അവൾ എല്ലാ ഭാഷകളും സംസാരിക്കും, സ്വീറ്റാണ്; നയൻതാരയെക്കുറിച്ച് ഷാരൂഖ് ഖാൻ

തമിഴ് സിനിമാ ലോകത്തെ ലേഡി സൂപ്പർ സ്റ്റാറാണ് നയൻതാര. തെന്നിന്ത്യൻ നായിക നടിമാരുടെ കരിയറിൽ ​ഗ്രാഫിൽ ആദ്യമായി വ്യത്യസ്തമായ പാത വെട്ടിത്തെളിച്ച താരമാണ് നയൻസ്. സൂപ്പർ സ്റ്റാർ സിനിമകളിൽ വന്നു പോവുന്ന നായികക്കപ്പുറം നയൻതാര ഇന്ന് ഒരു പുരുഷ താരത്തോടൊപ്പം തന്നെ ബോക്സ് ഓഫീസ് മൂല്യമുള്ള നടിയാണ്.തെന്നിന്ത്യൻ സിനിമകളിലെ വിലപിടിപ്പുള്ള നായിക നടിയായുള്ള നയൻതാരയുടെ വളർച്ച എളുപ്പമായിരുന്നില്ല. നടി ഇതിനകം കരിയറിൽ നേടിയെടുത്ത ഖ്യാതികളിൽ പലതും മറ്റ് പല നായികമാർക്കും അപ്രാപ്യമായി തുടരുന്നതിന് കാരണവുമിതാണ്.

തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈ പറ്റുന്ന നായികയാണ് നയൻതാര. അഞ്ച് കോടിക്കും പത്ത് കോടിക്കുമിടയിലാണ് നയൻ‌താരയുടെ പ്രതിഫലം. രണ്ട് പതിറ്റാണ്ട് പിന്നിട്ട കരിയറിൽ നടി പൂർണമായും തമിഴ്, തെലുങ്ക്, മലയാളം സിനിമകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഒരു ബോളിവുഡ് സിനിമയിലും നടി അഭിനയിച്ചിരുന്നില്ല. ആദ്യമായി നടി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ബോളിവുഡ് സിനിമ ജവാൻ ഈ വർഷം റിലീസ് ചെയ്യും. തമിഴ് സംവിധായകൻ അറ്റ്ലിയാണ് സിനിമയൊരിക്കുന്നത്. ഷാരൂഖ് ഖാനാണ് സിനിമയിലെ നായകൻ. ഷാരൂഖും നയൻതാരയും ആദ്യമായി ഒരുമിച്ചഭിനയിക്കുന്ന സിനിമയാണ് ജവാൻ.

ഇപ്പോഴിതാ നയൻതാരയെക്കുറിച്ച് ഒരു ആരാധകൻ ചോദിച്ച ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് ഷാരൂഖ്. നയൻതാരയ്ക്കൊപ്പം അഭിനയിച്ചതെങ്ങനെയുണ്ടായിരുന്നു എന്നായിരുന്നു ആരാധകന്റെ ചോദ്യം. അവൾ വളരെ സ്വീറ്റ് ആണ്. എല്ലാ ഭാഷകളും സംസാരിക്കും. നല്ല അനുഭവമായിരുന്നു. സിനിമയിൽ അവരെ നിങ്ങളിഷ്ടപ്പെടുമെന്ന് കരുതുന്നു എന്നാണ് ഷാരൂഖ് നൽകിയ മറുപടി. നേരത്തെ ഷാരൂഖിന്റെ ചെന്നെെ എക്സ്പ്രസ് എന്ന സിനിമയിൽ ഡാൻസ് നമ്പർ ചെയ്യാൻ നയൻതാരയെ ക്ഷണിച്ചിരുന്നു. എന്നാൽ നടി ഈ ഓഫർ നിരസിക്കുകയാണുണ്ടായത്.

പകരം പ്രിയാമണി ആണ് ഈ ​ഗാന രം​ഗത്തിൽ അഭിനയിച്ചത്. മനസ്സിനക്കരെ എന്ന സത്യൻ അന്തിക്കാടിന്റെ സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് നയൻതാര വരുന്നത്. പിന്നീട് ഒരുപിടി മലയാള സിനിമകളിൽ അഭിനയിച്ചെങ്കിലും വലിയ സ്വീകാര്യത നയൻസിന് മലയാളത്തിൽ നിന്നും ലഭിച്ചില്ല.രാജാ റാണി മായ, നാനും റൗഡി താൻ, തനി ഒരുവൻ, ഇരുമുഖൻ തുടങ്ങിയ ഹിറ്റ് സിനിമകൾ പിറക്കുന്നത് ഇക്കാലഘട്ടത്തിലാണ്. തുടരെ ഹിറ്റുകളടിച്ചതോടെ നയൻസ് താരമായി മാറി. അതേസമയം നിലവിൽ നയൻതാരയ്ക്ക് പരാജയ സിനിമകളേറെയാണ്. മലയാളത്തിൽ അടുത്തിടെയിറങ്ങിയ നയൻസിന്റെ ഒരു സിനിമയും വിജയിച്ചിട്ടില്ല. ​നിഴൽ, ​ഗോൾഡ് എന്നീ സിനിമകൾ പരാജയമായിരുന്നു, തമിഴിലും നടിക്ക് അടുത്ത കാലത്തൊന്നും ഹിറ്റുകളില്ല. ഒടുവിൽ‌ പുറത്തിറങ്ങിയ കണക്ട് ശ്രദ്ധ നേടിയില്ല. ഹൊറർ പശ്ചാത്തലത്തിലൊരുങ്ങിയ സിനിമയായിരുന്നു കണക്ട്. ജവാന് ശേഷം രണ്ട് സിനിമകൾക്ക് കൂടി നടി ഒപ്പു വെച്ചതായാണ് കഴിഞ്ഞ ദിവസം പുറത്തു വന്ന റിപ്പോർട്ട്.