ദില്ലി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാ ബെൻ (100) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസമായിരുന്നു ഹീരാ ബെന്നിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിയോഗ വിവരമറിഞ്ഞ് പ്രധാനമന്ത്രി അഹമ്മദാബാദിലേക്ക് തിരിച്ചു.
‘യുഎൻ മേത്ത ഹാർട്ട് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ 30/12/2022 പുലർച്ചെ 3:39 ന് ശ്രീമതി ഹീരാബ മോദി അന്തരിച്ചു’ ബുധനാഴ്ച മുതൽ അവരെ പ്രവേശിപ്പിച്ചിരുന്ന ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനിലൂടെ വ്യക്തമാക്കി. പ്രധാനമന്ത്രി മോദിയുടെ ഇളയ സഹോദരൻ പങ്കജ് മോദിയ്‌ക്കൊപ്പം ഗാന്ധിനഗറിനടുത്തുള്ള റെയ്‌സൻ ഗ്രാമത്തിലായിരുന്നു ഹീരാബെൻ താമസിച്ചിരുന്നത്.ഗുജറാത്ത് സന്ദർശന വേളയിൽ പ്രധാനമന്ത്രി പതിവായി അനിയന്റെ വീടി സന്ദർശിക്കുകയും അമ്മയ്‌ക്കൊപ്പം സമയം ചെലവഴിക്കുകയും ചെയ്യുമായിരുന്നു. “മഹത്തായ ഒരു നൂറ്റാണ്ട് ദൈവത്തിന്റെ പാദങ്ങളിൽ കുടികൊള്ളുന്നു… ഒരു സന്യാസിയുടെ യാത്രയും നിസ്വാർത്ഥ കർമ്മയോഗിയുടെ പ്രതീകവും മൂല്യങ്ങളോട് പ്രതിബദ്ധതയുള്ള ജീവിതവും അടങ്ങുന്ന ആ ത്രിത്വം എനിക്ക് എപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്”, എന്നാണ് അമ്മയെ അനുസ്മരിച്ചുകൊണ്ട് നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചത്.
വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി പശ്ചിമ ബംഗാൾ സന്ദർശിക്കാനിരിക്കെയാണ് അമ്മയുടെ വിയോഗ വാർത്തയറിഞ്ഞ് പ്രധാനമന്ത്രി മോദി അഹമ്മദാബാദിലേക്ക് പുറപ്പെട്ടത്. വീഡിയോ കോൺഫറൻസിംഗിലൂടെയാിരിക്കും അദ്ദേഹം പരിപാടികളിൽ പങ്കെടുക്കുകയെന്നാണ് സൂചന. ഈ വർഷം ജൂണിൽ പ്രധാനമന്ത്രി മോദി തന്റെ 99-ാം ജന്മദിനത്തിൽ അമ്മയെ കുറിച്ച് ഒരു ബ്ലോഗ് എഴുതിയിരുന്നു. തന്റെ മനസ്സിനെയും വ്യക്തിത്വത്തെയും ആത്മവിശ്വാസത്തെയും രൂപപ്പെടുത്തിയ അമ്മയുടെ ജീവിതത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചായിരുന്നു പ്രധാനമന്ത്രി ബ്ലോഗിൽ കുറിച്ചത്.
“ഇത് അമ്മയുടെ ജന്മശതാബ്ദി വർഷമായിരിക്കും. എന്റെ അച്ഛൻ ജീവിച്ചിരുന്നെങ്കിൽ അദ്ദേഹവും കഴിഞ്ഞയാഴ്ച തന്റെ നൂറാം ജന്മദിനം ആഘോഷിക്കുമായിരുന്നു. 2022 ഒരു പ്രത്യേക വർഷമാണ്, കാരണം എന്റെ അമ്മയുടെ ശതാബ്ദി വർഷം ആരംഭിക്കുന്നു, എന്റെ അച്ഛൻ അവന്റെ പൂർണ്ണത പൂർത്തിയാക്കുമായിരുന്നു, “അദ്ദേഹം ബ്ലോഗ് പോസ്റ്റിൽ എഴുതി താനുമായി താരതമ്യപ്പെടുത്തുമ്പോൾ തന്റെ അമ്മയുടെ ബാല്യം അത്യന്തം ദുഷ്‌കരമായിരുന്നുവെന്നും ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ അവർക്ക് അമ്മയെ നഷ്ടപ്പെട്ടുവെന്നും അത് അവരെ വേദനിപ്പിച്ചുവെന്നും പ്രധാനമന്ത്രി ബ്ലോഗിൽ പറഞ്ഞിരുന്നു.
“അമ്മ വീട്ടുചെലവുകൾക്കായി കുറച്ച് വീടുകളിൽ പാത്രങ്ങൾ കഴുകാറുണ്ടായിരുന്നു. ഞങ്ങളുടെ തുച്ഛമായ വരുമാനം വർധിപ്പിക്കാൻ ചർക്ക നൂൽക്കാൻ സമയമെടുക്കും,” – കുടുംബത്തിലെ പ്രയാസങ്ങളുടെ ആദ്യനാളുകൾ വിവരിച്ചുകൊണ്ട് പ്രധാനമന്ത്രി എഴുതി. “ഞാൻ അമ്മയെ സന്ദർശിക്കാൻ ഗാന്ധിനഗറിൽ പോകുമ്പോഴെല്ലാം, അവർ സ്വന്തം കൈകൊണ്ട് എനിക്ക് മധുരപലഹാരങ്ങൾ ഉണ്ടാക്കി തരുന്നു. ഒരു കൊച്ചുകുട്ടിയുടെ അമ്മയെപ്പോലെ, അവൾ ഒരു തൂവാലയെടുത്ത് ഞാൻ കഴിച്ചുകഴിഞ്ഞാൽ എന്റെ മുഖം തുടയ്ക്കുന്നു. അവരുടെ കൈയ്യിൽ എപ്പോഴും ഒരു തൂവാലയോ ചെറിയ ടവലോ ഉണ്ടാവും,” – എന്നും മോദി കൂട്ടിച്ചേർത്തിരുന്നു.
