രാഹുലുണ്ടാവില്ല; കോണ്‍ഗ്രസിന്റെ സ്റ്റാർ സ്ട്രൈക്കറാവുക രാജീവ് ശുക്ല, ശശി തരൂരും പ്രധാന റോളിലേക്ക്

ദില്ലി; പാർലമെന്റിന്റെ ശീതകാല സമ്മേളനുള്ള തയ്യാറെടുപ്പില്‍ കോണ്‍ഗ്രസ്. ഭാരത് ജോഡോ യാത്ര കാരണം രാഹുൽ ഗാന്ധി പാർലമെന്റ് സമ്മേളനം ഒഴിവാക്കുന്നതിനാലും സോണിയ ഗാന്ധി ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതിനാലും സഭയിലെ കോണ്‍ഗ്രസ് സജ്ജീകരണത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടായേക്കും. കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖാർഗെ പ്രതിപക്ഷ നേതാവായും ലോക്‌സഭയിലെ പാർട്ടി നേതാവായി അധീർ ചൗധരിയും തുടരും.

“വരാനിരിക്കുന്ന സമ്മേളനത്തില്‍ രാഹുലിനെ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സജീവമായ റോളിൽ കാണാനാകില്ല. അതുപോലെ, കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷയായി തുടരുന്ന സോണിയാ ഗാന്ധി പുതിയ പാർട്ടി അധ്യക്ഷനെ തിരഞ്ഞെടുത്തതിന് ശേഷം ദൈനംദിന പ്രശ്‌നങ്ങളിൽ ഇടപെടാനിടയില്ല, “ഒരു മുതിർന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

രാഹുൽ ഗാന്ധിയ്‌ക്കൊപ്പം കോൺഗ്രസിന്റെ രാജ്യസഭാ ചീഫ് വിപ്പ് ജയറാം രമേശും മുതിർന്ന നേതാവ് ദിഗ്‌വിജയ സിംഗും അധിക സമയവും വിട്ടുനില്‍ക്കേണ്ടി വരും. ഇരുവരും ഭാരത് ജോഡോ യാത്രയുടെ പ്രധാന ഭാഗമാണ്. പ്രത്യേകിച്ച് പാർട്ടിയുടെ പ്രധാന പാർലമെന്ററി തന്ത്രജ്ഞനായ ജയറാമിന്റെ അഭാവം കോണ്‍ഗ്രസിന് തിരിച്ചടിയാണെങ്കിലും മികച്ച സജ്ജീകരണത്തിലൂടെ ഇത് മറികടക്കാനാണ് കോണ്‍ഗ്രസ് ഉദ്ധേശിക്കുന്നത്.

പുതിയതായി തിരഞ്ഞെടുക്കപ്പെട്ട രാജ്യസഭാ നേതാവ് രാജീവ് ശുക്ല കോൺഗ്രസിന്റെ ഈ വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ ഒരു ബാക്ക് റൂം ബോയ് ആയി ഒരു പ്രധാന പങ്ക് വഹിച്ചേക്കും. പാർട്ടി നയങ്ങളുമായി നല്ല അടുപ്പമുള്ള ചുരുക്കം ചില നേതാക്കളിൽ ഒരാളായ ശുക്ല, ഫ്ലോർ മാനേജ്മെന്റിൽ ഖാർഗെയെ സഹായിക്കാൻ ഏറ്റവും അനുയോജ്യനാണെന്നും മുകളില്‍ സൂചിപ്പിച്ച നേതാവ് പറയുന്നു.എ ഐ സി സി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ട ശശി തരൂരിനും ഈ സമ്മേളനത്തില്‍ പ്രത്യേക പരിഗണന ലഭിച്ചേക്കും. ലോക്‌സഭയിൽ ചൗധരി, ഗൗരവ് ഗൊഗോയ്, മനീഷ് തിവാരി, കൊണ്ടിക്കുന്നിൽ സുരേഷ് എന്നിവർ മറ്റ് രാഷ്ട്രീയ പാർട്ടികളുമായി ഏകോപിപ്പിക്കാനുള്ള ടീമിന്റെ ഭാഗമാകുമെന്ന് മറ്റൊരു നേതാവും പറയുന്നു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാഹുൽ ഗാന്ധി കോൺഗ്രസിന്റെ പാർലമെന്ററി പ്രവർത്തനങ്ങളിൽ സജീവ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റ് 3 ന്, അദ്ദേഹം എല്ലാ പ്രതിപക്ഷ നേതാക്കളുമായും ഒരു യോഗം നടത്തുകയും ചെയ്തിരുന്നു. അതോടൊപ്പം തന്നെ, തിരഞ്ഞെടുത്ത വിഷയങ്ങളിൽ വിവിധ പ്രതിപക്ഷ ഘടകകക്ഷികളെ ഏകീകരിക്കാൻ സമാന ചിന്താഗതിക്കാരായ പാർട്ടികളുമായി പ്രതിപക്ഷത്തിന്റെ തന്ത്രപരമായ യോഗങ്ങളിൽ അദ്ദേഹം പങ്കെടുക്കാൻ തുടങ്ങുകയും ചെയ്തിരുന്നു.

സോണിയാ ഗാന്ധിയും പാർലമെന്ററി പ്രവർത്തനത്തിന് പ്രാധാന്യം നൽകിയിരുന്നു. 2021 ഡിസംബർ 14-ന് സോണിയാ ഗാന്ധി നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് ശരദ് പവാർ, ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ ടിആർ ബാലു, ശിവസേന നേതാവ് സഞ്ജയ് റാവത്ത്, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (മാർക്സിസ്റ്റ്) സീതാറാം യെച്ചൂരി, നാഷണൽ കോൺഫറൻസിന്റെ ഫാറൂഖ് അബ്ദുള്ള എന്നിവരുമായി സോണിയ ഗാന്ധി പാർലമെന്ററി തന്ത്രങ്ങൾ ചർച്ച ചെയ്തു. യോഗത്തിൽ രാഹുൽ ഗാന്ധിയും ഉണ്ടായിരുന്നു.

വരാനിരിക്കുന്ന ശീതകാല സമ്മേളനത്തിൽ ഖാർഗെ പ്രതിപക്ഷ നേതാവായി തുടരുമെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ, ഹിന്ദി സംസാരിക്കുന്ന നേതാവിനെ ആ സ്ഥാനത്ത് ഉൾപ്പെടുത്താൻ അദ്ദേഹം ശ്രമിച്ചേക്കുമെന്ന് മറ്റൊരു നേതാവ് സൂചന നൽകി. അങ്ങനെയെങ്കില്‍ ദിഗ് വിജയം സിംങ് പ്രതിപക്ഷ സ്ഥാനത്തേക്ക് എത്താനുള്ള സാധ്യത കൂടുതലാണ്.