EDITORIAL

റേഷൻ കാർഡ് വിതരണം ചെയ്യുമ്പോൾ

റേഷൻ കാർഡ് 24 മണിക്കൂറിനകം ലഭ്യമാക്കുന്നതിനുള്ള നടപടികളിലേക്ക് സർക്കാർ നീങ്ങുകയാണ്.
കാർഡിന് അപേക്ഷിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറങ്ങിക്കഴിഞ്ഞു. അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ വഴിയോ ഓൺലൈനായി അപേക്ഷ സമർപ്പിക്കാമെന്നാണ് നിലവിലുള്ള നിർദ്ദേശം. സാമൂഹിക അകലം പാലിക്കേണ്ടതിനാൽ ഓൺലൈൻ ആയി അപേക്ഷകൾ സ്വീകരിച്ച് റേഷൻ കാർഡുകളുടെ വിതരണം പൂർത്തിയാക്കണമെന്നാണ് സിവിൽ സപ്ലൈസ് ഡയറക്ടറുടെ ഉത്തരവ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ താലൂക്ക് സപ്ലേ ഓഫീസുകൾ വഴി അപേക്ഷകൾ സ്വീകരിക്കാനാവില്ല. അതേപോലെ, റേഷൻ കാർഡിനായി തെറ്റായ വിവരങ്ങൾ നൽകുന്നവർക്കെതിരെ കർശന നടപടിയ്ക്കു നിർദ്ദേശവുമുണ്ട്.

എന്നാൽ, ഈ സാഹചര്യത്തില്‍ എന്തുകൊണ്ട് വാർഡുതലത്തിൽ ജനപ്രതിനിധികളിലൂടെ റേഷൻകാർഡിനുള്ള അപേക്ഷകൾ സ്വീകരിച്ചുകൂടാ ? പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ തലത്തിൽ ജനപ്രതിനിധികളുടെ സാക്ഷ്യപത്രം ആധികാരികരേഖയാക്കിക്കൊണ്ട്, ജനപ്രതിനിധികൾ അപേക്ഷകൾ ശേഖരിച്ച്, വിലയിരുത്തി, ഒന്നിച്ച് കാർഡുവിതരണത്തിനുള്ള നടപടിയുണ്ടായാൽ കൃത്രിമങ്ങൾ നടക്കുന്നതിനുള്ള സാധ്യത കുറയും.

കൂടാതെ, കുറേപ്പേർ അക്ഷയകേന്ദ്രത്തിലും മറ്റും തടിച്ചുകൂടിയാലുണ്ടാകാവുന്ന പകർച്ചവ്യാധിയുടെ പ്രസരണഭീഷണിയെ തടയാനുമാവും.

വാർഡുതലത്തിലാകുമ്പോൾ അവിടങ്ങളിലെ സ്ഥിരതാമസക്കാരെ കൃത്യമായി വിലയിരുത്താനും കൃത്രിമങ്ങളെ തിരിച്ചറിയാനും അവിടുത്തെ ജനപ്രതിനിധിക്ക് സാധിക്കും.
മാത്രമല്ല, സ്ഥിരതാമസക്കാർ കൂടാതെ ഇവിടങ്ങളിൽ വാടകയ്ക്കു താമസിക്കുന്നവരുണ്ടാകാം. അവരിൽ പലർക്കും പല കാരണങ്ങൾ കൊണ്ടും വാടകക്കരാർ ഇല്ലാത്ത സാഹചര്യങ്ങളുമുണ്ട്. മറ്റൊന്ന്, പുറമ്പപോക്കിൽ താമസിക്കുന്നവരുടെ കാര്യമാണ്. ഇവർക്കൊക്കെ ആധാർ കാർഡ് ഉണ്ടാവാം. ഈ വിവരങ്ങളൊക്കെ കൃത്യമായി കണക്കിലെടുത്ത് വേണ്ടത് ചെയ്യാൻ അതാത് പ്രദേശങ്ങളിലെ ജനപ്രതിനിധികൾക്കാവും.

അന്യസംസ്ഥാനത്തൊഴിലാളികളുടെ പേരില്‍ നുഴഞ്ഞുകയറാനിടയുള്ള അനാവശ്യദുരന്തസാധ്യതകൾക്ക് തടയിടാനും ഇതു മൂലം സാധിക്കും.

അടിയന്തിരസാഹചര്യത്തിൽ റേഷൻകാർഡില്ലാത്തവർക്ക് അതു നൽകാൻ സത്വരനടപടി സ്വീകരിച്ച സർക്കാർ നിലപാടിനെ അഭിനന്ദിച്ചുകൊണ്ടുതന്നെ ഈ നിർദ്ദേശം ഞങ്ങള്‍ സർക്കാരിനു മുന്നില്‍ വയ്ക്കുകയാണ്.

കുറത്തിയാടന്‍

ചീഫ് എഡിറ്റര്‍
ദി കേരള ഓൺലൈൻ

Cont: 9496149637,
pradeeppramaani@gmail.com

%d bloggers like this: