സംസ്ഥാനത്ത് സ്കൂള്‍ തുറക്കുന്നതിനെ സ്വാഗതം ചെയ്ത് ഐ എം എ

തിരുവനന്തപുരം : സംസ്ഥാനത്ത് സ്കൂള്‍ തുറക്കുന്നതിനെ സ്വാഗതം ചെയ്ത് ഐ എം എ. കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ നിന്നും സംസ്ഥാനം പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. സ്കൂളുകള്‍ ഘട്ടംഘട്ടമായി തുറക്കാനുള്ള തീരുമാനത്തെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സ്വാഗതം ചെയ്യുന്നുവെന്ന് ഐ എം എ പറഞ്ഞു. വളരെ കാര്യക്ഷമമായ മുന്നൊരുക്കങ്ങള്‍ ഇതിന് ആവശ്യമാണ്.

രണ്ടു വര്‍ഷത്തോളമായി വീടുകളില്‍ അടച്ചിട്ട രീതിയില്‍ ഇരിക്കുന്ന വിദ്യാര്‍ത്ഥികള്‍ വിവിധ മാനസിക പിരിമുറുക്കങ്ങളാല്‍ ബുദ്ധിമുട്ടുകയാണ്. സാമൂഹ്യമായ ഇടപഴകലുകള്‍ ഇല്ലാതിരിന്ന ഈ അവസ്ഥ സാമൂഹ്യ ജീവിയായി ഉള്ള അവരുടെ വികാസത്തിന് വിലങ്ങുതടിയാണ്. ഇതുകൂടാതെ ഗാര്‍ഹിക അതിക്രമങ്ങളും പീഡനങ്ങളും വര്‍ദ്ധിക്കുന്നതായും സൂചനകളുണ്ട്. ഇതിന് ഒരു അറുതി വരുത്താന്‍ ഘട്ടംഘട്ടമായി സാവകാശം സ്കൂളുകള്‍ തുറക്കുന്നത് സഹായിക്കും.

സ്കൂളുകളിലെ അധ്യാപകരും അനധ്യാപകരും വാഹനങ്ങളിലെ ജീവനക്കാരുമെല്ലാം നിര്‍ബന്ധമായും വാക്സിനേഷന്‍ ചെയ്തിരിക്കണം. കുട്ടികളുടെ മാതാപിതാക്കളും മുതിര്‍ന്ന കുടുംബാംഗങ്ങളും എല്ലാം വാക്സിനേഷന്‍ കര്‍ശനമായും എടുത്തിരിക്കണം എന്ന നിബന്ധന അത്യാവശ്യമാണ്.

ക്ലാസുകള്‍ ക്രമീകരിക്കുമ്ബോള്‍ ഒരു ബെഞ്ചില്‍ ഒന്നോ രണ്ടോ കുട്ടികള്‍ മാത്രം സാമൂഹ്യ അകലത്തില്‍ ഇരിക്കുന്ന സമ്ബ്രദായം നടപ്പിലാക്കണം. ക്ലാസുകള്‍ വിഭജിച്ച്‌ പഠനം നടത്തേണ്ടതാണ്. ഓണ്‍ലൈന്‍/ഓഫ്‌ലൈന്‍ ഹൈബ്രിഡ് സംവിധാനം ഇതിനായി ഉപയോഗപ്പെടുത്താം. ഒരു ബാച്ച്‌ കുട്ടികള്‍ ക്ലാസുകളില്‍ ഹാജരായി പഠനം നടത്തുമ്ബോള്‍ അതെ ക്ലാസ്സ് മറ്റൊരു ബാച്ചിന് ഓണ്‍ലൈനായും അറ്റന്‍ഡ് ചെയ്യാവുന്നതാണ്.

ഓണ്‍ലൈന്‍ അറ്റന്‍ഡ് ചെയ്യുന്നവരെ അടുത്തദിവസം ക്ലാസ്സുകളില്‍ നേരിട്ട് ഹാജരാകുന്ന രീതിയിലും ക്രമീകരിക്കാം. ക്ലാസുകള്‍ക്ക് ഇടയില്‍ ഇടവേളകള്‍ ശാസ്ത്രീയമായി ക്രമീകരിക്കണം. ഒരു കാരണവശാലും സ്കൂളില്‍ ഹാജരാകുന്ന കുട്ടികള്‍ എല്ലാം ഒരുമിച്ചു കൂടുന്ന അവസ്ഥ ഉണ്ടാകാന്‍ അനുവദിക്കരുത്. വിവിധ ഡിവിഷനുകളുടെ അടിസ്ഥാനത്തില്‍ പ്രത്യേക ഇടവേളകള്‍ നല്‍കുകയായിരിക്കും ഉത്തമം.

സ്കൂളുകളില്‍ വെച്ച്‌ ഭക്ഷണം കഴിക്കുന്ന ഇടവേളകള്‍ ഉണ്ടാകാതിരിക്കുതാണ് നല്ലത്. ഷിഫ്റ്റ് സമ്ബ്രദായത്തില്‍ ഇത്തരം ക്രമീകരണം സാധ്യമാണുതാനും. അടച്ചിട്ട മുറികളിലും കൂട്ടം ചേരലുകളിലും ആണ് കൊവിഡ് വൈറസ് ഏറ്റവും കൂടുതല്‍ വ്യാപിക്കുന്നത് എന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. അതുകൊണ്ടുതന്നെ അത്തരം സാഹചര്യങ്ങള്‍ സ്കൂളുകളില്‍ ഒഴിവാക്കിയേ മതിയാവൂ.

