ശ്രീനഗർ : അതിശൈത്യം പിടിമുറുക്കിയ ജമ്മു കശ്മീരിൽ വെള്ളിയാഴ്ച ശ്രീനഗർ–– ജമ്മു ദേശീയ പാത അടച്ചു. വിമാന സർവീസും റദ്ദാക്കി. വിനോദസഞ്ചാര കേന്ദ്രങ്ങളായ പഹൽഗാം, ഗുൽമാർഗ്, അനന്ത്നാഗ്, കുൽഗാം, ഷോപിയാൻ, പുൽവാമ, ബുദ്ഗാം, കുപ്‌വാര, ഗന്ദർബാൽ, ശ്രീനഗർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മൈനസാണ് താപനില. താഴ്‌വരയിലേക്കുള്ള പ്രവേശന കവാടമായ ഖാസിഗുണ്ടിൽ മൈനസ് 0.6 ഡിഗ്രിയും കുപ്‌വാരയിൽ മൈനസ് 1.5 ഡിഗ്രിയും രേഖപ്പെടുത്തി. ബാരാമുള്ള ജില്ലയിലെ ഗുൽമാർഗിൽ കുറഞ്ഞ താപനില മൈനസ് 7.6 ഡിഗ്രിയാണ്. 23 മുതൽ 25 വരെ വിവിധയിടങ്ങളിൽ മഴയും ഉയർന്ന പ്രദേശങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയുമായിരിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നത്. സഞ്ചാരികളടക്കമുള്ളവർക്ക് നിയന്ത്രണമുണ്ട്.
ഹിമാചൽപ്രദേശിലും അതിശൈത്യം ജനജീവിതത്തെ ബാധിച്ചു. സംസ്ഥാനത്തെ 278 റോഡുകൾ അടച്ചു. ജലോരി ജോട്, റൊഹ്‌താങ് പാസ് ഉൾപ്പെടെ ദേശീയപാത മൂന്ന്, 305, 505 തുടങ്ങിയ പാതകളും തടസ്സപ്പെട്ടു. മണാലി, ഗോഹർ, ടിൻഡർ , നഹാൻ, ഭുണ്ടാർ മേഖലകളിൽ 16 മുതൽ അഞ്ചു മില്ലീമീറ്റർവരെ മഴയുമുണ്ട്.