ഫ്രാന്‍സ് – ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ പോരാട്ടം; സെനഗലും പോളണ്ടും വീണു

ദോഹ: ഇരട്ടഗോളുകളുമായി കൈലിയന്‍ എംബാപ്പെ മിന്നിയ മത്സരത്തില്‍ പോളണ്ടിനെ 3-1ന് മറികടന്ന് ഫ്രാന്‍സും മറ്റൊരു മത്സരത്തില്‍ സെനഗലിനെ തകര്‍ത്ത് (3-0) ഇംഗ്ലണ്ടും ലോകകപ്പ് ഫുട്ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. ഡിസംബര്‍ പത്തിനു രാത്രി 12.30-നു നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടും ഫ്രാന്‍സും ഏറ്റുമുട്ടും.

പോളണ്ടിനെതിരേ ഫ്രാന്‍സിന്റെ ആദ്യ ഗോള്‍ ഒളിവര്‍ ജിറൂഡ് നേടി. പോളണ്ടിന്റെ ഏകഗോള്‍ പെനാല്‍ട്ടിയിലൂടെ റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി നേടി. ആദ്യപകുതിയുടെ 44-ാം മിനിറ്റില്‍ എംബാപ്പെ കൊടുത്ത പന്ത് പെനാല്‍ട്ടിബോക്‌സിനുള്ളില്‍നിന്ന് ഇടങ്കാലന്‍ അടിയിലൂടെ ഒളിവര്‍ ജിറൂഡ് പോളണ്ടിന്റെ വലയിലെത്തിച്ചു. 74, 90+1 മിനിറ്റുകളിലായിരുന്നു എംബാപ്പെയുടെ ഗോളുകള്‍. സെനഗലിനെതിരേ ഇംഗ്ലണ്ടിന്റെ ഗോളുകള്‍ ജോര്‍ഡന്‍ ഹെന്‍ഡേഴ്‌സണ്‍ (38), ഹാരി കെയ്ന്‍ (45+3), ബുക്കയോ സാക്ക (57) എന്നിവരുടെ വകയായിരുന്നു.

എംപറര്‍ എംബാപ്പെ മുന്നില്‍ നിന്നു നയിച്ചു. ഫ്രഞ്ച് വിപ്ലവത്തില്‍ പോളണ്ട് നിന്നനില്‍പില്‍ നാമാവശേഷമായി. നിലവിലെ കിരീടധാരികള്‍ അവസാന എട്ടിലേയ്ക്ക് അനായാസം തന്നെ മാര്‍ച്ച് ചെയ്തു. ഒന്നിനെതിരേ മൂന്ന് ഗോളിനായിരുന്നു പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സിന്റെ ജയം. 74, 91 മിനിറ്റുകളിലായിരുന്നു എംബാപ്പെയുടെ എണ്ണം പറഞ്ഞ ക്ലാസിക് ഗോളുകള്‍. എന്നാല്‍, 44-ാം മിനിറ്റില്‍ ഒളിവിയര്‍ ജിറൂഡാണ് സ്‌കോറിങ്ങിന് തുടക്കമിട്ടത്. മത്സരം തീരാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ ലഭിച്ച പെനാല്‍റ്റി ലെവന്‍ഡോവ്‌സ്‌കി വലയിലാക്കി ഒരു ഗോള്‍ മടക്കി. ഉപമെസാനൊ പന്ത് കൈ കൊണ്ട് തട്ടിയതിന് കിട്ടിയതായിരുന്നു പെനാല്‍റ്റി. ആദ്യമെടുത്ത കിക്ക് ഗോളി പിടിച്ചെങ്കിലും റീ കിക്ക് വേണ്ടിവന്നു. അത് ലെവന്‍ഡോവ്‌സ്‌കി വലയിലാക്കി.

സെനഗല്‍ കടന്ന് ക്വാര്‍ട്ടറിലേക്ക് ഇംഗ്ലീഷ് തേരോട്ടം

സെനഗല്‍ കളിച്ചു, മത്സരത്തിന്റെ ആദ്യ 25 മിനിറ്റോളം, ഇംഗ്ലണ്ടിനെ വിറപ്പിക്കുകയും ചെയ്തു. എന്നാല്‍ ആ 25 മിനിറ്റിന് ശേഷം സെനഗലിനെ മത്സരത്തില്‍ നിന്നുതന്നെ മായ്ച്ചുകളഞ്ഞ പ്രകടനവുമായി ഹാരി കെയ്നും സംഘവും ക്വാര്‍ട്ടറിലേക്ക്. പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ എണ്ണം പറഞ്ഞ മൂന്ന് ഗോളുകള്‍ സെനഗല്‍ വലയിലേക്ക് അടിച്ചുകയറ്റിയായിരുന്നു ഇംഗ്ലീഷ് പടയോട്ടം. ക്വാര്‍ട്ടറില്‍ ഫ്രാന്‍സാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍. ജോര്‍ദന്‍ ഹെന്‍ഡേഴ്സനും ഹാരി കെയ്നും ബുകായോ സാക്കയുമാണ് ഇംഗ്ലണ്ടിന്റെ സ്‌കോറര്‍മാര്‍. കളിയുടെ തുടക്കത്തില്‍ തന്നെ ഇംഗ്ലണ്ട് താരങ്ങള്‍ മികച്ച അറ്റാക്കിങ് റണ്ണുകളിലൂടെ സെനഗള്‍ ഗോള്‍മുഖം വിറപ്പിച്ചു. എന്നാല്‍ കലിദു കുലിബലിയുടെ നേതൃത്വത്തിലുള്ള സെനഗല്‍ പ്രതിരോധം ഉറച്ച് നിന്നതോടെ ഫൈനല്‍ തേര്‍ഡില്‍ മികച്ച പ്രകടനം നടത്താന്‍ ഇംഗ്ലണ്ട് താരങ്ങള്‍ക്ക് തുടക്കത്തില്‍ സാധിച്ചില്ല.