‍

തിരുവനന്തപുരo : ന്യൂമോണിയ ബാധ തടയാന്‍ കുട്ടികള്‍ക്ക് നല്‍കുന്ന വാക്‌സീന്‍ വിതരണം ഒക്ടോബര്‍ ഒന്നുമുതല്‍ ആരംഭിക്കും. കേന്ദ്ര പദ്ധതിയുടെ ഭാഗമായി ന്യൂമോ കോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സീന്‍ മൂന്നു ഡോസായി ഒരു വയസില്‍ താഴെയുളള കുട്ടികള്‍ക്കാണ് നല്കുന്നത്. ഇപ്പോള്‍ കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പുകള്‍ ലഭിക്കുന്ന എല്ലാ സെന്ററുകളിലൂടെയും വാക്‌സീന്‍ നല്‍കും. ഗുരുതര ന്യൂമോണിയയ്ക്ക് കാരണമാകുന്ന ന്യൂമോകോക്കല്‍ ബാക്ടീരിയയെ പ്രതിരോധിക്കാനാണ് ഒരു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് വാക്‌സീന്‍ വിതരണം ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി 2017 മുതല്‍ അഞ്ച് സംസ്ഥാനങ്ങളില്‍ വിതരണമുള്ള വാക്‌സിനേഷന്റെ ഭാഗമാകുകയാണ് സംസ്ഥാനവും.

വെളളിയാഴ്ച തിരുവനന്തപുരത്ത് ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും. ഒന്നരമാസക്കാര്‍ക്കാണ് ആദ്യം കുത്തിവയ്പ് . പിഎച്ച്‌സികള്‍, സി എച്ച് എസികള്‍, താലൂക്ക് ആശുപത്രികള്‍ തുടങ്ങി സാധാരണ കുട്ടികള്‍ക്ക് വാക്‌സീന്‍ നല്കുന്ന സര്‍ക്കാര്‍ ആശുപത്രികളിലൂടെയെല്ലാം കുത്തിവയ്പ് ലഭിക്കും.മൂന്നര, ഒന്‍പത് മാസപ്രായപരിധിയിലാണ് അടുത്ത ഡോസുകള്‍ എടുക്കേണ്ടത്.

കോവിഡ് മൂന്നാം തരംഗത്തില്‍ കുട്ടികളെ കൂടുതല്‍ ബാധിച്ചേക്കുമെന്നതിനാല്‍, ന്യൂമോണിയ ബാധ തടയാനാണ് കുത്തിവയ്പ് നല്കുന്നത്. രക്തം, ചെവി , സൈനസ് എന്നിവയിലെ അണുബാധ, മെനിഞ്ചൈറ്റിസ് എന്നിവയ്ക്കും ഈ ബാക്ടീരിയ കാരണമാകുന്നുണ്ട്. രാജ്യത്ത് ആയിരത്തില്‍ ഏഴു കുഞ്ഞുങ്ങള്‍ ന്യൂമോണിയ ബാധിച്ച് മരിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. യൂനിവേഴ്‌സല്‍ ഇമ്യൂണൈസേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി സൗജന്യമായാണ് വിതരണം. വാക്‌സീനൊപ്പം ഈ പ്രായത്തിലെടുക്കേണ്ട മറ്റ് കുത്തിവയ്പുകളും സ്വീകരിക്കാം.