സീമ ജി നായർ മഹാത്മ ജനസേവനകേന്ദ്രം രക്ഷാധികാരി

പത്തനംതിട്ട : ജീവകാരുണ്യ പ്രസ്ഥാനമായ അടൂർ മഹാത്മ ജനസേവന കേന്ദ്രത്തിന്റെ രക്ഷാധികാരിയായി ചലച്ചിത്ര നടിയും ജീവകാരുണ്യ പ്രവർത്തകയുമായ സീമ ജി നായർ ചുമതലയേറ്റു. രക്ഷാധികാരിയായിരുന്ന ആദരണീയ ചലച്ചിത്ര നടൻ നെടുമുടി വേണുവിന്റെ ദേഹ വിയോഗത്തെ തുടർന്നാണ് മഹാത്മ പുതിയ രക്ഷാധികാരിയായി സീമാ ജി നായർ വരുന്നതെന്ന് മഹാത്മ ജനസേവനകേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല പറഞ്ഞു.

നൂറ്റിയമ്പതിൽ പരം സിനിമകളിലും അമ്പതോളം സീരിയലുകളിലും വ്യത്യസ്ഥമായ വേഷങ്ങളിലൂടെ ശ്രദ്ധേയയായ സീമ തന്റെ തിരക്കുകൾക്കിടയിലും ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി സമയം കണ്ടെത്തിയിരുന്നു.

ആർട്ടിസ്റ്റുകളുടെ സംഘടനയായ കലയുടെ പ്രഥമ ജീവകാരുണ്യ പുരസ്കാരം മദർ തെരേസ അവാർഡ് നേടിയത് സീമ ജി നായരായിരുന്നു. 2014 – ൽ മികച്ച നടിക്കുളള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചിട്ടുണ്ട്. തുടക്കം മുതലേ മഹാത്മജന സേവന കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളിൽ സജ്ജീവസാന്നിദ്ധ്യവും സഹായവുമായിരുന്നു സീമ.ജി.നായർ