ഒരു ബഞ്ചില്‍ രണ്ട് കുട്ടികളെ മാത്രമേ ഇരിക്കാന്‍ അനുവദിക്കുകയുള്ളു ; സ്‌കൂള്‍ തുറക്കുമ്ബോള്‍ കൈക്കൊള്ളേണ്ട കരട് മാര്‍ഗരേഖ തയ്യാറായി

തിരുവനന്തപുരം : നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കുമ്ബോള്‍ കൊവിഡ് നിയന്ത്രിക്കുന്നതിനായി കൈക്കൊള്ളേണ്ട കരട് മാര്‍ഗരേഖ തയ്യാറായി. സ്‌കൂളുകളില്‍ ക്ലാസെടുക്കുമ്ബോള്‍ പാലിക്കേണ്ട നടപടിക്രമങ്ങളെ കുറിച്ച്‌ വിദ്യാഭ്യാസ മന്ത്രി സൂചന നല്‍കി. ഇതു പ്രകാരം ക്ലാസില്‍ ഒരു ബഞ്ചില്‍ രണ്ട് കുട്ടികളെ മാത്രമേ ഇരിക്കാന്‍ അനുവദിക്കുകയുള്ളു. സ്‌കൂളില്‍ കുട്ടികളെ കൂട്ടംകൂടി നില്‍ക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ല. സ്‌കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖ തയ്യാറാക്കാന്‍ ആരോഗ്യ, വിദ്യാഭ്യാസ സെക്രട്ടറിമാരെയാണ് ചുമതലപ്പെടുത്തിയത്. മാര്‍ഗരേഖയിലുള്ള മറ്റ് പ്രധാന തീരുമാനങ്ങള്‍ ഇവയാണ്.

  • സ്‌കൂളില്‍ ഉച്ചഭക്ഷണം തയ്യാറാക്കില്ല, പകരം അലവന്‍സ് നല്‍കും
  • യൂണിഫോം വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധമാക്കില്ല
  • എല്ലാ ദിവസവും ക്ലാസുകള്‍ അണുവിമുക്തമാക്കും
  • രക്ഷിതാക്കള്‍ക്ക് ഓണ്‍ലൈനായി ബോധവത്കരണ ക്ലാസ്
  • വലിയ സ്‌കൂളുകള്‍ക്കായി കെഎസ്‌ആര്‍ടിസി സര്‍വീസ്
  • സ്‌കൂളിന്റെ നിയന്ത്രണം അദ്ധ്യാപകര്‍ക്ക്
  • സ്‌കൂളുകള്‍ക്ക് മുന്നിലെ കടകളില്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കില്ല

ആദ്യഘട്ടത്തില്‍ ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളും പത്ത്, പന്ത്രണ്ട് ക്ലാസുകളുമാണ് ആരംഭിക്കുന്നത്. സര്‍ക്കാര്‍ നടപ്പിലാക്കേണ്ട കാര്യങ്ങളെ കുറിച്ച്‌ ഐ എം എ മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കിയിരുന്നു. അദ്ധ്യാപകരും മറ്റ് ജീവനക്കാരും കൃത്യമായി വാക്സിന്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കണമെന്നും, വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ വാക്സിന്‍ എടുക്കണമെന്നും ഐഎംഎ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.