സ്‌പെയിനെ അട്ടിമറിച്ച് ജപ്പാന്‍; മൊറോക്കോയും മുന്നോട്ട്, ജര്‍മനി മടങ്ങി

വിജയം അനിവാര്യമായ ഗ്രൂപ്പ് ഇയിലെ അവസാന മത്സരത്തില്‍ 2010-ലെ ചാമ്പ്യന്മാരായ സ്‌പെയിനിനോട് ഒരു ഗോള്‍ വഴങ്ങിയ ശേഷം രണ്ടെണ്ണം അത്ഭുതകരമായ തിരിച്ചടിച്ചാണ് ജപ്പാന്റെ കുതിപ്പ്. മനോഹരമായ ടിക്കി ടാക്ക കൊണ്ട് ആദ്യ മത്സരത്തില്‍ കോസ്റ്ററീക്കയെ ആറ് ഗോളില്‍ മുക്കിയ ചരിത്രമുള്ള സ്‌പെയിന്‍ ഗ്രൂപ്പ് റൗണ്ടില്‍ നേരിടുന്ന ആദ്യ തോല്‍വിയാണിത്. പതിനൊന്നാം മിനിറ്റില്‍ തന്നെ സ്‌പെയിന്‍ ലീഡ് നേടി. അല്‍വരോ മൊറാട്ടയുടെ എണ്ണം പറഞ്ഞ ഗോളിലൂടെ.

നാല്‍പത്തിയെട്ടാം മിനിറ്റില്‍ റിറ്റ്‌സു ഡാവോനാണ് കണക്കുകൂട്ടല്‍ തെറ്റിച്ച് ജപ്പാനെ ഒപ്പമെത്തിച്ചത്. മൂന്ന് മിനിറ്റേ വേണ്ടിവന്നുള്ളൂ. ജപ്പാന്‍ വീണ്ടും വല കുലുക്കി. ആവോ തനാക്കയുടെ ഗോളില്‍. എന്നാല്‍, ഈ പന്ത് ഡാവോന്‍ പോസ്റ്റിന് മുന്നിലേയ്ക്ക് ചെത്തിയിടുമ്പോള്‍ ഗോള്‍ലൈ കടന്നിരുന്നുവെന്നായിരുന്നു റഫറിയുടെ വിധി. എന്നാല്‍, വാര്‍ പരിശോധിച്ചപ്പോള്‍ ജപ്പാന്‍ രക്ഷപ്പെട്ടു. അവിശ്വസനീയമായ ലീഡ്. അത്യന്തം നാടകീയമായാണ് ജപ്പാന് ഈ ഗോള്‍ അനുവദിക്കപ്പട്ടത്. അവസാന നിമിഷം തിരമാല പോലെ സ്‌പെയിന്‍ ഇരമ്പിക്കൊണ്ടിരുന്നെങ്കിലും ഗോളി ഗോണ്ടയും സെന്‍ട്രല്‍ ഡിഫന്‍ഡര്‍ യോഷിദയും വന്‍മതിലുകളായി.

അടിച്ചു, തിരിച്ചടിച്ചു. ഒടുക്കം വിജയത്തോടെ മടങ്ങി. പക്ഷേ പ്രീ ക്വാര്‍ട്ടറിലെത്താന്‍ അത് മതിയായിരുന്നില്ല. 2018-ന്റെ ആവര്‍ത്തനമെന്ന പോലെ ജര്‍മനി ഗ്രൂപ്പ് സ്റ്റേജില്‍ തന്നെ മടങ്ങി. ആധിപത്യത്തോടെ പന്ത് തട്ടിക്കൊണ്ടിരുന്ന ജര്‍മന്‍ സംഘം എല്ലാം നഷ്ടപ്പെട്ടവരെപ്പോലെ അല്‍ ബെയ്ത്ത് സ്റ്റേഡിയത്തില്‍ കണ്ണീരണിഞ്ഞു. രണ്ടിനെതിരേ നാല് ഗോളുകള്‍ക്കാണ് ജര്‍മനി കോസ്റ്ററീക്കയെ തോല്‍പ്പിച്ചത്. അപ്പൊഴേക്കും ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ജപ്പാന്‍ സ്പെയ്നിനെ അട്ടിമറിച്ചിരുന്നു. ഗ്രൂപ്പ് ചാമ്പ്യന്മാരായി ജപ്പാന്‍ പ്രീക്വാര്‍ട്ടറിലെത്തി. സ്പെയ്നിനും ജര്‍മനിക്കും നാല് പോയന്റായി. പക്ഷേ ഉയര്‍ന്ന ഗോള്‍ വ്യത്യാസം ജര്‍മനിക്ക് തിരിച്ചടിയായി. പട്ടികയില്‍ രണ്ടാം സ്ഥാനക്കാരായി ജര്‍മനി പുറത്തേക്ക്.. ഗോള്‍ വ്യത്യാസത്തിന്റെ അടിസ്ഥാനത്തില്‍ സ്പെയ്ന്‍ ജര്‍മനിയെ മറികടന്ന് പ്രീ ക്വാര്‍ട്ടറിലെത്തി.

കാനഡയ്ക്ക് നിരാശ തന്നെ;

ഗ്രൂപ്പ് ചാമ്പ്യന്‍മാരായി മൊറോക്കോ അവസാന ഗ്രൂപ്പ് മത്സരത്തില്‍ കാനഡയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് മറികടന്ന് ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് മൊറോക്കോയുടെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം. ഹക്കീം സിയെച്ചും യൂസഫ് എന്‍ നെസിരിയും മൊറോക്കോയ്ക്കായി സ്‌കോര്‍ ചെയ്തപ്പോള്‍ 40-ാം മിനിറ്റില്‍ മൊറോക്കന്‍ ഡിഫന്‍ഡര്‍ നയെഫ് അഗ്വേര്‍ഡിന്റെ സെല്‍ഫ് ഗോള്‍ കാനഡയുടെ അക്കൗണ്ടിലെത്തി. ഗ്രൂപ്പില്‍ കളിച്ച മൂന്ന് മത്സരങ്ങളും തോറ്റ് നിരാശരായാണ് കാനഡയുടെ മടക്കം. ഒടുവില്‍ ക്രൊയേഷ്യ-ബെല്‍ജിയം മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചതോടെ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഏഴു പോയന്റുമായി മൊറോക്കോ ഗ്രൂപ്പ് ജേതാക്കളായി പ്രീ ക്വാര്‍ട്ടറിലേക്ക്.