മൂന്നാര്‍: ദേവികുളം മുന്‍ എം.എല്‍.എ. എസ്. രാജേന്ദ്രന്‍ വീടൊഴിയണമെന്ന് ആവശ്യപ്പെട്ട് റവന്യൂ വകുപ്പ് നോട്ടീസ് നല്‍കി. മൂന്നാര്‍ ഇക്കാനഗറിലെ വീടൊഴിയാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. വീട് പുറമ്പോക്ക് ഭൂമിയിലാണെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് നോട്ടീസ്.
എസ്. രാജേന്ദ്രന്‍ എം.എല്‍.എ. ആയിരുന്നപ്പോഴും അതിനു ശേഷവും കയ്യേറ്റഭൂമിയിലാണ് താമസിക്കുന്നതെന്ന ആരോപണം മുന്‍പേ തന്നെ ഉയര്‍ന്നിരുന്നു. ഇക്കാനഗറിലെ എട്ടു സെന്റോളം ഭൂമിയാണ് രാജേന്ദ്രന്റെ കൈവശമുള്ളത്. ഇത് കൃത്യമായ ലാന്‍ഡ് അസസ്‌മെന്റ് നടപടിക്രമങ്ങള്‍ പ്രകാരമല്ലാതെ ലഭിച്ച പട്ടയമാണെന്നും വ്യാജപട്ടയമാണെന്നും ആരോപണം ഉയരുകയും ചെയ്തിരുന്നു.രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ റവന്യൂ വകുപ്പ് വിഷയവുമായി ബന്ധപ്പെട്ട് നടപടികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. രാജേന്ദ്രന് രേഖകള്‍ ഹാജരാക്കാന്‍ നോട്ടീസ് നല്‍കുകയും ചെയ്തു. എന്നാല്‍ മതിയായ രേഖകള്‍ ഹാജരാക്കിയില്ലെന്നാണ് റവന്യൂ വകുപ്പിന്റെ വിശദീകരണം.