മാസ്ക് ധരിക്കല്‍, സാനിറ്റൈസര്‍ ഉപയോഗിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ എന്നീ കോവിഡ് മാനദണ്ഡങ്ങളുടെ പ്രാധാന്യം സിലബസ്സിന്‍്റെ ഭാഗമായിത്തന്നെ കുട്ടികളെ പഠിപ്പിക്കണം. സ്വന്തം വീടുകളിലും പരിസരത്തും പൊതുസ്ഥലങ്ങളിലും ഈ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കണം.

ഈ സന്ദേശം മറ്റുള്ളവരിലേക്ക് പകര്‍ന്നു നല്‍കാനും വിദ്യാര്‍ഥികളെ ബോധവല്‍ക്കരിക്കണം. ഈയൊരു ഘട്ടത്തില്‍ ഇതില്‍ ശാസ്ത്രീയമായ ബോധവത്കരണത്തിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പൂര്‍ണ സഹായസഹകരണങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ജില്ലാടിസ്ഥാനത്തില്‍ തന്നെ ഐഎംഎ ബ്രാഞ്ചുകള്‍ വഴി ക്ലാസുകള്‍ നടത്താന്‍ ഞങ്ങള്‍ സജ്ജമാണ്. അധ്യാപകര്‍ക്കും പഠിതാക്കള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും ഒരുപോലെ പരിശീലനം ആവശ്യമാണ്.

കൊവിഡ് മഹാമാരി നമ്മുടെ ജീവിതരീതികള്‍ എല്ലാം മാറ്റി മറിച്ചു. സ്കൂള്‍ പഠന രീതികളിലും കാതലായ മാറ്റം അനിവാര്യമായിരിക്കുകയാണ്. ഏറ്റവും പ്രധാനപ്പെട്ട പാഠഭാഗങ്ങള്‍ക്ക് ഊന്നല്‍ കൊടുത്ത് സ്കൂള്‍ ക്ലാസുകളില്‍ പഠിപ്പിക്കുന്ന രീതിയിലേക്ക് നാം മാറേണ്ടിവരും. സ്കൂളിലെ പഠന മണിക്കൂറുകള്‍ കുറയ്ക്കുന്ന രീതിയില്‍ സിലബസ് പുനരാവിഷ്കരിക്കണം. അടുത്ത കുറച്ചു വര്‍ഷത്തേക്കെങ്കിലും ഇത്തരത്തില്‍ കൂട്ടം ചേരലുകള്‍ ഒഴിവാക്കുന്ന സാഹചര്യം സ്കൂളുകളില്‍ ഉണ്ടാകണം.

കുട്ടികളെ സ്കൂളില്‍ എത്തിക്കുന്നതിനുള്ള ട്രാന്‍സ്പോര്‍ട്ട് സംവിധാനം കുറ്റമറ്റതായിരിക്കണം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വാഹനങ്ങള്‍ പലയാവര്‍ത്തി ഓടിക്കേണ്ടതായി വരും. സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അധികസാമ്ബത്തികബാധ്യത ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ടുകൊണ്ട് ഈ ഘട്ടത്തില്‍ സര്‍ക്കാരിന്‍്റെ ഇടപെടല്‍ ഉണ്ടാകണമെന്നും, സര്‍ക്കാര്‍ ട്രാന്‍സ്പോര്‍ട്ട് സംവിധാനങ്ങള്‍ ഇതിലേക്കായി പുനര്‍വിന്യസിക്കണമെന്നുമാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍്റെ അഭിപ്രായം.

കുട്ടികള്‍ക്ക് വാക്സിനേഷന്‍ നല്‍കാന്‍ അനുവാദം ലഭിക്കുന്ന മാത്രയില്‍ വാക്സിനേഷന്‍ ക്യാമ്ബുകള്‍ പഠന കേന്ദ്രങ്ങളില്‍ തന്നെ സജ്ജമാക്കുന്നതിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സന്നദ്ധരാണ്. കാലതാമസം കൂടാതെ എല്ലാ വിദ്യാര്‍ഥികള്‍ക്കും വാക്സിന്‍ എത്തിക്കേണ്ടത് രോഗവ്യാപനത്തെ പ്രതിരോധിക്കാന്‍ അത്യന്താപേക്ഷിതമാണ്.

വാക്സിനേഷന്‍ എടുക്കാതെ ഈ ഘട്ടത്തില്‍ സ്കൂളുകള്‍ തുറക്കുന്നത് രോഗവ്യാപനം കൂട്ടുമെന്ന ആശങ്ക കുറേ പേര്‍ക്കെങ്കിലും ഉണ്ട്. ഇതു വരെ നടന്ന പഠനങ്ങളില്‍ ചെറിയ കുട്ടികളില്‍ രോഗം വരാന്‍ സാധ്യത കുറവാണെന്നും അവരില്‍ നിന്നും രോഗവ്യാപന സാധ്യത തീരെ കുറവാണെന്നും ആണ് മനസ്സിലാക്കുന്നത്. അതുകൊണ്ട് തന്നെ താരതമ്യേന റിസ്ക് ഒഴിവാകുന്നു. ബഹുഭൂരിപക്ഷം പേര്‍ക്കും വാക്സിന്‍ ലഭിച്ചാല്‍ വൈറസിന്‍്റെ വ്യാപനം കുറയുകയും ചെയ്യുമെന്നും ഐ എം എ വ്യക്തമാക്കി.