റഷ്യ–ഉക്രയ്‌ൻ യുദ്ധത്തിന്‌ ഒരു വർഷം ; സമാധാനം അകലെ

മോസ്‌കോ : റഷ്യ– -ഉക്രയ്‌ൻ യുദ്ധത്തിന്‌ ഒരു വർഷം പിന്നിടുമ്പോഴും സമാധാനശ്രമങ്ങൾ ഇനിയും അകലെ. സൈനികനീക്കം ശക്തമാക്കുമെന്ന്‌ റഷ്യയും യുഎസിന്റെയും നാറ്റോയുടെയും പിന്തുണയോടെ ശക്തമായി തിരിച്ചടിക്കുമെന്ന്‌ ഉക്രയ്‌നും നിലപാട്‌ വ്യക്തമാക്കിയതോടെ സംഘർഷം ശക്തമായേക്കും. ഇരുവിഭാഗവും പൂർവാധികം ശക്തിയോടെ ഏറ്റുമുട്ടലിന്‌ കോപ്പ്‌ കൂട്ടുമ്പോൾ യുദ്ധം സൃഷ്ടിച്ച കെടുതികളും അറുതിയില്ലാതെ തുടരും. ഉക്രയ്‌നും റഷ്യയും തമ്മിലുള്ള ഏറ്റുമുട്ടലിൽ അമേരിക്ക ഉൾപ്പെടെയുള്ള നാറ്റോ രാജ്യങ്ങളുടെ ഇടപെടൽ സ്ഥിതി സങ്കീർണമാക്കി.

രാജ്യത്തെ ആണവായുധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ്‌ റഷ്യൻ പ്രസിഡന്റ്‌ വ്‌ലാദിമിർ പുടിന്റെ പ്രഖ്യാപനം. അമേരിക്കയുമായുള്ള ന്യൂസ്‌റ്റാർട്ട്‌ ആണവ നിയന്ത്രണ കരാറിൽനിന്നുള്ള റഷ്യയുടെ പിന്മാറ്റത്തിനെതിരെ അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡന്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് പുടിന്റെ പ്രഖ്യാപനം. റഷ്യ കരാറിൽനിന്ന്‌ പിൻമാറുന്നത്‌ വലിയ പിഴവാണെന്നാണ്‌ ബൈഡൻ വിശേഷിപ്പിച്ചത്‌. എന്ത് വില കൊടുത്തും നാറ്റോ അംഗരാജ്യങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്നും ബൈഡൻ വ്യക്തമാക്കി. കിഴക്കന്‍ യൂറോപ്പിലെ നാറ്റോ അംഗരാജ്യങ്ങളുടെ നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു ബൈഡന്റെ പരാമര്‍ശം. ചൈനയുടെ മുതിര്‍ന്ന നയതന്ത്രജ്ഞൻ വാങ് യി മോസ്‌കോയിൽ എത്തി പുടിനുമായി ചർച്ച നടത്തി. റഷ്യയുടെയും ചൈനയുടെയും ബന്ധം ഏതെങ്കിലും മൂന്നാംകക്ഷിയെ ലക്ഷ്യമിട്ടുള്ളതല്ലെന്ന് വാങ് യി വ്യക്തമാക്കിയിട്ടുണ്ട്‌.

ലിത്വാനിയയിലെ വിൽനിയസിൽ ജൂലൈ 11, 12 തീയതികളിൽ നടക്കുന്ന നാറ്റോ ഉച്ചകോടിയിൽ ഉക്രയ്‌ൻ പ്രസിഡന്റ്‌ വ്‌ലോദിമിർ സെലൻസ്‌കി പങ്കെടുത്തേക്കുമെന്ന്‌ റിപ്പോർട്ടുണ്ട്‌. റഷ്യക്കെതിരെ കൂടുതൽ ഉപരോധംഏർപ്പെടുത്തുമെന്ന്‌ ഇയു പ്രഖ്യാപിച്ചു.