CINEMA COVER STORY Exclusive GENERAL

രവി വള്ളത്തോൾ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സിനിമാ–സീരിയൽ താരം രവി വള്ളത്തോൾ അന്തരിച്ചു. 68 വയസ്സായിരുന്നു. പ്രശസ്ത നാടകകൃത്ത്‌ ടി എൻ ഗോപിനാഥൻ നായരുടെ മകനായി മലപ്പുറം ജില്ലയിൽ ജനിച്ചു. മഹാകവി വള്ളത്തോൾ നാരായണമേനോന്റെ അനന്തിരവനാണ്. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

1987 ൽ പുറത്തിറങ്ങിയ സ്വാതിതിരുന്നാളിലൂടെ അഭിനയരംഗത്തെത്തിയ രവി അൻപതോളം സിനിമകളിൽ അഭിനയിച്ചു.

എഴുത്തുകാരൻ കൂടിയായ രവിവള്ളത്തോൾ ഇരുപത്തിയഞ്ചോളം ചെറുകഥകളും എഴുതിയിട്ടുണ്ട്.

ഗാനരചയിതാവായാണ് സിനിമാ രംഗത്തേക്കു കടക്കുന്നത്. 1976-ൽ ‘മധുരം തിരുമധുരം’ എന്ന ചിത്രത്തിനു വേണ്ടി ‘താഴ് വരയിൽ‍ മഞ്ഞുപെയ്തു’ എന്ന ഗാനം എഴുതി.

1986-ൽ ഇറങ്ങിയ രേവതിക്കൊരു പാവക്കുട്ടി എന്ന സിനിമയുടെ കഥ രവി വള്ളത്തോളിന്റേതായിരുന്നു.

1986-ൽ ദൂരദർശൻ സംപ്രേഷണം ചെയ്ത ‘വൈതരണി’ എന്ന സീരിയലിലൂടെയാണ് രവിവള്ളത്തോൾ അഭിനേതാവാകുന്നത്. അദ്ദേഹത്തിന്റെ അച്ഛൻ ടി.എൻ. ഗോപിനാഥൻ നായരുടേതായിരുന്നു സീരിയലിന്റെ തിരക്കഥ. തുടർന്ന് ഏതാണ്ട് നൂറോളം സീരിയലുകളിൽ രവിവള്ളത്തോൾ അഭിനയിച്ചു.

ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത് 1987-ൽ ഇറങ്ങിയ സ്വാതിതിരുനാൾ ആണ് രവി വള്ളത്തോളിന്റെ ആദ്യ സിനിമ. തുടർന്ന് മതിലുകൾ, കോട്ടയം കുഞ്ഞച്ചൻ, ഗോഡ്ഫാദർ, വിഷ്ണുലോകം, സർഗം, കമ്മീഷണർ എന്നിങ്ങനെ അൻപതോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

1980 ജനുവരി 1-നായിരുന്നു രവി വള്ളത്തോളിന്റെ വിവാഹം. ഭാര്യ ഗീതാലക്ഷ്മി.

രവിവള്ളത്തോളും ഭാര്യയും ചേർന്ന് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് വേണ്ടി ‘തണൽ’ എന്ന പേരിൽ ഒരു ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്നുണ്ട്.

%d bloggers like this: