രാഷ്ട്രപതി ദ്രൗപതി മുർമുവിന് കേരളത്തിൽ ഉജ്ജ്വല സ്വീകരണം

കൊച്ചി : കേരളത്തിൽ ആദ്യ സന്ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമുവിന് ഉജ്ജ്വല സ്വീകരണം. ഇന്ത്യൻ എയർഫോഴ്‌‌സിന്റെ പ്രത്യേക വിമാനത്തിൽ നെടുമ്പാശേരിയിലെ കൊച്ചി ഇന്റർനാഷണൽ വിമാനത്താവളത്തിൽ വ്യാഴാഴ്‌ച്ച ഉച്ചയ്ക്ക് 1.45ന് എത്തിയ രാഷ്‌ട്രപതിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, ചീഫ് സെക്രട്ടി വി.പി ജോയ്, ഡിജിപി അനിൽകാന്ത്, റിയർ അഡ്മിറൽ അജയ് ഡി തിയോഫിലസ്, ജില്ലാ കളക്‌ട‌ർ എൻ എസ് കെ ഉമേഷ്, റൂറൽ എസ് പി വിവേക് കുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു.

മൂന്നുദിവസത്തെ കേരള സന്ദർശനത്തിന് എത്തിയ രാഷ്ട്രപതി തദ്ദേശീയമായി നിർമ്മിച്ച ആദ്യവിമാന വാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്ത് സന്ദർശിക്കും. തുടർന്ന് നാവിക സേനയുടെ പരിശീലനകേന്ദ്രമായ ഐഎൻഎസ് ദ്രോണാചാര്യയിലെ പരിപാടിയിൽ പങ്കെടുക്കും. വൈകിട്ട് കൊച്ചി ഇന്റർനാഷണൽ വിമാനത്താവളത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്രയാകും.