വിമാനത്തിൽ മൂത്രമൊഴിച്ച സംഭവം: ശങ്കർ മിശ്രയെ കമ്പനി പുറത്താക്കി

ന്യൂഡൽഹി  : വിമാനത്തിൽ ലക്കുകെട്ട്‌ സഹയാത്രികയായ വൃദ്ധയുടെ മേൽ മൂത്രമൊഴിച്ചയാളെ ജോലിയിൽ നിന്ന് പുറത്താക്കി അന്താരാഷ്ട്ര ധനകാര്യസേവന കമ്പനിയായ ‘വെൽസ്‌ ഫാർഗോ’. സ്ഥാപനത്തിന്റെ ഇന്ത്യൻ ശാഖയുടെ വൈസ്‌ പ്രസിഡന്റ് പദവിയിൽ നിന്നാണ് മുപ്പത്തിരണ്ടുകാരനായ ശങ്കർ മിശ്ര പുറത്താക്കപ്പെട്ടത്.

എന്നാൽ ശങ്കർ മിശ്രയെ ഇതുവരെ അറസ്റ്റുചെയ്യാൻ ഡൽഹി പൊലീസിനായിട്ടില്ല. വെള്ളിയാഴ്‌ച ബംഗളൂരുവിലെത്തി പൊലീസ് മിശ്രയുടെ സഹോദരിയുടെ മൊഴിയെടുത്തു. നവംബർ 26ന്‌ ന്യൂയോർക്ക്‌–- ഡൽഹി വിമാനത്തിൽ സംഭവമുണ്ടായതിനു പിന്നാലെ മിശ്ര വൃദ്ധയോട്‌ പരാതി നൽകരുതെന്ന്‌ കരഞ്ഞപേക്ഷിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു. വൃദ്ധയ്‌ക്ക്‌ നഷ്‌ടപരിഹാരം നൽകിയെന്നും എന്നാൽ ആഴ്ചകൾക്ക് ശേഷം അവരുടെ മകൾ പണം തിരിച്ചുനൽകിയെന്നും ശങ്കർ മിശ്ര അഭിഭാഷകർ വഴി മാധ്യമങ്ങളെ അറിയിച്ചു.

എയർ ഇന്ത്യക്ക്‌ കുരുക്ക്‌

വിമാനത്തിൽ സ്‌ത്രീകൾ നേരിട്ട അതിക്രമങ്ങളിൽ മറുപടി പറയാനാകാതെ എയർ ഇന്ത്യ. ഡിജിസിഎയ്ക്ക് പിന്നാലെ വനിതാ കമീഷനും റിപ്പോർട്ട് തേടി. വിമാനത്തിൽ അപമര്യാദയായ പെരുമാറ്റമുണ്ടായാൽ ഉടൻ റിപ്പോർട്ട്‌ ചെയ്യണമെന്ന്‌ ഡിജിസിഎ എല്ലാ വിമാന കമ്പനികളോടും നിർദേശിച്ചു.