ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിന് മൊറോക്കോ, സ്പെയിന്‍ പുറത്ത്

ദോഹ: സ്വിറ്റ്‌സര്‍ലന്‍ഡിനെ തോല്‍പ്പിച്ച് 6-1 തകര്‍ത്ത് പോര്‍ച്ചുഗലും സ്പെയിനിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ അട്ടിമറിച്ച് (3-0) മൊറോക്കോയും ലോകകപ്പ് ഫുട്ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ശനിയാഴ്ച രാത്രി 8.30-ന് പോര്‍ച്ചുഗല്‍ മൊറോക്കോയെ നേരിടും. പോര്‍ച്ചുഗലിനുവേണ്ടി ഗോണ്‍സാലോ റാമോസ് ഹാട്രിക് നേടി. ഈ ലോകകപ്പിലെ ആദ്യ ഹാട്രിക്കാണിത്. പെപ്പെ, റാഫേല്‍ ഗുറെയ്‌റോ, റാഫേല്‍ ലിയാവോ എന്നിവര്‍ പട്ടിക തികച്ചു. മാനുവല്‍ അകാന്‍ജിയാണ് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ആശ്വാസ ഗോള്‍ നേടിയത്.

ആഫ്രിക്കന്‍ കരുത്തരായ മൊറോക്കോ ആദ്യമായാണ് ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്നത്. നിശ്ചിതസമയത്തും അധികസമയത്തും ഗോള്‍രഹിത സമനിലയായതോടെയാണ് സ്പെയിനിനെതിരായ മത്സരം ഷൂട്ടൗട്ടിലേക്കു നീണ്ടത്. സ്പാനിഷ് താരങ്ങളുടെ ആദ്യ മൂന്ന് കിക്കുകളില്‍ രണ്ട് എണ്ണവും രക്ഷപ്പെടുത്തി യാസ്സിന്‍ ബോനോ മൊറോക്കോയുടെ താരമായി. മൊറോക്കോയ്ക്കായി അബ്ദുള്‍ഹമിദ് സബിരി, ഹക്കീം സിയെച്ച്, അഷ്റഫ് ഹക്കീമി എന്നിവര്‍ പന്ത് വലയിലെത്തിച്ചു.

നായകനും സൂപ്പര്‍ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പകരം ടീമിലിടം നേടുന്നു… ലോകകപ്പില്‍ ആദ്യമായി സ്റ്റാര്‍ട്ടിങ് ലൈനപ്പില്‍ സ്ഥാനം ലഭിക്കുന്നു.മൂന്ന് ഗോളടിച്ച് ഖത്തര്‍ ലോകകപ്പിലെ ആദ്യ ഹാട്രിക്ക് നേടുന്നു… ഗോണ്‍സാലോ റാമോസ് എന്ന 21-കാരന്‍ പോര്‍ച്ചുഗീസ് പയ്യന്റെ പ്രകടനമാണിത്. സ്വിറ്റ്സര്‍ലന്‍ഡിനെതിരായ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പോര്‍ച്ചുഗല്‍ ഒന്നിനെതിരേ ആറുഗോളുകള്‍ക്ക് തകര്‍പ്പന്‍ വിജയം നേടുമ്പോള്‍ ആ ഉജ്ജ്വല പ്രകടനത്തിന് ചുക്കാന്‍ പിടിച്ചത് റാമോസാണ്. മുന്നേറ്റനിരയില്‍ അത്ഭുതപ്രകടനം പുറത്തെടുത്ത റാമോസ് ഹാട്രിക്കുമായി ടീമിനെ മുന്നില്‍ നിന്ന് നയിച്ചു. 17, 51, 67 മിനിറ്റുകളിലാണ് താരം ലക്ഷ്യം കണ്ടത്. പെപ്പെ, റാഫേല്‍ ഗുറെയ്റോ, റാഫേല്‍ ലിയോ എന്നിവരും പോര്‍ച്ചുഗീസ് പടയ്ക്ക് വേണ്ടി ലക്ഷ്യം കണ്ടു. ഈ ആധികാരിക വിജയത്തോടെ പോര്‍ച്ചുഗല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ക്വാര്‍ട്ടറില്‍ മൊറോക്കോയാണ് പോര്‍ച്ചുഗീസ് പടയുടെ എതിരാളികള്‍. ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തില്‍ 1966-ന് ശേഷം ഇതാദ്യമായാണ് പോര്‍ച്ചുഗല്‍ നാലിലധികം ഗോളുകള്‍ ഒരു മത്സരത്തില്‍ അടിച്ചുകൂട്ടുന്നത്.

ഷൂട്ടൗട്ടില്‍ സ്പാനിഷ് കണ്ണീര്‍; മൊറോക്കോ ക്വാര്‍ട്ടറില്‍

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സ്പെയിനിനെ തകര്‍ത്ത് മൊറോക്കോ ക്വാര്‍ട്ടറില്‍. ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ ഒരു കിക്ക് പോലും വലയിലെത്തിക്കാനാകാതെയാണ് സ്പെയിന്‍ മടങ്ങുന്നത്. 3-0നായിരുന്നു ഷൂട്ടൗട്ടില്‍ മൊറോക്കോയുടെ ജയം. സ്പാനിഷ് താരങ്ങളുടെ ആദ്യ മൂന്ന് കിക്കുകളില്‍ രണ്ട് എണ്ണവും രക്ഷപ്പെടുത്തി യാസ്സിന്‍ ബോനോ മൊറോക്കോയുടെ താരമായി. കാര്‍ലോസ് സോളറിന്റെയും സെര്‍ജിയോ ബുസ്‌ക്വെറ്റ്സിന്റെയും കിക്കുകളാണ് ബോനു തടുത്തിട്ടത്. പാബ്ലോ സരാബിയ എടുത്ത കിക്ക് പോസ്റ്റില്‍ തട്ടി മടങ്ങി. മൊറോക്കോയ്ക്കായി അബ്ദുള്‍ഹമിദ് സബിരി, ഹക്കീം സിയെച്ച്, അഷ്റഫ് ഹക്കീമി എന്നിവര്‍ പന്ത് വലയിലെത്തിച്ചു. ബദര്‍ ബെനൗണിന്റെ ഷോട്ട് സ്പാനിഷ് ഗോള്‍കീപ്പര്‍ ഉനായ് സിമോണ്‍ തടുത്തു. 2018-ന് പിന്നാലെ ഇതോടെ 2022-ലും സ്പെയിന്‍ പ്രീ ക്വാര്‍ട്ടറില്‍ മടങ്ങി. നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമും ഗോളടിക്കാതിരുന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. 120 മിനിറ്റിലുടനീളം 13 ഷോട്ടുകളാണ് സ്പെയിനിന്റെ ഭാഗത്തു നിന്നുണ്ടായത്. ഇതില്‍ ലക്ഷ്യം കണ്ടത് ഒന്നുമാത്രം. പതിവുപോലെ പന്തടക്കത്തില്‍ മുന്നില്‍നിന്ന സ്പെയിനിന് പക്ഷേ മൊറോക്കന്‍ പ്രതിരോധം ഭേദിക്കാനായില്ല.