ചൈന യുദ്ധസന്നാഹമൊരുക്കുന്നെന്ന് റിപ്പോർട്ട്…..

ബെയ്ജിങ്: തയ്‌വാനുമായി സംഘർഷം നിലനിൽക്കുന്ന ചൈന യുദ്ധസന്നാഹമൊരുക്കുന്നതായി റിപ്പോർട്ട്. ‘യുദ്ധസാഹചര്യം നേരിടാൻ ഒരുങ്ങൂ’ എന്ന് സേനാ മേധാവികൂടിയായ പ്രസിഡന്റ് ഷി ജിൻപിങ് ഉത്തരവിട്ടതിനു പിന്നാലെയാണിതെന്ന് ‘സിംഗപ്പൂർ പോസ്റ്റ്’ റിപ്പോർട്ട് ചെയ്തു.

രാജ്യത്തിന്റെ സുരക്ഷ അസ്ഥിരവും അനിശ്ചതത്വമുള്ളതുമായിക്കൊണ്ടിരിക്കുന്നതിനാൽ’ ഏതു യുദ്ധവും നേരിടാൻ തയ്യാറാകാനും സേനാ പരിശീലനം ശക്തമാക്കാനും ഈമാസം എട്ടിനാണ് ഷി സൈന്യത്തോട് ആഹ്വാനം ചെയ്തത്. പോരാടി ജയിക്കാൻ കഴിയുംവിധം സജ്ജമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചൈനയുടെ തെക്കുകിഴക്കുള്ള ഷെൻസെൻ നഗരത്തിൽ പാർക്കുന്നവരോട് ഭക്ഷണവും കുടിവെള്ളവും ശേഖരിച്ച്‌ സജ്ജരായിരിക്കാൻ പ്രാദേശിക സർക്കാർ ഒക്ടോബറിൽ നിർദേശിച്ചിരുന്നു. ഷെൻസനിൽനിന്ന് 717 കിലോമീറ്റർ അകലെയാണ് തയ്‌വാൻ ദ്വീപ്. വാർഷിക വ്യോമാഭ്യാസത്തിന്റെ ഭാഗമായി യുദ്ധവിമാനങ്ങളും ശബ്ദാതിവേഗ മിസൈലുകളും തയ്‌വാൻമേഖലയിൽ പരീക്ഷിച്ച് ചൈന പ്രകോപനം സൃഷ്ടിച്ചിരുന്നു. 2027-ഓടെ ചൈനീസ് സൈന്യത്തെ ലോകോത്തരമാക്കുകയാണ് ഷിയുടെ ലക്ഷ്യം.