‘അമ്മയുടേയും മുത്തശ്ശിയുടേയും സ്വഭാവ ഗുണങ്ങളുള്ള ഒരാള്‍’; ജീവിത പങ്കാളിയെ കുറിച്ചുള്ള സങ്കൽപം പറഞ്ഞ് രാഹുൽ

ദില്ലി: തന്റെ അമ്മയുടേയും മുത്തശ്ശിയുടേയും സ്വഭാവഗുണങ്ങള്‍ ഒത്തുചേര്‍ന്ന ഒരാളെയാണ് ജീവിത പങ്കാളിയാക്കാന്‍ താന്‍ ആഗ്രഹിക്കുന്നതെന്ന് കോൺഗ്രസ് എംപി രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രയ്ക്കിടെ യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് രാഹുൽ ഗാന്ധി മനസ് തുറന്നത്.

മുത്തശ്ശിയും മുൻ പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധി തനിക്ക് രണ്ടാനമ്മ ആയിരുന്നുവെന്നും തന്റെ ജീവിതത്തിലെ സ്നേഹമായിരുന്നു അവരെന്നും രാഹുൽ അഭിമുഖത്തിൽ പറഞ്ഞു. ആ സ്വഭാവ ഗുണങ്ങളോട് കൂടിയ ഒരു സ്ത്രീയെ കണ്ടുമുട്ടിയാൽ ജീവിത പങ്കാളിയാക്കുമോയെന്നായി ചോദ്യം. ഇതിന് ചോദ്യം രസകരമാണ്, ഞാൻ ഇഷ്ടപ്പെടുന്ന സ്ത്രീയ്ക്ക് തന്റെ അമ്മയുടേയും മുത്തശ്ശിയുടേയും സ്വഭാവഗുണങ്ങള്‍ ഉണ്ടായിരിക്കുന്നത് നല്ലതായിരിക്കും എന്നാണ് രാഹുൽ പ്രതികരിച്ചത്.അഭിമുഖത്തിൽ ബൈക്കുകളോടും സൈക്കിളിനോടുമുള്ള തന്റെ ഇഷ്ടത്തെ കുറിച്ചും രാഹുൽ പ്രതികരിച്ചു. ഞാൻ ഒരു ഇലക്ട്രിക് സ്കൂട്ടർ ഓടിച്ചിട്ടുണ്ട്, പക്ഷേ ഒരിക്കലും ഇലക്ട്രിക് ബൈക്ക് ഓടിച്ചിട്ടില്ല. ഇലക്ട്രിക് മോട്ടോറുകളുള്ള സൈക്കിളുകളും മൗണ്ടൻ ബൈക്കുകളും ഉണ്ട്. വളരെ രസകരമായ ആശയമാണത്. തനിക്ക് സ്വന്തമായി കാറില്ലെന്നും തന്റെ അമ്മയുടെ സി ആർ വിയാണ് താൻ ഉപയോഗിക്കുന്നതെന്നും രാഹുൽ പറഞ്ഞു.

‘എനിക്ക് ശരിക്കും കാറുകളോട് താൽപ്പര്യമില്ല. എനിക്ക് മോട്ടോർ സൈക്കിളിനോട് താൽപ്പര്യമില്ല, പക്ഷേ മോട്ടോർ ബൈക്ക് ഓടിക്കാൻ എനിക്ക് താൽപ്പര്യമുണ്ട്. എനിക്ക് കാർ നന്നാക്കാൻ അറിയാം. പക്ഷേ, എനിക്ക് കാറുകളോട് ഭ്രമമില്ല’, രാഹുൽ പറഞ്ഞു.ബിജെപിയുടെ പപ്പു എന്ന വിളികളോടും രാഹുൽ ഗാന്ധി പ്രതികരിച്ചു. അവർ എന്ത് വേണമെങ്കിലും വിളിക്കട്ടെ, അതൊന്നും എന്നെ ബാധിക്കുന്നേയില്ല. ഞാൻ ആരോടും ദേഷ്യം വെച്ച് പുലർത്തുന്നില്ല. എന്നോട് നിങ്ങൾ ദേഷ്യം കാണിച്ചാലും എന്നെ ഉപദ്രവിക്കുകയോ മർദ്ദിക്കുകയോ ചെയ്താൽ പോലും ഞാൻ ദേഷ്യപ്പെടില്ല. എന്നെ പപ്പു എന്ന് വിളിക്കുന്നവരുടെ ഉള്ളിൽ ഭയമാണ്. അങ്ങനെ വിളിക്കുന്നവരുടെ ജീവിതത്തിൽ ഒന്നും നടക്കുന്നുണ്ടാകില്ല. ചിലപ്പോൾ നല്ല ബന്ധങ്ങൾ ജീവിതത്തിൽ ഇല്ലാത്തത് കാരണം വിഷമിക്കുന്നവരാകും. അതായിരിക്കും അവർ മറ്റുള്ളവരെ അധിക്ഷേപിക്കാൻ ഇറങ്ങി തിരിക്കുന്നത്. ഞാൻ അതിനെ സ്വാഗതം ചെയ്യുന്നു. ഇനിയും അധിക്ഷേപിച്ചോളൂ, ഞാനതിനെ ഇഷ്ടപ്പെടുന്നു. നിങ്ങൾ എനിക്ക് കൂടുതൽ പേര് നൽകിക്കോളൂ, ഞാൻ അത് കാര്യമാക്കുന്നില്ല. ഞാൻ റിലാക്സ്ഡ് ആണ്’, എന്നായിരുന്നു രാഹുൽ പറഞ്ഞത്.