
കോഴിക്കോട് :
ഒളി ക്യാമറ വിവാദത്തില്‍ എം.കെ.രാഘവനെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം ആരംഭിച്ചു . ഒളി ക്യാമറയിലെ ദൃശ്യങ്ങള്‍ പുറത്തു വിട്ട ചാനല്‍ സംഘത്തിന്റെ മൊഴി ഇന്ന് അന്വേഷണ സംഘം രേഖപ്പെടുത്തും . അന്വേഷണ ചുമതലയുള്ള കോഴിക്കോട് നോര്‍ത്ത് അസി.കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം ഡല്‍ഹിയിലെത്തിയാണ് മൊഴി രേഖപ്പെടുത്തുക .
ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് നല്കിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ നടക്കാവ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് . അഴിമതി നിരോധന നിയമപ്രകാരവും , ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് കേസ് .
പുതിയ അന്വേഷണത്തിന്റെ ആദ്യഘട്ടത്തിന്റെ ഭാഗമായാണ് ഇന്ന് ചാനല്‍ സംഘത്തിന്റെ മൊഴിയെടുക്കുന്നത് .
കോഴിക്കോട് ഹോട്ടല്‍ തുടങ്ങാന്‍ സ്ഥലം നല്കി സഹായിക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയ സംഘത്തോട് എം.കെ.രാഘവന് കോഴ ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് ദേശീയ ചാനല്‍ പുറത്ത് വിട്ടത് . ഹോട്ടല്‍ തുടങ്ങാന്‍ ആവശ്യമായ 15 ഏക്കര്‍ സ്ഥലം നല്കാന് 5 കോടി രൂപ ആവശ്യപ്പെട്ടെന്നാണ് എംകെ രാഘവനെതിരായ ആരോപണം .
അതേ സമയം , ആരോപണം കെട്ടിച്ചമച്ചതാണെന്നും പിന്നില്‍ സി.പി.എം നേതൃത്വമാണെന്നും എം.കെ.രാഘവന് പറഞ്ഞിരുന്നു .
ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങളുടെ പൂര്‍ണരൂപം കിട്ടുന്നതിനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട് . ഇതിന് ശേഷം ഇത് ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമാക്കാനാണ് തീരുമാനം .
താന്‍ പറഞ്ഞ കാര്യങ്ങളല്ല വാര്‍ത്തയിലുള്ളതെന്നും, സംഭാഷണം ഡബ്ബ് ചെയ്ത് ചേര്‍ത്തതാണെന്നുമായിരുന്നു രാഘവന് ആദ്യം മൊഴി നല്‍കിയത് . എന്നാല്‍ ഫൊറന്‍സിക് പരിശോധനയിലൂടെ മാത്രമേ ഇക്കാര്യം വ്യക്തമാകു .