Announcements Covid19 HEALTH KERALA STATE GOVERNMENT വിദ്യാഭ്യാസം.

വിദ്യാലയങ്ങൾ വെർച്വൽ പ്രവേശനോത്സവത്തിന് ഒരുങ്ങുന്നു

img

എറണാകുളം : വിദ്യാർഥികളുടെ വീടുകൾ അലങ്കരിച്ച് മധുരവിതരണവും ഓൺ ലൈൻ സന്ദേശങ്ങളുമായി ഇക്കുറി വീടുകളിൽ തന്നെയാകും കുട്ടികളുടെ സ്കൂൾ പ്രവേശനോത്സവം. അധ്യയന വർഷം ആരംഭിക്കുന്ന ജൂൺ ഒന്നിന് സ്കൂൾതല വെർച്വൽ പ്രവേശനോത്സവത്തിന് തയ്യാറായി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ .

ലോക്ഡൗൺ സാഹചര്യത്തിൽ ഇക്കുറി പൂർണമായും വെർച്വലായാണ് പ്രവേശനോത്സവ ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാനതല ചടങ്ങുകൾ രാവിലെ 8.30 നും ജില്ലയിൽ സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള പ്രവേശനോത്സവ ചടങ്ങുകൾ രാവിലെ 10 മണിക്കും ആരംഭിക്കും. ജില്ലയിലെ മുഴുവൻ ജനപ്രതിനിധികളെയും ചടങ്ങുകളിലേക്ക് ക്ഷണിക്കും. രാവിലെ 10.30 ഓടെ ചടങ്ങുകൾ പൂർത്തിയാക്കി അതാത് ക്ലാസ് ടീച്ചർമാർ കുട്ടികളെ ക്ലാസ് ഗ്രൂപ്പുകളിൽ എന്റർ ചെയ്യും. സ്കൂൾ പി.ടി.എകൾ മുഖാന്തരം കുട്ടികൾക്കൊപ്പം രക്ഷിതാക്കളുടെ സാന്നിധ്യം ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ക്ലാസ് അധ്യാപകർ എല്ലാ കുട്ടികളെയും ഫോണിൽ ബന്ധപ്പെട്ടു സംസാരിക്കുകയും ചെയ്തു.

പുതിയതായി സ്കൂളുകളിലേയ്ക്ക് എത്തുന്ന ഒന്നാം ക്ലാസ് വിദ്യാർത്ഥികളുടെ വീടുകളിൽ മുഖ്യമന്ത്രിയുടെ അച്ചടിച്ച സന്ദേശം പി.ടി.എ വാർഡ് ജാഗ്രതാ സമിതികൾ മുഖേന എത്തിക്കും.

പുതിയ അധ്യയന വർഷത്തിൽ ആവശ്യമായിട്ടുള്ള 70 ശതമാനം പാഠപുസ്തകങ്ങളും വിതരണത്തിനായി വിദ്യാലയങ്ങളിൽ എത്തിയിട്ടുണ്ട്.
മെയ് മാസത്തിൽ തന്നെ ജില്ലയിൽ ആവശ്യമായ ഒന്നാം വോളിയം പാഠപുസ്തകങ്ങളുടെ വിതരണം പൂർത്തിയാകും. കുടുംബശ്രീകൾക്കാണ് പുസ്തകങ്ങളുടെ വിതരണ ചുമതല ഏൽപ്പിച്ചിരിക്കുന്നത്.
വിദ്യാർത്ഥികൾക്കായുള്ള ഭക്ഷ്യക്കിറ്റ്, കൈത്തറി യൂണിഫോം എന്നിവയും വിതരണത്തിനായി സ്കൂളുകളിൽ എത്തിച്ചിട്ടുണ്ട്. ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ കഴിഞ്ഞ വർഷത്തെ പഠനനിലവാരം അറിയുന്നതിനായുള്ള പഠനപുരോഗതി രേഖയും വിതരണത്തിനായി വിദ്യാലയങ്ങളിൽ എത്തിച്ചിട്ടുണ്ട്. 150 പേജുകളുളള പഠനപുരോഗതി രേഖ കഴിഞ്ഞ വർഷത്തെ ഓൺ ലൈൻ പാഠ്യപദ്ധതിയുടെ നിലവാരം അറിയുന്നതിനാണ്. അധ്യാപകരില്ലാത്ത വിദ്യാലയങ്ങളിലെ കുട്ടികൾക്കായി തൊട്ടടുത്തുള്ള വിദ്യാലയത്തിലെ അധ്യാപകരുടെ നേതൃത്വത്തിൽ ഓൺ ലൈൻ പഠന ഗ്രൂപ്പുകൾ തയ്യാറാക്കും.