ART KERALA SPECIAL REPORTER സാഹിത്യം.

‘അഞ്ച് അശ്ലീല കഥകളുടെ’ പ്രകാശനത്തിലൂടെ ജലകന്യകയുടെ പ്രതിഷേധം

img

തിരുവനന്തപുരം: ബാബു കുഴിമറ്റത്തിന്റെ ഏറ്റവും പുതിയ പുസ്തകം “അഞ്ച് അശ്ലീല കഥകൾ” പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വിഖ്യാത ശില്പി കാനായി കുഞ്ഞിരാമന് ആദ്യപ്രതി നൽകി പ്രകാശനം നിർവ്വഹിച്ചപ്പോൾ, തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്തെ ജലകന്യകയുടെ സവിധം അക്ഷരാർത്ഥത്തിൽ ഒരു പ്രതിഷേധ വേദികൂടി ആവുകയായിരുന്നു.

ലോകപ്രശസ്തി പിടിച്ചുപറ്റിയ കാനായി കുഞ്ഞിരാമന്റെ വിഖ്യാത ശിൽപ്പത്തിനരുകിൽ തുരുമ്പെടുത്ത ഒരു ഹെലിക്കോപ്റ്റർ സ്‌ഥാപിച്ച്‌ ശിൽപ്പത്തെ അവഹേളിക്കാൻ സംസ്‌ഥാന സാംസ്ക്കാരിക, ടൂറിസം വകുപ്പുകൾ ബോധപൂർവ്വം ശ്രമിക്കുന്നു എന്ന ആരോപണം ശക്തമായി സാംസ്ക്കാരിക ലോകത്ത് അലയടിക്കുന്ന വേളയിലാണ് അഞ്ച് അശ്ലീലകഥകൾ ജലകന്യകയുടെ കണ്മുന്നിൽ പ്രകാശിപ്പിക്കപ്പെട്ടത്.

എംബാം ചെയ്ത മൃതശരീരം പോലുള്ള ജീവനറ്റ്, തുരുമ്പ് തിന്നുന്ന “ഈ ആക്രി ഹെലികോപ്റ്റർ” അവിടെനിന്നും നീക്കം ചെയ്യുവാൻ ബന്ധപ്പെട്ടവരോട് ആവശ്യപ്പെടുമെന്ന് പുസ്തക പ്രകാശനം നിർവ്വഹിച്ചുകൊണ്ട് പ്രതിപക്ഷനേതാവ് അറിയിച്ചു.

പീഡിതയാവുന്ന മകളെ നിസ്സഹായയായി നോക്കിനിൽക്കേണ്ടി വരുന്ന മാതാവിന്റെ മാനസീകാവസ്‌ഥയിലാണ് താനെന്ന് പുസ്തകം സ്വീകരിച്ചുകൊണ്ട് കാനായി കുഞ്ഞിരാമൻ അഭിപ്രായപ്പെട്ടു. ഒരു മതിൽക്കെട്ടിനപ്പുറം ജീവനുള്ള യന്ത്രപ്പക്ഷികൾ പറന്നുയരുന്ന കാഴ്ച കാണാമെന്നിരിക്കെ, തുരുമ്പെടുത്ത ഹെലിക്കോപ്റ്റർ മതിലിനു പുറത്ത് സ്‌ഥാപിച്ചതിലെ സാംഗത്യം മനസ്സിലാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ജലകന്യകയോടുള്ള അനാദരവും, അവഹേളനവുമാണ് തൊട്ടടുത്ത് കേടായ യന്ത്രം സ്‌ഥാപിച്ചതിലൂടെ സംഭവിച്ചതെന്നും, സാംസ്ക്കാരിക കേരളം ഇതിനെതിരെ ശബ്ദമുയർത്തണമെന്നും, അടിയന്തിരമായി ഹെലിക്കോപ്റ്റർ മാറ്റി സ്‌ഥാപിച്ചില്ലെങ്കിൽ കലാ, സാംസ്ക്കാരിക പ്രവർത്തകരെ അണിനിരത്തി ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും മറുപടി പ്രസംഗത്തിൽ കഥാകൃത്ത് ബാബു കുഴിമറ്റം അഭിപ്രായപ്പെട്ടു.

ഡോ.എം.ആർ.തമ്പാൻ, ഡോ. വിളക്കുടി രാജേന്ദ്രൻ, ഫാ.സുനിൽ സി,ഇ., ജഗദീഷ് കോവളം, വിനു എബ്രഹാം, വി.എസ്. അജിത്, സുദർശനൻ തുടങ്ങി ഒട്ടേറെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

%d bloggers like this: