തുടര്‍ചലനങ്ങള്‍ സൃഷ്ടിച്ച് തരൂര്‍; തരംഗം തടയാന്‍ നേതൃത്വം

അച്ചടക്കനടപടിക്കെണിയില്‍ വീഴാതിരിക്കാന്‍ സൂക്ഷിച്ചാണ് തരൂരിന്റെയും നീക്കം. കോണ്‍ഗ്രസ് നയങ്ങള്‍ക്കെതിരേ അദ്ദേഹമൊന്നും സംസാരിക്കുന്നില്ല. സംഘപരിവാറിനെതിരായ നിലപാടുകളിലൂന്നിയാണ് പ്രസംഗം.

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തില്‍ കൂടുതല്‍ ഇടംതേടി ശശി തരൂരിന്റെ പര്യടനം സജീവമാകുമ്പോള്‍ സംസ്ഥാന കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ അത് ചലനം സൃഷ്ടിച്ചു.തരൂരിനെതിരേ മുതിര്‍ന്ന നേതാക്കളിലേറെപ്പേരും നിലകൊള്ളുമ്പോള്‍, പുതുതലമുറയാണ് അദ്ദേഹം സൃഷ്ടിക്കുന്ന തരംഗത്തില്‍ ആകൃഷ്ടരാകുന്നത്.അപ്രതീക്ഷിതമായി കൈവരുന്ന പിന്തുണ ഊര്‍ജമാക്കി മാറ്റാനാണ് തരൂര്‍ ക്യാമ്പിന്റെ ശ്രമം.പ്രമുഖരെ സന്ദര്‍ശിച്ച് സംസ്ഥാനത്ത് ചുവടുറപ്പിക്കുന്നതിന്റെ സൂചന നല്‍കുന്ന തരൂര്‍ തലശ്ശേരി ബിഷപ്പിനെയും മറ്റും കണ്ടു. എന്‍.എസ്.എസ്. പരിപാടിയില്‍കൂടി പങ്കെടുക്കുന്നതിലൂടെ ആദ്യഘട്ടം വിജയകരമാകുമെന്നാണ് തരൂര്‍ ക്യാമ്പിന്റെ വിശ്വാസം. സംഘപരിവാറിനെതിരായ നിലപാടുകളില്‍ നേരത്തേതന്നെ തരൂരിനോട് ആഭിമുഖ്യമുള്ള മുസ്ലിം ലീഗ് നേതൃത്വവുമായി ബന്ധം ഊട്ടിയുറപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

സംസ്ഥാനനേതൃത്വത്തില്‍ ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കാന്‍ കഴിയുന്ന നേതാവ് വേണമെന്ന പ്രചാരണമാണ് അദ്ദേഹത്തോടൊപ്പമുള്ളവര്‍ നടത്തുന്നത്. പ്രതിപക്ഷപ്രവര്‍ത്തനം പോരെന്നാണ് അവരുടെ പക്ഷം. അച്ചടക്കനടപടിക്കെണിയില്‍ വീഴാതിരിക്കാന്‍ സൂക്ഷിച്ചാണ് തരൂരിന്റെയും നീക്കം. കോണ്‍ഗ്രസ് നയങ്ങള്‍ക്കെതിരേ അദ്ദേഹമൊന്നും സംസാരിക്കുന്നില്ല. സംഘപരിവാറിനെതിരായ നിലപാടുകളിലൂന്നിയാണ് പ്രസംഗം.

തരൂരിനുമുമ്പില്‍ ഒട്ടേറെ ചോദ്യങ്ങള്‍

തുടക്കത്തിലുണ്ടാകുന്ന ചലനങ്ങള്‍ക്കപ്പുറം തരൂരിന് എത്രദൂരം സഞ്ചരിക്കാനാകുമെന്ന ചോദ്യം ഉയരുന്നുണ്ട്. പ്രത്യേകിച്ചുസംഘടനാപരമായ പിന്തുണയില്ലാതെ. സംസ്ഥാന വിഷയങ്ങളില്‍ അദ്ദേഹത്തിന് എത്രത്തോളം സജീവമാകാനാകും ? പ്രക്ഷോഭങ്ങളിലും പ്രതിപക്ഷപ്രവര്‍ത്തനങ്ങളിലും അദ്ദേഹത്തിന് എത്രത്തോളം സജീവമാകാനാകും ? പ്രക്ഷോഭങ്ങളിലും പ്രതിപക്ഷപ്രവര്‍ത്തനങ്ങളിലും അദ്ദേഹത്തിന് പങ്കുചേരാനാകുമോ ? വിശ്വപൗരനായി നില്‍ക്കുന്ന തരൂരിന് അടിത്തട്ടിലെ പ്രവര്‍ത്തനത്തിന് എത്രത്തോളം സമയം കിട്ടും ? ഇത്തരം ചോദ്യങ്ങള്‍ ഒട്ടേറെയാണ്. എന്നാല്‍, കോണ്‍ഗ്രസ് നേതൃനിരയിലേക്ക് ഉയര്‍ന്നുവരാന്‍ ഇതിനൊന്നിനും ഉത്തരം കണ്ടെത്തേണ്ടതില്ലെന്നാണ് പാര്‍ട്ടിയിലെ കീഴ്‌വഴക്കങ്ങള്‍ പറഞ്ഞുതരുന്നത്.

READ ALSO  തൃശൂര്‍ ലോകസഭാ മണ്ഡലത്തിലേക്ക് സ്വതന്ത്ര്യ സ്ഥാനാര്‍ഥിയായി തമിഴ്‌നാട് സേലം സ്വദേശി ഡോ. കെ. പത്മരാജൻ